മിസ് യൂണിവേഴ്സ് തായ്‍ലാൻഡിന്റെ ഗൗൺ നിർമ്മിച്ചത് മാലിന്യത്തിൽ നിന്നും, വൈറലായി അന്നയുടെ കഥ
ഈ വ്യത്യസ്തമായ ഗൗണിന്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചു. അതിവേഗം തന്നെ അന്നയും ഗൗണും ഇന്റർനെറ്റിൽ വൈറലായി.
വാർത്തകളിൽ ഇടം പിടിക്കുകയാണ് മിസ് യൂണിവേഴ്സ് തായ്ലാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട അന്ന സുയെൻഗാം -ഇയാം. അതിസുന്ദരിയും ബുദ്ധിമതിയുമായ അന്ന മത്സരത്തിന്റെ ആദ്യ ഘട്ടം മുതൽക്ക് തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. മാത്രവുമല്ല, ദാരിദ്ര്യവും അവഗണനയും അനുഭവിക്കേണ്ടി വന്ന ഒരു പൂർവകാലവും അന്നയ്‍ക്കുണ്ട്. എന്നാൽ, ഇപ്പോൾ അന്ന വാർത്തയാവുന്നത് ഇതിന്റെ പേരിൽ ഒന്നുമല്ല, അവൾ ധരിച്ച ഒരു ഗൗണിന്റെ പേരിലാണ്.
അന്ന വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരു പെൺകുട്ടി ആയിരുന്നില്ല. അവളുടെ അച്ഛന് ബാങ്കോക്കിലെ ഒരു മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഖരമാലിന്യം ശേഖരിക്കുകയായിരുന്നു ജോലി. വളരെ സാധാരണക്കാരുടെ കുടുംബമായതിനാൽ തന്നെ സാമൂഹികമായ പല അവഗണനകളും പരിഹാസങ്ങളും അന്നയ്‍ക്ക് നേരിടേണ്ടിയും വന്നു.
ഇനി ഈ ഗൗൺ ഇത്ര കണ്ട് ചർച്ചയാവാൻ കാരണമെന്താണ് എന്നല്ലേ? പ്രശസ്ത ഡിസൈനർ ആരിഫ് ജെവാംഗ് അന്നയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ കോസ്റ്റ്യൂമിൽ ഉപയോഗിച്ചിരിക്കുന്നത് ചില കാനുകൾ തുറക്കാൻ അതിൽ തന്നെയുള്ള പുൾ ടാബ്‌സുകൾ മാത്രം ഉപയോഗിച്ചാണ്. ഈ വ്യത്യസ്തമായ ഗൗണിന്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചു. അതിവേഗം തന്നെ അന്നയും ഗൗണും ഇന്റർനെറ്റിൽ വൈറലായി.
മിസ് യൂണിവേഴ്സ് തായ്‍ലാൻഡിന്റെ ഇൻസ്റ്റഗ്രാം പേജിലും അന്നയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വച്ചിട്ടുണ്ട്. അന്നയുടെ ഉള്ളിലെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ശുഭാപ്തിവിശ്വാസവുമാണ് അവളെ ജീവിതത്തിലെ വിജയങ്ങളിലേക്ക് നയിച്ചത് എന്ന് പോസ്റ്റിൽ പറയുന്നു. അവളുടെ അച്ഛൻ മാലിന്യം ശേഖരിക്കുന്ന ആളായിരുന്നു, അമ്മ ഒരു തൂപ്പുകാരിയായിരുന്നു, അവരാണ് അവളെ വളർത്തിയെടുത്തത് എന്നും അതിൽ പറയുന്നു.
ഏതായാലും അതിവേഗം തന്നെ അന്നയുടെ കഥ സോഷ്യൽ മീഡിയ ഏറ്റെടുത്തു. അനേകം പേരാണ് അവളെ അഭിനന്ദിച്ചത്.