കാറിൽ സെൽഫ് ഡ്രൈവിം​ഗ് സംവിധാനം, സിനിമ കണ്ടും ഉറങ്ങിയും ഡ്രൈവർ, രൂക്ഷവിമർശനം

ഡ്രൈവറും യാത്രക്കാരനും മുൻ സീറ്റുകളിൽ പുതച്ച് കിടന്ന് സിനിമ കാണുന്നതും ഉറങ്ങുന്നതും വീഡിയോയില്‍ കാണാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അവരുടെ കാർ മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗതയിലാണ് ഹൈവേയിലൂടെ കുതിക്കുന്നത്. 

driver using self driving system and sleeping and watching movie in china

കാറിലെ സെൽഫ് ഡ്രൈവിം​ഗ് സിസ്റ്റം ഉപയോ​ഗിച്ച് ഡ്രൈവ് ചെയ്യുകയും അതിനിടയിൽ സിനിമ കാണുകയും ഉറങ്ങുകയും ചെയ്ത് ഡ്രൈവറും യാത്രക്കാരനും. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കും രൂക്ഷവിമർശനത്തിനുമാണ് ഇത് വഴിയൊരുക്കിയത്. 

ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിലാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. അതിൽ ഡ്രൈവറും യാത്രക്കാരനും മുൻ സീറ്റുകളിൽ പുതച്ച് കിടന്ന് സിനിമ കാണുന്നതും ഉറങ്ങുന്നതും കാണാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അവരുടെ കാർ മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗതയിലാണ് ഹൈവേയിലൂടെ കുതിക്കുന്നത്. സീക്കർ ഇലക്ട്രിക് വാഹനമാണ് ഇവരുടേത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

2023 -ലാണ് ഈ കാറുകളിൽ സെൽഫ് ഡ്രൈവിം​ഗ് സിസ്റ്റം ആരംഭിക്കുന്നത്. എന്നാൽ, അതൊരു മുഴുവനായുള്ള സെൽഫ് ഡ്രൈവിം​ഗ് സംവിധാനമല്ല. ഒരു ഡ്രൈവറുടെ ഇടപെടൽ അതിന് ആവശ്യമാണ് എന്നാണ് സീക്കർ ജീവനക്കാർ തന്നെ പറയുന്നത്. 

മാത്രമല്ല, സ്റ്റിയറിം​ഗ് വീൽ ഒരുപാട് നേരം ഉപയോ​ഗിക്കാതെ വച്ചാൽ കാർ തന്നെ അലർട്ട് പുറപ്പെടുവിക്കും എന്നും പറയുന്നു. എന്നാൽ, അത് പ്രവർത്തിക്കാതിരിക്കാൻ സ്റ്റിയറിം​ഗ് വീലിൽ ഡ്രൈവർ ഒരു കുപ്പി വച്ചിരുന്നുവത്രെ. 

എന്തായാലും, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. എന്തെങ്കിലും അപകടമുണ്ടായാൽ അതിന്റെ നടപടി ഡ്രൈവർ നേരിടേണ്ടി വരുമെന്ന് അധികൃതരും പറയുന്നു. ചൈനയിൽ, അശ്രദ്ധ കൊണ്ട് അപകടങ്ങളുണ്ടായാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ ഡ്രൈവർമാർ നേരിടേണ്ടി വരും. 

സീക്കറിൻ്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗ്വാൻ ഹൈറ്റോ വെയ്‌ബോയിൽ പ്രതികരിച്ചത്, തങ്ങളുടെ സെൽഫ് ഡ്രൈവിം​ഗ് സിസ്റ്റത്തെ ഉപഭോക്താക്കൾ വിശ്വസിക്കുന്നത് തങ്ങൾക്ക് വലിയ സന്തോഷമുണ്ടാക്കുന്നുണ്ട്. എന്നാൽ, വീഡിയോയിൽ കണ്ടതുപോലെയുള്ള പ്രവൃത്തികൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ്. 

ഒടുവിൽ ആ സത്യം തെളിയുമോ? 100 വര്‍ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios