വര്‍ഷം ഒന്ന്; കാഴ്ച മങ്ങലിന് വിദേശത്ത് നിന്നും തുള്ളിമരുന്ന്, 'ധോണി' ഇന്ന് കൂളാണ് !

ഒടുവില്‍ 2023 ജനുവരി 22 ന് പതിവ് പോലെ കോര്‍മ എന്ന സ്ഥലത്തെത്തിയ പി ടി സെവനെ രാവിലെ 7.10 ന് വെറും അമ്പത് മീറ്റര്‍ മാത്രം അകലെ വച്ച് ഡോ. അരുൺ സക്കറിയ ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലായി ഉന്നം പിടിച്ച് മയക്ക് വെടി വച്ചു. 

Dhoni alias PT Seven is currently in the Dhoni camp of the forest department bkg


ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി ടി സെവനെ (ടസ്കർ ഏഴാമന്‍) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വനം വകുപ്പ് പിടികൂടിയത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു. പിന്നെ അവന് 'ധോണി' എന്ന് പേര് ചൊല്ലി വിളിച്ചു. ഇന്ന് ശാന്തനാണ് ധോണി എന്ന ആ പഴയ പി ടി സെവന്‍. ധോണി കാടുകളില്‍ നിന്നും ഇറങ്ങിവന്ന പി ടി സെവന്‍ ജനജീവിതത്തിന് തടസമായതോടെയാണ് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചത്. നാല് വര്‍ഷത്തോളം അവന്‍  കാടും നാടും ഒരു പോലെ വിറപ്പിച്ചു. പക്ഷേ അവസാന കാലമായപ്പോഴേക്ക് അക്രമ സ്വഭാവം കൂടി. പ്രദേശവാസികളുടെ കൃഷിയിടങ്ങളിലേക്കും സ്വത്ത് വകകള്‍ക്കും ജീവനും നാശനഷ്ടം നേരിട്ടു. ഇതോടെ ജനങ്ങള്‍ കാട്ടാനെയെ പിടിക്കണമെന്ന് ശഠിച്ചു. 

പിടി സെവനെ പിടികൂടുമോ ? ഇന്നത്തെ ദൗത്യം ആരംഭിച്ച് വനംവകുപ്പ്, ആന ധോണിയിലെന്ന് സൂചന  

ഒന്നര വര്‍ഷം മുമ്പ്, 

ഇതിനിടെ 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ മായാപുരം സ്വദേശി ശിവരാമനെ പി ടി സെവന്‍ കൊലപ്പെടുത്തിയതോടെ ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചു. പക്ഷേ, ഇടയ്ക്ക് ഒന്ന് ഒതുങ്ങിയ പി ടി സെവന്‍ അതേ വര്‍ഷം നവംബര്‍ മാസം മുതല്‍ കൂടുതല്‍ ശക്തനായി, നാട്ടിലേക്കിറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, കോര്‍മ, മലമ്പുഴ മേഖലകളിൽ.... ഓരോ ദിവസവും ഓരോ പ്രദേശത്ത് പ്രത്യക്ഷപ്പെട്ട കാട്ടുകൊമ്പന്‍ തികച്ചും അക്രമകാരിയായി പെരുമാറിത്തുടങ്ങി. പാടം കതിരണിഞ്ഞാല്‍ കാട് ഇറങ്ങുന്നതായിരുന്നു പതിവ്. എന്നാല്‍, പോകെ പോകെ കതിരില്ലെങ്കിലും കാട്ടുകൊമ്പനെ പാടത്തും പറമ്പിലും എന്തിന് റോഡില്‍ പോലും പകല്‍ വെളിച്ചത്തില്‍ പലരും കണ്ടു. ചിലപ്പോള്‍ ഒന്നോ രണ്ടോ ആനകളെയും കൂടെ കൂട്ടിയാകും നടപ്പ്. പക്ഷേ, മിക്കപ്പോഴും അവന്‍ ഒറ്റയ്ക്കായിരുന്നു. 

ദിവസം ചെല്ലുംന്തോറും പുതിയ പുതിയ പ്രശ്നങ്ങളായിരുന്നു പി ടി സെവന്‍റെ പേരില്‍ ധോണിയില്‍ നിന്നും പുറത്തേക്ക് വന്നു കൊണ്ടിരുന്നത്. മിക്ക ദിവസങ്ങളിലും പി ടി സെവന്‍ പ്രഭാത വാര്‍ത്താ പരിപാടികളില്‍ ഇടം നേടി. ഒടുവില്‍ 52 അംഗ ദൗത്യസംഘം, മൂന്ന് കുങ്കിയാനകള്‍ അടക്കം വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ പിടി സെവൻ ഓരോ തവണയും വഴുതി മാറി. നിരീക്ഷണം ശക്തമാക്കിയതോടെ ദൌത്യ സംഘത്തെ കബളിപ്പിച്ച് പി ടി സെവന്‍ ഉള്‍ക്കാട്ടില്‍ മറഞ്ഞു. 

ധോണിയെ വിറപ്പിച്ച പിടി സെവൻ, കീഴടങ്ങും വരെ കൺമുന്നിൽ കണ്ട കഥയിങ്ങനെ...

ഒരു വര്‍ഷം മുമ്പ്,

പക്ഷേ, പി ടി സെവന്‍ തന്‍റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. 2023 ജനുവരിയിലെ രണ്ടാമത്തെ ആഴ്ച മുതല്‍ പി ടി സെവന്‍ വീണ്ടും ധോണിയിലെ ജനവാസമേഖലയിലേക്ക് ഇറങ്ങി. വീടിന്‍റെ മതിലുകള്‍ തകര്‍ത്തും കാര്‍ഷിക വിളകള്‍ നശിപ്പിച്ചും ഒറ്റയ്ക്കും കൂട്ടമായും പി ടി ജനജീവിതത്തെ വെല്ലുവിളിച്ചു. കാട്ടാനയെ പിടികൂടണമെന്ന് ജനങ്ങള്‍ പ്രതിഷേധങ്ങള്‍ തീര്‍ത്തു. പി ടിയ്ക്കായി മൂന്ന് കുംങ്കിയാന വേണമെന്ന് ദൌത്യസംഘം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 72 അംഗ ദൗത്യസംഘം മൂന്ന് കുംങ്കിയാനകളുമായി പി ടിയ്ക്ക് വേണ്ടി കാത്തിരുന്നു. നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും വഴിമാറി. ഓരോ നിമിഷവും ദൌത്യ സംഘത്തിന്‍റെ മുന്നില്‍ നിന്നും പി ടി പിടികൊടുക്കാതെ വഴുതി മാറി. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ പല തവണ ഉന്നം നോക്കിയെങ്കിലും വെടിവയ്ക്കാനൊരു ഇടം പി ടി കൊടുത്തില്ല. 

ഒടുവില്‍ ജനുവരി 16 ന് വൈകീട്ടോടെ മായാപുരം ഭാഗത്ത് പി ടിയെ കണ്ടെത്തി. എല്ലാ സജജ്ജീകരണങ്ങളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായി. പക്ഷേ, പി ടി ഒഴിഞ്ഞ് മാറി. തുടര്‍ന്നങ്ങോട്ട് രാത്രിയും പകലും ഓരോ പോലെയാക്കി പി ടി സെവന്‍ നാടിളക്കി. അവന് പുറകെ ദൌത്യ സംഘവും വേട്ടക്കാര്‍ അടുത്തെത്തുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ പി ടി സെവന്‍ ഒഴിഞ്ഞുമാറി. ദൌത്യസംഘവും പി ടി സെവനും തമ്മിള്ള ഒളിച്ചു കളി തത്സമയ ദൃശ്യങ്ങളായി വാര്‍ത്താ ചാനലുകളില്‍ ഇടം പിടിച്ചു. ഇതിനിടെ പി ടി സെവനെ തളയ്ക്കാനായി 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടൊരുങ്ങി. 

'കൺമണി പൊൻമണിയേ... ' ശാന്തിയമ്മയുടെ പൊന്മണിയായി 'കൺമണി'! താമസം പിടി സെവനൊപ്പം; പേടി കൊതുകിനെ!

ഒടുവില്‍... 

ഒടുവില്‍ 2023 ജനുവരി 22 ന് പതിവ് പോലെ കോര്‍മ എന്ന സ്ഥലത്തെത്തിയ പി ടി സെവനെ രാവിലെ 7.10 ന് വെറും അമ്പത് മീറ്റര്‍ മാത്രം അകലെ വച്ച് ഡോ. അരുൺ സക്കറിയ ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലായി ഉന്നം പിടിച്ച് മയക്ക് വെടി വച്ചു. മയങ്ങിയില്ലെങ്കില്‍ വീണ്ടും വെടിവയ്ക്കാനായി ബൂസ്റ്റര്‍ ഡോസും തയ്യാറാക്കി. പക്ഷേ, ആദ്യ വെടിയില്‍ തന്നെ പി ടി സെവന്‍ മയങ്ങി. പിന്നാലെ വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുംങ്കിയാനകളുടെ സഹായത്തെടെ തളച്ചു. പിന്നാലെ കൂട്ടിലേക്ക്. പുതിയ പേര് 'ധോണി'. 

വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. 'ധോണി' ഇന്ന് ആരോഗ്യം വീണ്ടെടുത്തു. പക്ഷേ, കണ്ണിന്‍റെ കാഴ്ചയ്ക്ക് മങ്ങലുണ്ട്. വിദേശത്ത് നിന്നും എത്തിച്ച തുള്ളിമരുന്ന് നല്‍കുന്നുണ്ട്. ചട്ടം പഠിപ്പിക്കുന്ന കൂട്ടില്‍ നിന്നും ഇടയ്ക്ക് അവനെ രണ്ട് പാപ്പന്മാരുടെ സഹായത്തോടെ പുറത്തിറക്കും അല്പ ദൂരം നടത്തും. പോഷകസമൃദ്ധമായ ഭക്ഷണം. കുളി.... പഴയത് പോലെ കൂട്ടരോടൊത്ത് സൈര്യവിഹാരത്തിന് പറ്റുന്നില്ലെങ്കിലും ധോണി ഇന്ന് ശാന്തനാണ്. പാപ്പന്മാരെ അനുസരിക്കുന്നു. ധോണിയെ മറ്റൊരു കുംങ്കിയാന ആക്കാനായിരുന്നു വനം വകുപ്പിന്‍റെ തീരുമാനം. പക്ഷേ, കാഴ്ചക്കുറവ് ഒരു തടസമായി നില്‍ക്കുന്നു. ഇതിനിടെ, ധോണിയെ വീണ്ടും കാടുകയറ്റണമെന്ന ആവശ്യങ്ങളും ഉയരുന്നു. അപ്പോഴും മസ്തകം കുലുക്കി, ചെത്തി കൂര്‍പ്പിച്ച് ചെറുതാക്കിയ കൊമ്പില്‍ പട്ട തിരുകി, വനം വകുപ്പിന്‍റെ ധോണി ക്യാമ്പില്‍ ധോണിയും... 

 

Latest Videos
Follow Us:
Download App:
  • android
  • ios