'അമ്പമ്പോ... എന്തൊരാഴം'; ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം ഏതെന്ന് അറിയാമോ?
ലോകത്തിലെ ശുദ്ധമായ ഉപരിതല ജലത്തിന്‍റെ 22-23% ശതമാനത്തോളം ഉള്‍ക്കൊള്ളുന്നതും ഈ തടാകത്തിലാണ്. പല പ്രത്യേകതകളാല്‍ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന തടാകങ്ങളിലൊന്നായും ഇത് അറിയപ്പെടുന്നു.
തടാകങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന ചിത്രം സമൃദ്ധമായ പച്ചപ്പിന് നടുവിൽ ശാന്തമായി സ്ഥിതി ചെയ്യുന്ന ജലാശയമോ അല്ലെങ്കിൽ വെള്ളച്ചാട്ടങ്ങളാൽ അലങ്കരിക്കപ്പെട്ട തടാകങ്ങളോ ആയിരിക്കും. മനോഹാരിത കൊണ്ട് മാത്രമല്ല ആഴം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു തടാകമുണ്ട് അങ്ങ് റഷ്യയുടെ വടക്കന്‍ പ്രദേശമായ സൈബീരിയയിൽ. പേര് ബൈക്കൽ തടാകം ( Lake Baikal). ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ തടാകമായി ഇതുവരെ കണ്ടെത്തിയത് ബൈക്കല്‍ തടാകത്തെയാണ്.
തെക്കൻ സൈബീരിയയിൽ, ഇർകുട്‍സ്‍ക് ഒബ്ലാസ്റ്റിന്‍റെയും റിപ്പബ്ലിക്ക് ഓഫ് ബുറിയേഷ്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ബൈക്കൽ തടാകം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ്. 49 മൈൽ വീതിയും 395 മൈൽ നീളവുമുള്ള ഇതിന് 25 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ തടാകത്തിന്‍റെ പരമാവധി ആഴം 1,642 മീറ്റർ ആണ്. ലോകത്തിലെ ശുദ്ധമായ ഉപരിതല ജലത്തിന്‍റെ 22-23% ശതമാനത്തോളം ഉള്‍ക്കൊള്ളുന്നതും ഈ തടാകത്തിലാണ്. ഈ പ്രത്യേകതയാല്‍ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന തടാകങ്ങളിലൊന്നായും ഇത് അറിയപ്പെടുന്നു. 'റഷ്യയുടെ ഗാലപ്പഗോസ്' എന്ന് വിളിക്കപ്പെടുന്ന, ബൈക്കൽ തടാകം അസാധാരണമായ ജൈവവൈവിധ്യത്തെയാള്‍ തന്‍റെ ആഴങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്നത്.
യുനെസ്‌കോയുടെ അഭിപ്രായത്തിൽ ബൈക്കൽ തടാകത്തിന്‍റെ ഭീമാകാരമായ വലിപ്പവും രൂപവും 25 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ കാണിക്കുന്നതാണ്. അമേരിക്കയിലെ വലിയ തടാകങ്ങൾക്ക് സമാനമായ, തടാകങ്ങളുടെ ഒരു പരമ്പരയായി ഇത് ഉത്ഭവിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എങ്കിലും ഇന്ന് കാണുന്ന ഭീമാകാരമായ ജലാശയത്തിലേക്കുള്ള ഈ തടാകത്തിന്‍റെ പരിവർത്തനത്തെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. ഇതുവരെ കണ്ടെത്തിയ പഠന റിപ്പോർട്ടുകള്‍ ഭൂമിയിലെ മണ്ണൊലിപ്പ്, ഭൂകമ്പങ്ങൾ, ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള ജലം എന്നിവയാല്‍ കാലങ്ങളെടുത്താണ് ഈ താടകം ഇത്തരത്തില്‍ രൂപപ്പെട്ടതെന്ന് സമര്‍ത്ഥിക്കുന്നു.
27 ദ്വീപുകളെ ജലത്താല്‍ ബന്ധിപ്പിക്കുന്ന ഒരു ദ്വീപ് സമൂഹമാണ് ബൈക്കൽ തടാകം, 280 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഓൾഖോൺ ആണ് ഈ ദ്വീപുകളിൽ ഏറ്റവും വലുത്. 1,500 പേര്‍ താമസിക്കുന്ന ഓൾഖോണിലേക്ക് 2005 ലാണ് അണ്ടർവാട്ടർ കേബിൾ വഴി വൈദ്യുതി എത്തിയത്. കിഴക്കൻ ആഫ്രിക്കയിലെ ടാങ്കനിക്ക തടാകമാണ് രണ്ടാമത്തെ ആഴമേറിയ തടാകം, അമേരിക്കയിലെ ക്രേറ്റർ തടാകം ആണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.
വീൽചെയറിൽ ഇരുന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ചൈനീസ് ദമ്പതികള്‍ !