ഒന്നര മണിക്കൂർ മൊബൈലോ, ഇന്റർനെറ്റോ, ടിവി -യോ ഒന്നുമില്ല; ഡിജിറ്റൽ ഡീടോക്സുമായി ഒരു ഗ്രാമം
ഗ്രാമവാസികൾക്ക് ഇതിനോട് താൽപര്യക്കുറവൊന്നുമില്ല. എങ്കിലും ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, വിരമിച്ച അധ്യാപകർ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
നമ്മുടെ കയ്യിൽ ഇപ്പോൾ എല്ലാ സമയത്തും മൊബൈൽ ഉണ്ട്. മൊബൈൽ കയ്യിൽ ഇല്ലാത്ത നേരം തന്നെ ഇല്ലാ എന്ന് പറയാം. എന്നാൽ, മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ആളുകൾ വൈകിട്ട് ഒന്നര മണിക്കൂർ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഒന്നും ഉപയോഗിക്കാതെ ഇരിക്കുകയാണ്. ഡിജിറ്റൽ ഡീടോക്സിന് വേണ്ടിയാണ് ആ സമയം അവർ മാറ്റിവച്ചിരിക്കുന്നത്.
മൊഹിത്യാഞ്ചെ വഡ്ഗാവിൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് ഒരു സൈറൺ മുഴങ്ങും. ആളുകൾക്ക് അവരുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും 1.5 മണിക്കൂർ മാറ്റിവെക്കാനുള്ള നിർദ്ദേശമാണ് ഇത്. ഗ്രാമത്തലവനായ വിജയ് മൊഹിതെയാണ് പരീക്ഷണം എന്ന നിലയിൽ ഈ ഡിജിറ്റൽ ഡീടോക്സ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, കൗൺസിൽ നടപ്പിലാക്കുന്ന നിർബന്ധിത പരിപാടിയായി ഇത് മാറിയിരിക്കുകയാണ്. കുട്ടികളെ ഇന്റർനെറ്റിൽ നിന്നും മാറി പുസ്തകങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിക്കുക, മുതിർന്നവരെ ആ സമയത്ത് മറ്റുള്ളവരുമായി സംവദിക്കാനും വായന പോലെയുള്ള കാര്യങ്ങൾ ചെയ്യാനും പ്രേരിപ്പിക്കുക എന്നതെല്ലാമാണ് ഇതിന്റെ ലക്ഷ്യം.
'ക്ലാസ് തുടങ്ങിയ സമയത്താണ് അധ്യാപകർ മനസിലാക്കുന്നത് കുട്ടികൾക്ക് പഠിക്കാൻ വളരെ മടിയാണ്. ആ സമയത്തെല്ലാം മൊബൈലും ഇന്റർനെറ്റും പോലുള്ളവ ഉപയോഗിക്കാനാണ് അവർക്ക് താൽപര്യം. അവർക്ക് എഴുതാനോ വായിക്കാനോ താൽപര്യമില്ല. സ്കൂളിൽ വരുന്നതിന് മുമ്പും ശേഷവും എല്ലാം അവർ മൊബൈലിൽ കളിക്കുകയാണ്. ഗ്രാമത്തിലുള്ള വീട്ടിലാണ് എങ്കിൽ കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക പഠനമുറികളൊന്നും ഇല്ല. അതുകൊണ്ട് ഞാൻ ഡിജിറ്റൽ ഡീടോക്സ് നിർദ്ദേശിച്ചു' എന്ന് സർപഞ്ച് പിടിഐ -യോട് പറഞ്ഞു.
ഗ്രാമവാസികൾക്ക് ഇതിനോട് താൽപര്യക്കുറവൊന്നുമില്ല. എങ്കിലും ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, വിരമിച്ച അധ്യാപകർ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. വൈകുന്നേരം ഏഴ് മുതൽ 8.30 വരെയാണ് ഇത്. ആ സമയത്ത് ആരും മൊബൈൽ ഫോണോ ഇന്റർനെറ്റോ ഒന്നും ഉപയോഗിക്കുന്നില്ല. പകരം വായിക്കുകയോ എഴുതുകയോ ഒക്കെ ചെയ്യുന്നു. ആ സമയത്ത് ടെലിവിഷനുകൾ ഓഫാക്കി വയ്ക്കണം. ഇതൊക്കെ നടപ്പിലാക്കുന്നുണ്ടോ എന്ന് നോക്കുന്നതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഉണ്ട്.
മൊഹിത്യാഞ്ചെ വഡ്ഗാവ് സാമൂഹികപരപമായി മികച്ച സൗഹാർദത്തിന് പേരുകേട്ട പുരോഗമനപരമായ ഒരു സമൂഹമാണ്. ഒരുപാട് സ്വാതന്ത്ര്യസമരസേനാനികളും ഇവിടെയുണ്ടായിരുന്നു. അതുപോലെ വൃത്തിയുള്ള ഗ്രാമമെന്ന പേരിൽ നിരവധി അംഗീകാരങ്ങളും ഗ്രാമം നേടിയിട്ടുണ്ട്.