അത്ഭുതമെന്നല്ലാതെന്ത് പറയും? 250 കിലോമീറ്റർ, പ്രിയപ്പെട്ട ഉടമയ്‍ക്കരികിലെത്താൻ ഒരു നായ തനിയെ നടന്ന ദൂരം

എത്ര തിരഞ്ഞിട്ടും നായയെ കാണാതായപ്പോൾ ഏതെങ്കിലും നല്ലൊരാളുടെ കൂടെയായിരിക്കണേ അവനെന്ന് ആ​ഗ്രഹിച്ച് വേദനയോടെ കമലേഷ് മടങ്ങിപ്പോരുകയായിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ മഹാരാജ തന്റെ വീട്ടുമുറ്റത്ത് നിൽക്കുന്നത് കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി.

dog travels 250km alone and reunites with owner in Maharashtra

വളർത്തുനായകളെ വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെ കണക്കാക്കുന്നവരാണ് നമ്മിൽ പലരും. അത്രയേറെ സ്നേഹത്തോടെയാണ് നമ്മൾ അവയെ വളർത്തുന്നത്. അതുപോലെ തിരിച്ചു നായകൾക്കും ആ സ്നേഹമുണ്ട്. ഉടമകളിൽ നിന്നും അകന്നുപോയാലും എങ്ങനെയെങ്കിലും അവ തിരികെ വീടെത്താനും ഉടമകളുടെ അടുത്ത് തിരികെ എത്താനും ശ്രമിക്കാറുണ്ട്. അതുപോലെ ഒരു കഥയാണ് ഇതും. 

ബെലഗാവി ജില്ലയിലെ നിപാനി താലൂക്കിലെ യമഗർണി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു നായ തന്‍റെ ഉടമയ്ക്കരികിലെത്തിയത് മാലയിട്ടും സദ്യയൊരുക്കിയും നാട്ടുകാര്‍ ആഘോഷിച്ചു. ദക്ഷിണ മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപൂരിലെ ജനക്കൂട്ടത്തിനിടയിൽ നിന്നുമാണ് മഹാരാജ് എന്ന് വിളിക്കുന്ന നായയെ കാണാതായത്. എന്നാൽ, 250 കിലോമീറ്ററോളം തനിയെ സഞ്ചരിച്ച് അവൻ തന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ജൂൺ അവസാനവാരം, മഹാരാജ് തൻ്റെ ഉടമയായ കമലേഷ് കുംഭറിനെ വർഷത്തിൽ നടത്താറുള്ള 'വാരി പദയാത്ര'യിൽ അനു​ഗമിച്ചതാണ്. അങ്ങനെയാണ് അവൻ പന്ദർപൂരിലെത്തിച്ചേരുന്നത്. തിരികെ എത്തിയ നായയെ മാലയിട്ടാണ് ആളുകൾ സ്വീകരിച്ചത്. 

താൻ എല്ലാ വർഷവും ആഷാഢ ഏകാദശിയിലും കാർത്തികി ഏകാദശിയിലും പന്ദർപൂർ സന്ദർശിക്കാറുണ്ടെന്ന് കമലേഷ് പറയുന്നു. ഇത്തവണത്തെ യാത്രയിൽ മഹാരാജും അയാൾക്കൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല, മഹാരാജയ്ക്ക് ഭജന കേൾക്കാൻ ഇഷ്ടമാണത്രെ. മഹാബലേശ്വറിനടുത്തുള്ള ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള മറ്റൊരു പദയാത്രയിലും മഹാരാജ തന്റെ ഉടമയെ അനു​ഗമിച്ചിരുന്നു. വിഠോബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് നായയെ കാണാതായതായി മനസിലാകുന്നത്. കമലേഷ് നായയെ അന്വേഷിച്ച് പോവുകയും ചെയ്തു. എന്നാൽ, അവിടെയുണ്ടായിരുന്നവർ പറഞ്ഞത് നായ മറ്റൊരു കൂട്ടം ആളുകൾക്കൊപ്പം പോയി എന്നാണ്. 

ഒടുവിൽ, എത്ര തിരഞ്ഞിട്ടും നായയെ കാണാതായപ്പോൾ ഏതെങ്കിലും നല്ലൊരാളുടെ കൂടെയായിരിക്കണേ അവനെന്ന് ആ​ഗ്രഹിച്ച് വേദനയോടെ കമലേഷ് മടങ്ങിപ്പോരുകയായിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ മഹാരാജ തന്റെ വീട്ടുമുറ്റത്ത് നിൽക്കുന്നത് കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി. നായയുടെ തിരിച്ചുവരവ് വലിയ ആഘോഷമായിട്ടാണ് അവർ കൊണ്ടാടിയത്. ഇത്രദൂരം സഞ്ചരിച്ച് തിരികെ വരാൻ നായയ്ക്ക് വഴി കാട്ടിയത് ണ്ഡുരംഗ പ്രഭുവാണെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നും കമലേഷ് പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios