'മുറിച്ചിട്ടാലും മുറികൂടുന്നവര്‍';; മരണശേഷവും ശരീരം ചലിപ്പിക്കാൻ സാധിക്കുന്ന ജീവികളെ അറിയുമോ?
ചില ജീവികൾക്ക് അവയുടെ ശരീരത്തിൽ നിന്നും തല വേർപെട്ടു പോയാലും അല്പസമയം കൂടി ജീവൻ പിടിച്ചു നിർത്താൻ സാധിക്കും. അത്തരത്തിൽ വിശേഷ കഴിവുള്ള ചില ജീവികളെ പരിചയപ്പെടാം.
മുറിച്ചിട്ടാലും മുറികൂടുന്നവന്‍ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. എന്നാല്‍ ആ പ്രയോഗം ജീവിതത്തില്‍ പ്രായോഗികമാക്കുന്ന ചില ജീവി വര്‍ഗ്ഗങ്ങളുണ്ട്. അതെ, ജീവനുള്ള ഒരു ജീവിയുടെ ശരീരത്തിൽ നിന്നും അതിന്‍റെ ശിരസ് വേർപെടുത്തിയാൽ പിന്നെ മരണം സംഭവിച്ചുവെന്നാണ് അർത്ഥം. എന്നാൽ, ഏതാനും ചില ജീവികൾക്ക് അവയുടെ ശരീരത്തിൽ നിന്നും തല വേർപെട്ടു പോയാലും അല്പസമയം കൂടി ജീവൻ പിടിച്ചു നിർത്താൻ സാധിക്കും. അത്തരത്തിൽ വിശേഷ കഴിവുള്ള ചില ജീവികളെ പരിചയപ്പെടാം.
1. പാറ്റ
ഒരു ആണവ യുദ്ധത്തെ പോലും അതിജീവിക്കാൻ സാധ്യതയുള്ള ജീവിയായാണ് പാറ്റയെ പലപ്പോഴും വിശേഷിപ്പിക്കാറ്. കാരണം ഇവയ്ക്ക് രണ്ടാഴ്ച കാലത്തോളം തലയില്ലാതെ തന്നെ ജീവൻ പിടിച്ച് നിർത്താൻ സാധിക്കും. മനുഷ്യൻ അടക്കമുള്ള മറ്റു ജീവികളെ പോലെ ഇവയുടെ തല മുറിച്ചു മാറ്റിയാലും അല്പം പോലും രക്തം ഒഴുകില്ല. അവർക്ക് ഒരു തുറന്ന രക്തചംക്രമണ സംവിധാനമുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. രണ്ടാമതായി, പാറ്റകൾക്ക് ശ്വസിക്കാൻ അവയുടെ തല ആവശ്യമില്ല, കാരണം അവ സ്പൈക്കിൾസ് എന്നറിയപ്പെടുന്ന ചെറിയ ദ്വാരങ്ങളിലൂടെയാണ് ശ്വാസോച്ഛ്വാസം നടത്തുന്നത്. തലയില്ലാത്ത പാറ്റകളുടെ മരണം സംഭവിക്കുന്നത് പട്ടിണിയിലൂടെ മാത്രമാണ്. അതിന് തന്നെ ആഴ്ചകൾ എടുക്കും.ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അതിജീവിച്ച ജീവിവര്‍ഗ്ഗവും പാറ്റകളാണ്.
2. തേനീച്ച
തേനീച്ചകൾക്ക് ചത്താലും തന്‍റെ ശത്രുവിനെ കുത്തി വേദനിപ്പിക്കാന്‍ കഴിയും. മാത്രമല്ല, ജീവൻ നഷ്ടപ്പെട്ടതിന് ശേഷവും വളരെക്കാലം ഇവയുടെ ശരീരത്തിലെ വിഷവിതരണ സംവിധാനം പ്രവർത്തിക്കും. കാരണം തേനീച്ചയുടെ ജീവല്‍പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോർ അല്ല മറിച്ച് സ്വമേധയായുള്ള പ്രേരണകളാണ്. അതുകൊണ്ടുതന്നെ ചത്ത തേനീച്ചകളെ എടുക്കുമ്പോഴും കുത്തേൽക്കാനുള്ള സാധ്യത കൂടുതലാണ്. തേനീച്ച കുത്തുമ്പോൾ ഇരയുടെ ചർമ്മത്തിലേക്ക് മുള്ള് പോലുള്ള ഒരു ചെറിയ അവയവം തേനീച്ചയുടെ ശരീരത്തിൽ നിന്നും കയറും, അതിൽ തേനീച്ച വിഷവും വിഷം പുറത്തേക്ക് എത്തിക്കുന്നതിനായി ഒരു ചെറിയ പേശിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തേനീച്ചകൾ ചത്തതാണെങ്കിലും അതിനെ എടുക്കുന്നത് അപകടകരമാണ്.
3. കോഴി
തല ഛേദിക്കപ്പെട്ടാലും ഏതാനും മണിക്കൂറുകൾ വരെ ഓടാൻ ശേഷിയുള്ള ജീവിയാണ് കോഴി. ഇത്തരം സംഭവങ്ങൾ നിങ്ങൾ പലപ്പോഴും നേരിട്ടിട്ടുമുണ്ടാകും. എന്നാൽ ഇതിന് പിന്നിലെ കാരണം വളരെ ലളിതമാണ്, കോഴിയുടെ തല വെട്ടുമ്പോള്‍ നമ്മുക്കുണ്ടാകുന്ന ചെറിയൊരു പിശകാണ് ഇതിന് കാരണം. കോഴിയുടെ കേന്ദ്ര നാഡീവ്യൂഹം മനുഷ്യരിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മാത്രമല്ല, കോഴിയുടെ അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് തലച്ചോറല്ല, മറിച്ച് മസ്തിഷ്ക വ്യവസ്ഥയുടെ ചില ഭാഗങ്ങളാണ്. കോഴിയുടെ തല വെട്ടുമ്പോള്‍ കഴുത്തിന് മുകളിലായി വളരെ ഉയരത്തിൽ വച്ചാണ് മുറിക്കുന്നതെങ്കിൽ അത് കോഴിയുടെ മുൻഭാഗം മാത്രമാണ്, തലച്ചോറിന്‍റെ തണ്ടും മസ്തിഷ്കവും ഇത്തരം സമയങ്ങളില്‍ മുറിവേൽക്കാതെ അവശേഷിക്കുന്നതിനാലാണ് കോഴി ചിലപ്പോൾ ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ ജീവൻ പോകാതെ ശരീരം ചലിപ്പിക്കുന്നതിന് കാരണം.
4. നീരാളി
ശരീരം മുറിച്ചാലും ഒരു നീരാളികള്‍ക്ക് ചലിക്കാന്‍ സാധിക്കുന്നു. കാരണം നീരാളികളുടെ നാഡീവ്യൂഹം വളരെ വ്യത്യസ്തമാണ്. നീരാളികളുടെ നാഡീകോശങ്ങളിൽ ഭൂരിഭാഗവും അവയിൽ മൂന്നിൽ രണ്ടെണ്ണം അതിന്‍റെ ടെന്‍റിക്കിളുകളിൽ (നീരാളികൈ) കാണാം. ഈ നീരാളി കൈകൾക്ക് പ്രധാന തലച്ചോറുമായി ബന്ധമില്ലെങ്കിലും അതിന്‍റെ ഉത്തേജകങ്ങളോട് പ്രതികരിക്കാന്‍ സാധിക്കുന്നു. അതായത് മരിച്ച് വളരെ കാലങ്ങള്‍ക്ക് ശേഷവും അവയ്ക്ക് ശരീരം ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കുമെന്നര്‍ത്ഥം. ഇങ്ങനെ പ്രതികരിക്കുമ്പോഴാണ് മറ്റ് ശരീരഭാഗങ്ങള്‍ ചലിക്കുന്നത്.
5. ഫ്ലാറ്റ്‌വോമുകൾ
ഫ്ലാറ്റ്‌വോമുകൾ അല്ലെങ്കിൽ പ്ലാനേറിയൻമാരെ പുനരുജ്ജീവനത്തിന്‍റെ മാസ്റ്റേഴ്സ് എന്നാണ് വിളിക്കുന്നത്, അവയ്ക്ക് ഛേദിക്കപ്പെട്ടതിന് ശേഷം ശരീരത്തിന്‍റെ ഏത് ഭാഗവും സ്വയം പുനർനിർമ്മിക്കാൻ കഴിയും. ഒന്നിനെ പകുതിയായി മുറിച്ചാൽ തലയുടെ ഭാഗം ഒരു വാലും വാൽ ഭാഗം ഒരു തലയും സ്വയം വളർത്തും. 20 കഷണങ്ങളായി മുറിച്ചാൽ, 20 പുതിയ പുഴുക്കൾ തന്നെ സൃഷ്ടിക്കപ്പെടും. ഇത്തരത്തിൽ നോട്ടിംഗ്ഹാം സർവകലാശാലയിലെ ശാസ്ത്രജ്ഞർ 20,000-ത്തിലധികം പുഴുക്കളുടെ ഒരു കോളനി തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വിഭജിക്കാത്ത ഒരു പുഴുവിന് അണുബാധയോ മറ്റേതെങ്കിലും രോഗമോ പിടിപെടുന്നില്ലെങ്കിൽ എന്നേക്കും ജീവിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ അവ അടിസ്ഥാനപരമായി അവ അനശ്വര ജീവികളാണ്.