'ആകാശം കീഴടക്കാൻ പറന്നു, പക്ഷേ വെടിയേറ്റ് വീണു'; തഖിയുദ്ദീൻ, യൂസഫ് അലിക്കും മുന്നേ ലോകമറിഞ്ഞ മലയാളി വ്യവസായി!
ഒരു ചുവന്ന മാരുതി ഓമ്നി വാൻ തഖിയുദ്ദീൻ വാഹിദിന്റെ കറുത്ത ബെൻസിനു കുറുകെ നിർത്തി. അതിലുണ്ടായിരുന്നവർ വാഹിദിന് നേരെ തുരുതുരാ വെടിയുതിർത്തു തുടങ്ങി. മുപ്പത് വെടിയുണ്ടകളാണ് അന്ന് വാഹിദിന്റെ ശരീരത്തിൽ അവർ നിക്ഷേപിച്ചത്.
ലോകമറിയുന്നൊരു മലയാളി വ്യവസായി? അങ്ങനെ കേൾക്കുമ്പോൾ പെട്ടെന്നോർമ്മ വരുന്ന പേര് എംഎ യൂസഫലിയുടേതാകും. പക്ഷേ അതിനും മുമ്പ് ലോകമറിഞ്ഞ മറ്റൊരു മലയാളിയായ വ്യവസായി ഉണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ യൂസഫലിയെക്കാൾ ധനികനും പ്രശസ്തനുമൊക്കെ ആകുമായിരുന്നു ഒരാൾ. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഉടമയായിരുന്ന തഖിയുദ്ദീൻ അബ്ദുൽ വാഹിദ് എന്ന തിരുവനന്തപുരംകാരൻ.
ക്യാപ്റ്റൻ ജി ആർ ഗോപിനാഥ് ഇന്ത്യയിലെ ആദ്യ ബജറ്റ് എയർലൈനായ എയർ ഡെക്കാൻ സ്ഥാപിക്കുന്നതിനും ഒരു ദശാബ്ദം മുമ്പുതന്നെ ആകാശത്ത് തഖിയുദ്ദീൻ തന്റെ സാമ്രാജ്യം പടുത്തുയർത്തിയിരുന്നു. 'സൂരറൈ പോട്രു' എന്ന സിനിമയിലൂടെ ജിആർ ഗോപിനാഥിന്റെ ജീവിതം കണ്ടവരിൽ പലരും തഖിയുദ്ദീനെ ഓർത്തു. ഈസ്റ്റ് വെസ്റ്റ് എയർലൈൻസെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തെയും. വർക്കലയിലെ ഉണക്കമീൻ വ്യാപാരിയായിരുന്ന അബ്ദുൽ വാഹിദ് മുസ്ലിയാരുടെ മകൻ തഖിയുദ്ദീൻ ഇന്ത്യയിലെതന്നെ അതിസമ്പന്നന്മാരിൽ ഒരാളായി മാറിയതും തന്റെ ബിസിനസിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ ദാരുണമായി, ദുരൂഹമായി കൊല്ലപ്പെട്ടതും എല്ലാം കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടായിരുന്നു.
1952 ഡിസംബർ 28 നാണ് തിരുവനന്തപുരം ഇടവയിൽ ഓടയത്ത് കോട്ടുവിളാകം ഹാജി അബ്ദുൽ വാഹിദ് മുസ്ലിയാരുടെയും സൽമ ബീവിയുടെയും 11 മക്കളിൽ ഒരാളായി തഖിയുദ്ദീൻ അബ്ദുൽ വാഹിദ് ജനിക്കുന്നത്. കടലിൽനിന്ന് പിടിക്കുന്ന മീനുകൾ ഒന്നിച്ചുവാങ്ങി ഉണക്കി വിദേശത്തേക്ക് കയറ്റിയയക്കുന്ന ബിസിനസായിരുന്നു അബ്ദുൽ വാഹിദ് മുസ്ലിയാർക്ക്. അതുകൊണ്ടുതന്നെ വ്യാപാരവും വ്യവസായവുമൊക്കെ തഖിയുദ്ദീന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. 1970 കളിൽ പിതാവിന്റെ ബിസിനസ് തഖിയുദ്ദീന്റെ സഹോദരൻ നസീറുദ്ദീൻ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാൻ തുടങ്ങി. ഇക്കാലയളവിൽ തഖിയുദ്ദീനും സഹോദരനൊപ്പം ചേർന്ന് ബിസിനസിൽ പങ്കാളിയായി. നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള തഖിയുദ്ദീന്റെ കഴിവ് ബിസിനസിൽ അവർക്ക് ഏറെ ഗുണപ്പെട്ടു.
(നസീറുദ്ദീൻ)
ആളുകളോട് നന്നായി ആശയവിനിമയും നടത്താനുള്ള അദ്ദഹത്തിന്റെ ശേഷിയും നന്നായി പ്രസംഗിക്കാനുള്ള കഴിവുമെല്ലാം ബിസിനസിലെ മുതൽക്കൂട്ടായി. ഒരിക്കൽ ബോംബെ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽനിന്ന് കണ്ടുകിട്ടിയ ഒരു പേഴ്‌സ് നസീറുദ്ദീൻ ഉടമയായ അറബിയെ തേടിപ്പിടിച്ച് കണ്ടെത്തി തിരികെ ഏൽപ്പിച്ചു. ബഹ്‌റൈനിലെ അൽ ആലി വാണിജ്യഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളായ അഹമ്മദ് മൻസൂർ അൽ ആലി ആയിരുന്നു അത്. നസീറുദ്ദീന്റെ ഈ പ്രവർത്തിയിൽ താല്പര്യംതോന്നിയ അഹമ്മദ് മൻസൂർ അദ്ദേഹത്തിന് ബഹറിനിൽ വലിയൊരു ജോലി വാഗ്ദാനം ചെയ്തു. എന്നാൽ ജോലിക്ക് പകരം കമ്പനിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാറായിരുന്നു നസീറുദ്ധീൻ ആവശ്യപ്പെട്ടത്. ഇത് അഹമ്മദ് മൻസൂർ അൽ ആലിക്കും ബോധിച്ചതോടെ ലൈസൻസ് നേടി നസീറുദ്ധീൻ റിക്രൂട്ട്മെന്റ് ആരംഭിച്ചു. സഹായത്തിന് സഹോദരനായ തഖിയുദ്ദീനെയും കൂട്ടി.
1980 ലാണ് മുംബൈയിലെ ദാദറിൽ ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ് എന്ന പേരിൽ അവരുടെ റിക്രൂട്ടിങ് ആൻഡ് ട്രാവൽ ഏജൻസി തുടങ്ങുന്നത്. കേരളത്തിലെ വലിയൊരു ശതമാനത്തിന്റെയും ഉള്ളിൽ ഗൾഫ് മോഹങ്ങൾ ഉദിച്ചുയർന്ന കാലമായിരുന്നു അത്. നിരവധി പേരാണ് ദിനംപ്രതിയെന്നോണം ഗൾഫിലേക്കെത്തിപ്പെടാൻ എന്തെങ്കിലും വഴി തേടി മുംബൈയിലേക്കെത്തുന്നത്. അവരിൽ ഭൂരിഭാഗവും പേർക്കും പലവിധ കെണികളിൽ വീണും വഞ്ചിക്കപ്പെട്ടും പണം നഷ്ടമായി. ചിലർ കൊള്ളലാഭത്തിന് അവരെ കടൽ കടത്തി. പക്ഷേ നസീറുദീനും തഖിയുദ്ദീനും ഒരാശ്രയവുമില്ലാത്ത ആ പാവങ്ങളെ പറ്റിക്കാനല്ല മുതിർന്നത്. കുറഞ്ഞ നിരക്കിൽ അവരുടെ ഗൾഫ് സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനാണ്. പിടിച്ചുപറിയും പകൽക്കൊള്ളയുമില്ലാതെ അവർ സാധാരണക്കാരെ ഗൾഫിലേക്കെത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയ വിശ്വാസ്യത നേടാൻ ഈസ്റ്റ് വെസ്റ്റ് ട്രാവൽ ഏജൻസിക്കായി. സ്ഥാപനം വലിയ വളർച്ചയിലേക്ക് കുതിച്ചു. 1986 ൽ എയർ ഇന്ത്യയുടേയും ഗൾഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജൻസിയായി ഈസ്റ്റ് വെസ്റ്റ് മാറി.
1991 ഇന്ത്യയിൽ ആഗോളവൽക്കരണം തുടങ്ങുകയും സാമ്പത്തിക മേഖല വിശാലമാകുകയും ചെയ്ത കാലം. ഈ സമയത്ത് ഏറ്റവും ശ്രദ്ധേയമായ പരിവർത്തനങ്ങളുണ്ടായത് വ്യോമയാന മേഖലയിലായിരുന്നു. 1992 ൽ ഈ മേഖലയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഓപ്പൺ എയർ പോളിസി പ്രഖ്യാപിച്ചു. വ്യോമയാന മേഖലയിലെ എയർ ഇന്ത്യയുടെ കുത്തകയ്ക്ക് അവസാനമിടുകയും സ്വകാര്യ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി നൽകുകയുമായിരുന്നു ഈ ഓപ്പൺ എയർ പോളിസിയുടെ ലക്ഷ്യം. ടാറ്റയേയും ബിർളയെയും പോലുള്ള വമ്പന്മാരടക്കം നിരവധി പേർ ലൈസൻസ് കൈക്കലാക്കാൻ മത്സരിച്ചു. ആദ്യം ലൈസൻസ് കിട്ടിയ കമ്പനികളിലൊന്ന് ഈസ്റ്റ് വെസ്റ്റ് എയർലൈൻസായിരുന്നു. ഗൾഫ് നാടുമായി വർഷങ്ങളോളമുള്ള തഖിയുദ്ദീന്റെ അടുത്ത ബന്ധം ഇതിനവരെ സഹായിച്ചു. മറ്റെല്ലാവരെയും മറികടന്ന് ആദ്യം സർവീസ് ആരംഭിക്കാൻ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിനായി.
ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് നരേഷ് ഗോയലിന്റെ ജെറ്റ് എയർവെയ്സുമെത്തുന്നത്. പക്ഷേ ഈസ്റ്റ് വെസ്റ്റിനോട് മത്സരിക്കാൻ അന്നൊന്നും ജെറ്റ് എയർവേസിന് സാധിച്ചില്ല. തഖിയുദ്ദീന്റെയും സഹോദരന്റെയും ആസൂത്രണങ്ങളും ബിസിനസ് തന്ത്രങ്ങളുമെല്ലാം അത്രയും മികച്ചതായിരുന്നു. ഗൾഫ് യുദ്ധത്തിന്റെ പ്രത്യാഘാതമായുണ്ടായ എണ്ണവില വർധനയിൽ പതറിയ വിമാനക്കമ്പനികൾ കുറഞ്ഞ വാടകയ്ക്ക് വിമാനം നൽകാൻ തയാറായി. വാഹിദ് സഹോദരന്മാർ ഗിന്നസ് പീറ്റ് ഏവിയേഷനിൽനിന്ന് വിമാനങ്ങൾ വാടകയ്‌ക്കെടുത്തു. 35 കോടി രൂപ മുതൽമുടക്കിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് അവരുടെ പ്രവർത്തനം ആരംഭിച്ചു.
1992 ഫെബ്രുവരി 28 - ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 എന്ന ആദ്യ വിമാനം കൊച്ചിയിലേക്ക് പറന്നു. അങ്ങനെ ഇന്ത്യയിലെ ആദ്യ സ്വകാര്യ എയർലൈൻ അവിടെ ചിറകുവിരിച്ചു. ഇന്ത്യൻ എയർലൈൻസിനേക്കാൾ 20% കുറവായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ ടിക്കറ്റ് നിരക്ക്. ഈസ്റ്റ് വെസ്റ്റ് പ്രവർത്തനം ആരംഭിച്ച 1992 ൽ ഇന്ത്യൻ എയർ ലൈൻസ് 150 കോടിയിലധികം നഷ്ടം നേരിടേണ്ടി വന്നപ്പോൾ 8 കോടിയായിരുന്നു ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ലാഭം. രാജ്യത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും വ്യവസായികളും അഭിനേതാക്കളുമടക്കം എല്ലാവരും യാത്രയ്ക്കായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസിനെ തെരഞ്ഞെടുത്തു. ഈസ്റ്റ് വെസ്റ്റിന്റെ പ്രിയപ്പെട്ട യാത്രക്കാരിലൊരാളായിരുന്ന മദർ തെരേസയുടെ കാരുണ്യപ്രവർത്തനങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ എല്ലാ വിമാനങ്ങളിലും അവർക്ക് സൗജന്യമായാണ് ടിക്കറ്റ് നൽകിയിരുന്നത്.
വൈകാതെ മൂന്ന് ബോയിങ് 737 വിമാനങ്ങളുമായി ആരംഭിച്ച കമ്പനി ആറുമാസത്തിനിപ്പുറം 12 സെക്ടറുകളുമായി സർവീസ് വ്യാപിപ്പിച്ചു. ഏഷ്യയിലെത്തന്നെ നമ്പർ വൺ ട്രാവൽ ഏജൻസിയായി ഈസ്റ്റ് വെസ്റ്റ് മാറി. മികച്ചതും സമയനിഷ്ഠവുമായ സേവനവും കുറഞ്ഞ നിരക്കും യാത്രക്കാരുടെ മനം മയക്കുന്ന ഓഫറുകളുമെല്ലാം ഈസ്റ്റ് വെസ്റ്റിനെ ദിനംപ്രതി കൂടുതൽ ജനപ്രിയമാക്കി. ശമ്പള വർധന ആവശ്യപ്പെട്ട് ഇന്ത്യൻ എയർലൈൻസ് പൈലറ്റുമാർ സമരം നടത്തിയപ്പോൾ കേന്ദ്രം ഈസ്റ്റ് വെസ്റ്റിനു കൂടുതൽ റൂട്ടുകൾ നൽകി അവരെ ആശ്രയിക്കാൻ തുടങ്ങി. കൂടുതൽ വിമാനങ്ങൾ വാടകയ്‌ക്കെടുത്ത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആകാശം അവരുടേതാക്കി മാറ്റി.
കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും തഖിയുദ്ദീന്റെ ബിസിനസ് സാമ്രാജ്യങ്ങൾ വിപുലപ്പെട്ടു. ഈ കാലയളവിൽ നരേഷ് ഗോയലിന്റെ ജെറ്റ് എയർവേസുമായി പ്രത്യക്ഷമായ മത്സരത്തിന് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന് ഇറങ്ങേണ്ടി വന്നു. തഖിയുദ്ദീൻ പണം നൽകി ഏർപ്പെട്ട ഒരു കരാർ അവസാന നിമിഷം അദ്ദേഹത്തിന് നഷ്ടമാകുകയും അത് ഗോയലിന്റെ കമ്പനിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ ഗോയലിന്റെ സ്ഥാപനത്തിനുണ്ടായ പ്രതിസന്ധികളിൽ അവരെ സഹായിക്കാൻ തഖിയുദ്ദീൻ ഒരു മടിയും കാണിച്ചില്ല എന്നത് അദ്ദേഹത്തിന്റെ കീർത്തിയും സ്ഥാപനത്തിന്റെ പേരും പെരുമയും വീണ്ടും കൂട്ടിയതേയുള്ളൂ. ഗോയലിന്റെ ചാരനായ ഒരാൾ തഖിയുദ്ദീന്റെ സ്ഥാപനത്തിൽ ജോലിക്കെത്തുകയും മാസങ്ങൾ കൂടെനിന്നശേഷം അയാൾ തിരികെ ഗോയലിന്റെ സ്ഥാപനത്തിലേക്ക് മടങ്ങുകയും ചെയ്തു.
ഇങ്ങനെ ജെറ്റ് എയർവേസും ഈസ്റ്റ് വെസ്റ്റ് എയർലൈനും പരസ്പരം മത്സരിച്ചപ്പോഴൊക്കെ ആത്യന്തികമായ വിജയം തഖിയുദ്ദീനും ഈസ്റ്റ് വെസ്റ്റിനുമൊപ്പമായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും തഖിയുദ്ദീന് പല തിരിച്ചടികളും നേരിടേണ്ടി വന്നു. പല നിയമതടസങ്ങളും ഈസ്റ്റ് വെസ്റ്റിനു മുന്നിൽ കുരുക്കായപ്പോഴും ജെറ്റ് എയർവെയ്സിനെ അതൊന്നും ബാധിച്ചില്ല. തനിക്ക് മാത്രമാണ് ഈ തടസങ്ങളുണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴും സംയമനത്തോടെ തന്റെ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും അതിനെ വിപുലപ്പെടുത്താൻ ശ്രമിക്കുകയുമാണ് തഖിയുദ്ധീൻ ചെയ്തത്. മുംബൈയിലെ അധോലോക നേതാക്കളുമായി പണമിടപാട് നടത്തിയെന്ന തരത്തിൽ തഖിയുദ്ദീനെതിരെ ഉയർന്ന ആരോപണങ്ങളെയും അദ്ദേഹം സധൈര്യം നേരിട്ട, അവയെല്ലാം അതിജീവിച്ചു. 1994 ൽ ഈസ്റ്റ് വെസ്റ്റ് ഇന്ത്യയിൽ ആദ്യമായി ഷെഡ്യൂൾഡ് റൂട്ടുകൾ ലഭിക്കുന്ന എയർലൈൻസായി. ഈ കാലയളവുകളിലെല്ലാം തഖിയുദ്ദീന് നേരെ വധഭീഷണികൾ വന്നുകൊണ്ടിരുന്നു. പക്ഷേ എല്ലാം എതിരാളികളുടെ ഭീഷണി മാത്രമായി കണ്ട തഖിയുദ്ധീൻ ഒന്നും കാര്യമായെടുത്തില്ല.
1995 ഒക്ടോബർ, ഈസ്റ്റ് വെസ്റ്റ് അതിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും ഉയർന്ന വരുമാനമുണ്ടാക്കിയത് ആ മാസമായിരുന്നു. പക്ഷേ അതിനു തുടർച്ചയുണ്ടാക്കാൻ തഖിയുദ്ദീന് കഴിഞ്ഞില്ല. തൊട്ടടുത്ത മാസം നവംബർ 13 ന് ഓഫീസിൽനിന്നു വീട്ടിലേക്കുള്ള യാത്രാമധ്യേ, കാറിലെത്തിയ ഒരു സംഘം അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി. ഒരു ചുവന്ന മാരുതി ഓമ്നി വാൻ തഖിയുദ്ദീൻ വാഹിദിന്റെ കറുത്ത ബെൻസിനു കുറുകെ നിർത്തി. അതിലുണ്ടായിരുന്നവർ വാഹിദിന് നേരെ തുരുതുരാ വെടിയുതിർത്തു തുടങ്ങി. മുപ്പത് വെടിയുണ്ടകളാണ് അന്ന് വാഹിദിന്റെ ശരീരത്തിൽ അവർ നിക്ഷേപിച്ചത്. വാഹിദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മുംബൈ അധോലോകത്തിലെ രണ്ട് സംഘങ്ങളുടെ കുടിപ്പകയുടെ ഇരയായി തഖിയുദ്ധീൻ മാറിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ദാവൂദ് ഇബ്രാഹിമിനെ സഹായിക്കുന്നുവെന്നും, സമാഹായത്തിന്റെ പേരിൽ ചോട്ടാ രാജന്റെ സംഘമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബം ഇത് നിഷേധിച്ചിട്ടും കൂടുതൽ അന്വേഷണങ്ങൾക്ക് പൊലീസ് തയാറായില്ല. മുംബൈ അധോലോകത്തിന്റെ നിരവധി കൊലപാതക പരമ്പരകളിലൊന്നായി തഖിയുദ്ധീന്റെ കൊലപാതകവും മാറി.
പക്ഷേ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പൊലീസ് പുലർത്തിയ അനാസ്ഥയും തഖിയുദ്ധീന്റെ സഹോദരൻ പ്രതികളെ കണ്ടെത്താൻ നടത്തിയ സമാന്തരമായ ശ്രമം പൊലീസ് ഇടപെട്ട് നിർത്തിച്ചതുമെല്ലാം ഇന്നും ദുരൂഹമായി തുടരുന്നു. രാജ്യത്തെ തന്നെ ഉന്നതനായ ഒരു വ്യവസായിയായിട്ടുപോലും തഖിയുദ്ധീന്റെ കൊലപാതകത്തിനോ അന്വേഷണത്തിനോ ഒരു പ്രാധാന്യവും ലഭിച്ചില്ല എന്നതും ഏറെ അമ്പരപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം ഈസ്റ്റ് വെസ്റ്റി എയർലൈൻസിനെ നടത്തിക്കൊണ്ടുപോകാൻ സഹോദരൻ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. അതിനുപിന്നിലും പലരുടെയും ഇടപെടലുകളുണ്ടായതായി വിവരങ്ങളുണ്ട്.
അങ്ങനെ 1996 ഓഗസ്റ്റ് 8 ന് രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ സർവീസുകൾ നിലച്ചു. 1997 ൽ ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽനിന്നുതന്നെ ആ പേര് എന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു. രാജ്യം കണ്ട ഏറ്റവും മികച്ച വ്യവസായികളിലൊരാളായ തഖിയുദ്ദീൻ അബ്ദുൽ വാഹിദും അദ്ദേഹം ആകാശത്തോളം കെട്ടിപ്പൊക്കിയ സാമ്രാജ്യവും ഒരു സ്വപ്നംപോലെ പൊലിഞ്ഞു വീണു. ഇന്നും തഖിയുദ്ദീന്റെ കൊലപാതകം ഉത്തരമില്ലാത്തൊരു ചോദ്യമാണ്. അന്നത്തെ ദുരൂഹതകളിൽ ഒന്നിന്റെ പോലും ചുരുൾ ഇത്ര വർഷങ്ങൾക്കിപ്പുറവും അഴിഞ്ഞിട്ടില്ല.
ആകാശം കീഴടക്കാനിറങ്ങിയ തിരുവനന്തപുരംകാരൻ തെരുവിൽ വെടിയേറ്റ് വീണതെങ്ങനെ?