എട്ടുവയസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ടുമണിക്കൂര്‍; ബോറടിമാറ്റിയ തന്ത്രം കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്
പതിവ് പോലെ എമർജൻസി ബട്ടൺ അമർത്തിയും വാതിലിൽ മുട്ടിയും ഗാര്‍വിറ്റ് സഹായം അഭ്യർത്ഥിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം വിഫലമായി. എന്നാൽ ഈ സമയം പരിഭ്രാന്തൻ ആകുന്നതിന് പകരം ആ എട്ട് വയസുകാരന്‍റെ ശ്രദ്ധ മറ്റൊന്നിലായി.
അബദ്ധത്തില്‍ പോലും ലിഫ്റ്റിൽ കുടുങ്ങിക്കിടക്കാന്‍ ആരും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. എത്ര ധൈര്യശാലി ആണെങ്കിൽ പോലും അത്തരമൊരു സന്ദർഭത്തിൽ ഒന്ന് പതറിപ്പോകും. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള ആശങ്ക മനസ്സിൽ നിറയും. അതോടെ ഭയം ഇരട്ടിക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഫരീദാബാദിലെ ഒരു ലിഫ്റ്റിൽ കുടുങ്ങിപ്പോയ എട്ട് വയസ്സുകാരൻ ആ സാഹചര്യത്തോട് പ്രതികരിച്ചത്. ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ പരിഭ്രാന്തൻ ആകുന്നതിന് പകരം ആ ഭയത്തിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാനും തന്‍റെ ബോറടി മാറ്റാനും അവൻ കണ്ടെത്തിയത് വിചിത്രമായ മറ്റൊരു മാർഗ്ഗമായിരുന്നു. എന്താണെന്നല്ലേ? അതിനെ കുറിച്ചാണ്.
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ആ എട്ട് വയസുകാരന്‍ നിശ്ചലമായ ആ ലിഫ്റ്റിലിരുന്ന് തന്‍റെ ഹോം വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുകയായിരുന്നു. ഫരീദാബാദിലെ ഒമാക്സ് ഹൈറ്റ്‌സ് സൊസൈറ്റിയിൽ നടന്ന ഈ സംഭവം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ അഭിനന്ദനങ്ങളാണ് ഈ എട്ട് വയസ്സുകാരനെ തേടിയെത്തുന്നത്. ലിഫ്റ്റിന്‍റെ പരിമിതമായ സ്ഥലത്ത്, ഏകദേശം രണ്ട് മണിക്കൂറോളമാണ് ആ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കുടുങ്ങിക്കിടന്നത്. ഗുരുഗ്രാമിലെ പവൻ ചാന്ദില എന്നയാളുടെ മകനാണ് ഗാർവിറ്റ് എന്ന ഈ കൊച്ചു മിടുക്കൻ. അപ്പാർട്ട്മെന്‍റിന്‍റെ നാലാം നിലയിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ ഗാർവിറ്റ് ട്യൂഷന് വേണ്ടി താഴത്തെ നിലയിലേക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്.
തന്‍റെ സമ്മതമില്ലാതെ കുഞ്ഞിനെ സഹോദരി മുലയൂട്ടി; യുവതിയുടെ പരാതിയില്‍ 'നട്ടംതിരിഞ്ഞ്' പോലീസ് !
എല്ലാ ദിവസവും അമ്മയായിരുന്നു ഗാർവിറ്റിനെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടാക്കിയിരുന്നതെങ്കിലും അന്ന് അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാൽ അവൻ തനിച്ചായിരുന്നു ലിഫ്റ്റില്‍ താഴേക്ക് പോയത്. ഈ സമയത്ത് ലിഫ്റ്റ് തകരാറിലാവുകയും കുട്ടി അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. പതിവ് പോലെ എമർജൻസി ബട്ടൺ അമർത്തിയും വാതിലിൽ മുട്ടിയും ഗാര്‍വിറ്റ് സഹായം അഭ്യർത്ഥിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം വിഫലമായി. എന്നാൽ ഈ സമയം പരിഭ്രാന്തൻ ആകുന്നതിന് പകരം അവൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്കൂളില്‍ നിന്നും കൊടുത്തയച്ച ഹോം വര്‍ക്കുകള്‍ അവന്‍ ചെയ്തു തുടങ്ങി.
ഒടുവില്‍ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഗാർവിറ്റ് ക്ലാസ്സിൽ എത്തിയിട്ടില്ലെന്ന് ട്യൂഷൻ ടീച്ചർ പവൻ ചാന്ദിലയെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. പിന്നീട് സാങ്കേതിക വിദഗ്ധരെ വിളിച്ച് വരുത്തി, രാത്രി 7 മണിയോടെ പ്രശ്നം പരിഹരിച്ച് ഗാർവിറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായപ്പോള്‍ പേടിച്ചോയെന്ന മാതാപിക്കാളുടെ ചോദ്യത്തിന് താൻ, ബോറടി മാറ്റാൻ ലിഫ്റ്റിനുള്ളിൽ ഇരുന്ന് ഹോം വര്‍ക്ക് ചെയ്യുകയായിരുന്നു എന്നാണ് ഈ എട്ട് വയസ്സുകാരൻ മറുപടി പറഞ്ഞത്. പിന്നാലെ അസോസിയേഷനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. കുട്ടി ലിഫ്റ്റില്‍ കുടുങ്ങിയെന്ന് അറിഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കാന്‍ അസോസിയേഷന്‍ തയ്യാറായില്ലെന്നും സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ലിഫ്റ്റ് നന്നാക്കാന്‍ അസോസിയേഷന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടെന്നും ആരോപണം ഉയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക