കടലിനടിയിൽ നീന്തുന്നതിനിടെ മാലിന്യങ്ങൾക്കിടയിൽ മാർക്ക് ചെയ്ത പൊതികൾ, മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത് കൊക്കെയ്ൻ
മാലിന്യ ബാഗുകൾക്ക് സമീപത്തായാണ് മയക്കുമരുന്ന അടങ്ങിയ പൊതികൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. ഓരോ പാക്കറ്റുകളും സൂക്ഷ്മമായി പൊതിഞ്ഞ് പ്രത്യേക രീതിയിൽ മാർക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്
ഫ്ലോറിഡ: അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപത്തായി കടലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത് കോടികൾ വിലയുള്ള കൊക്കെയ്ൻ. കടലിൽ നൂറ് അടിയോളം താഴ്ചയിലാണ് ഒരു ഡസനിലേറെ കൊക്കെയ്ൻ പാക്കറ്റുകളാണ് കണ്ടെത്തിയത്. 25കിലോയോളം ഭാരമാണ് കണ്ടെത്തിയ മയക്കുമരുന്നിന്റെ ഭാരം. ബുധനാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം മൺറോ കൌണ്ടി ഷെരീഫ് വിശദമാക്കിയത്. കീ ലാർഗോയിലെ റെയിൻബോ പവിഴപ്പുറ്റുകൾക്ക് സമീപത്തായുള്ള ഡെവിംഗ് സെന്ററിലാണ് സംഭവം.
മാലിന്യ ബാഗുകൾക്ക് സമീപത്തായാണ് മയക്കുമരുന്ന അടങ്ങിയ പൊതികൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. ഓരോ പാക്കറ്റുകളും സൂക്ഷ്മമായി പൊതിഞ്ഞ് പ്രത്യേക രീതിയിൽ മാർക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. നീല നിറത്തിൽ പാക്കറ്റുകളുടെ മേലെ മാർക്ക് ചെയ്തിരിക്കുന്ന അക്ഷരങ്ങൾ ഏതെങ്കിലും രീതിയിലുള്ള കോഡാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കണ്ടെത്തിയ ലഹരി വസ്തുക്കൾ യുഎസ് അതിർത്തി പട്രോളിംഗ് സംഘത്തിന് കൈമാറിയതായി കൌണ്ടി ഷെരീഫ് വിശദമാക്കി. നേരത്തെ ഫ്ലോറിഡ കീസിൽ ബീച്ചിലെത്തിയ ഒരാൾ ഏകദേശം 1 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഏകദേശം 30 കിലോ കൊക്കെയ്ൻ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കടലിനടിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുന്നത്. തെക്കേ അമേരിക്കയിലെ ഈ മേഖല മയക്കുമരുന്ന കടത്തലിന് ഏറെ കുപ്രസിദ്ധമാണ്. പലപ്പോഴായി വീണ്ടെടുക്കുന്നതിനായി കടലിനെ സുരക്ഷിത ഗോഡൌൺ പോലെ മയക്കുമരുന്ന് കടത്തുകാർ പരിഗണിക്കുന്നുവെന്നാണ് കൌണ്ടി ഷെരീഫ് ബുധനാഴ്ച പ്രതികരിച്ചത്. കടലിൽ മാലിന്യം കലർത്തുന്നത് മാത്രമല്ല ഇത് മൂലമുള്ള അപകടമെന്നാണ് കൌണ്ടി ഷെരീഫ് നൽകുന്ന മുന്നറിയിപ്പ്. സ്രാവുകളും മറ്റ് വലിയ മത്സ്യങ്ങളും ഈ പൊതികൾ ആഹരിക്കാനുള്ള സാധ്യതകളും ഏറെയാണെന്നാണ് കൊണ്ടി അധികൃതർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം