ഡിസ്നി ലാൻഡ് പോലൊരു സ്വപ്ന നഗരം; പക്ഷേ ഒരു പൂച്ചക്കുഞ്ഞിനു പോലും വേണ്ട

ബുർജ് അൽ ബാബസിൻ്റെ നിർമ്മാണം 2014 ൽ ആണ്  ആരംഭിക്കുന്നത്. പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരകളോട് കൂടിയ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഒരു നഗരം സൃഷ്ടിക്കുക എന്നതായിരുന്നു നിർമ്മാണം ഏറ്റെടുത്ത കമ്പനിയുടെ ലക്ഷ്യം.

Disneyland like castles abandoned city of Burj Al Babas in Turkey

ലോകമെമ്പാടും പലവിധങ്ങളായ കാരണങ്ങളാൽ ആളുകൾ അനാഥമാക്കിയ നിരവധി നഗരങ്ങൾ ഉണ്ട്. മനുഷ്യർ താമസിച്ചതിന്റെ അടയാളങ്ങൾ മാത്രം ബാക്കിയാക്കി അവശിഷ്ടങ്ങൾ ആയി ഭൂമിയിൽ അവശേഷിക്കുന്ന ഇത്തരം ഉപേക്ഷിക്കപ്പെട്ട നഗരങ്ങൾക്ക് എല്ലാം പറയാൻ ഒരു വലിയ കഥയുണ്ടാകും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിന്റെ ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. 

അതിന് കാരണം മറ്റൊന്നുമല്ല, ഡിസ്നി സിനിമയിലെ നഗരങ്ങളെ ഓർമ്മിപ്പിക്കും വിധമുള്ള കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞ ഒരു നഗരമാണിത്. തുർക്കിയിലെ ബോലുവിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ബുർജ് അൽ ബാബാസ് എന്ന നഗരമാണ് ഇത്. കാഴ്ചയിൽ ഏറെ മനോഹരമാണെങ്കിലും ഇവിടെ താമസിക്കാൻ ഒരു പൂച്ചക്കുഞ്ഞു പോലുമില്ല എന്നതാണ്  സത്യം. 250 ഏക്കറിൽ 160 മില്യൺ പൗണ്ട് ചെലവിട്ടാണ് ഈ നഗരം വികസിപ്പിച്ചത്. എന്നാൽ, പദ്ധതി പൂർത്തിയാക്കുന്നതിന് മുൻപായി വൻതുക നഷ്ടമായതോടെ നിർമാണക്കമ്പനി അടച്ചുപൂട്ടുകയും നഗരം ഉപേക്ഷിക്കപ്പെടുകയും ആയിരുന്നു.

ബുർജ് അൽ ബാബസിൻ്റെ നിർമ്മാണം 2014 ൽ ആണ്  ആരംഭിക്കുന്നത്. പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരകളോട് കൂടിയ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഒരു നഗരം സൃഷ്ടിക്കുക എന്നതായിരുന്നു നിർമ്മാണം ഏറ്റെടുത്ത കമ്പനിയുടെ ലക്ഷ്യം. വീടുകൾ ഉൾപ്പെടെയുള്ള  കെട്ടിടങ്ങളുടെ നിർമ്മാണം അത്തരത്തിൽ നടത്തുകയും ചെയ്തു. എന്നാൽ, നിർമ്മാണ പ്രവൃത്തികൾക്ക് പ്രതീക്ഷിച്ചതിലും അധിക തുക ചെലവായതോടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ നഗരത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കുകയും നഗരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 

ഷോപ്പിംഗ് സെൻ്റർ, സ്ലൈഡുകളും സ്ട്രീമുകളും ഉള്ള ഒരു വാട്ടർ പാർക്ക്,  ഇൻഡോർ പൂളുകൾ, മറ്റ് അടിസ്ഥാന സേവന സൗകര്യങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു നഗരമായിരുന്നു ഇവിടെ വിഭാവനം ചെയ്തിരുന്നത്. ഒരുപക്ഷേ പട്ടണം പൂർണമായി വികസിപ്പിച്ചിരുന്നെങ്കിൽ അതിമനോഹരമായ ഒരു നഗരമായി ഇന്ന് ബുർജ് അൽ ബാബസ് തല ഉയർത്തി നിന്നേനെ.

കമ്പനി പാപ്പരാകുന്നതിന് മുമ്പ് 60 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയായത്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ, ആഡംബര വീടുകൾ 275,574 പൗണ്ടിനും 394,741 പൗണ്ടിനും വിൽക്കാൻ അവർ തീരുമാനിച്ചിരുന്നു. നാല് വർഷത്തിനുള്ളിൽ മുഴുവൻ പദ്ധതിയും പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2018 -ൽ, പ്രോജക്റ്റിൻ്റെ വിൽപ്പന കുറയാൻ തുടങ്ങുകയും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതിന് മുമ്പ് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഭാഗികമായി വികസിപ്പിച്ച 530 വീടുകൾ ആണ് ഈ നഗരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത്.

നിർമ്മാണ പ്രവൃത്തികൾ നടത്തിവന്നിരുന്ന സരോട്ട് പ്രോപ്പർട്ടീസ് ഗ്രൂപ്പിൻ്റെ ചെയർമാനായ മെഹ്‌മെത് എമിൻ യെർഡെലൻ 2018-ൽ,  ഒരു പ്രാദേശിക മാധ്യമ ചാനലായ ഹുറിയറ്റ് ഡെയ്‌ലി ന്യൂസിനോട് സംസാരിക്കവേ പറഞ്ഞത്, പ്രാരംഭ നിക്ഷേപം അടച്ച ശേഷം മുഴുവൻ തുകയും നൽകാൻ ആളുകൾ വിസമ്മതിച്ചതിനാലാണ് പദ്ധതി തകർന്നതെന്നാണ്.

ബുർജ് അൽ ബാബാസ് നഗരം ഇപ്പോഴും ശൂന്യമാണ്, മനോഹരമായ വീടുകൾ ഇപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അനാഥമാക്കപ്പെട്ട ഈ നഗരം കാണാൻ  എത്തുന്ന ഏതാനും വിനോദസഞ്ചാരികൾ മാത്രമാണ് ഇന്ന് ഇവിടുത്തെ ഏക സന്ദർശകർ.

Latest Videos
Follow Us:
Download App:
  • android
  • ios