Asianet News MalayalamAsianet News Malayalam

ചോരയൊലിക്കുന്ന 'ചെകുത്താൻ കൈവിരൽ' അഴുകിയ ജഡത്തിന്‍റെ ഗന്ധം, കണ്ടാൽ ഭയപ്പെടരുത്; അപൂർവ്വമെന്ന് മുന്നറിയിപ്പ്

പൊതുവെ ഒക്ടോബർ അവസാനത്തോടെ പൊട്ടിമുളയ്ക്കാറുള്ള ഇവ കാലാവസ്ഥ വ്യതിയാനം കാരണമാകാം സെപ്റ്റംബറിൽത്തന്നെ ഉണ്ടായതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മണ്ണിലെ ഈർപ്പം സാധാരണയിലും കൂടുതൽ ഉള്ളതായിരിക്കാം ഡെവിൾസ് ഫിങ്കറുകൾ സെപ്റ്റംബറിൽ തന്നെ ഉണ്ടാകാൻ കാരണം എന്നാണ് നിഗമനം

Devils finger fungus spotted in uk government issued alert for public
Author
First Published Oct 12, 2024, 1:34 PM IST | Last Updated Oct 12, 2024, 1:53 PM IST

ലണ്ടൻ: ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ളതുപോലുള്ള ഒരു സീൻ യഥാർത്ഥത്തിൽ മുന്നിൽ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഉദാഹരണത്തിന് നിങ്ങൾ നടന്നുപോകുന്ന വഴിയിൽ മണ്ണിനടിയിൽനിന്ന് രക്തം പുരണ്ട, വികൃതമായ ശവത്തിന്റെ ദുർഗന്ധമുള്ള നീണ്ട വിരലുകൾ കണ്ടാൽ, ഉറപ്പായും പേടിക്കും, അല്ലേ? പക്ഷെ അങ്ങനെ കണ്ടാലും പേടിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുകെ ഭരണകൂടം.

യുകെയിൽ അത്തരമൊരു കാഴ്ച കണ്ടാൽ പേടി വേണ്ട, അത് പ്രേതമോ പ്രേതത്തിന്റെ വിരലോ അല്ല, മറിച്ച് അപൂർവ ഇനത്തിൽപ്പെട്ട ഒരു കൂൺ ആണ്.  clathrus archeri (ക്ലാത്റസ് ആർച്ചറി) എന്ന് ശാസ്ത്രീയ നാമമുള്ള ഈ കൂണിന് വികൃതവും വിചിത്രവുമായ വിരലുകളുടെ ആകൃതിയായതിനാൽ ഡെവിൾസ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകൾ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഡെവിൾസ് ഫിംഗർ വീണ്ടും ചർച്ചയായി മാറിയത്. ജൂലിയ റോസർ എന്ന 67 കാരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളെ തുടർന്നായിരുന്നു ഇത്.

Devils finger fungus spotted in uk government issued alert for public

യുകെയിലെ ന്യൂ ഫോറസ്റ്റ് മേഖലയിലൂടെ നടന്നുപോകുന്നതിനിടെയാണ് ജൂലിയ ഈ കൂണുകൾ കാണുന്നത്. യുകെയിൽ അത്ര സാധാരണമായി കാണപ്പെടുന്നവയല്ല ഡെവിൾസ് ഫിംഗർ കൂണുകൾ. പൊതുവെ ഒക്ടോബർ അവസാനത്തോടെ പൊട്ടിമുളയ്ക്കാറുള്ള ഇവ കാലാവസ്ഥ വ്യതിയാനം കാരണമാകാം സെപ്റ്റംബറിൽത്തന്നെ ഉണ്ടായതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മണ്ണിലെ ഈർപ്പം സാധാരണയിലും കൂടുതൽ ഉള്ളതായിരിക്കാം ഡെവിൾസ് ഫിങ്കറുകൾ സെപ്റ്റംബറിൽ തന്നെ ഉണ്ടാകാൻ കാരണം എന്നാണ് നിഗമനം. 

ന്യൂസിലൻഡും ഓസ്ട്രേലിയയുമാണ് ഈ കൂണുകളുടെ ജന്മദേശം. ഒന്നാംലോക മഹായുദ്ധകാലത്ത് സൈനിക സാമഗ്രികൾക്കൊപ്പം എങ്ങനെയോ കടന്നുകൂടിയാണ് ഈ കൂണുകൾ ഫ്രാൻസിൽ എത്തിപ്പെടുന്നത്. 1914 ലാണ് ബ്രിട്ടനിൽ ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്. ചുവന്ന നിറത്തിൽ വളഞ്ഞുനീണ്ട ഈ കൂണിന് അഴുകിയ ജഡത്തിന്റെ രൂക്ഷ ഗന്ധവും ഉണ്ട് എന്നതാണ് ആളുകൾ ഇതിനെ ഭയക്കാനും തെറ്റിദ്ധരിക്കാനുമുള്ള മുഖ്യ കാരണം. പരാഗണത്തിനുവേണ്ടി പ്രാണികളെ ആകർഷിക്കാനാണ് ഇവ ദുർഗന്ധം പുറപ്പെടുവിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.

Devils finger fungus spotted in uk government issued alert for public

നീരാളികളുടെ കൈകളോടും ഈ കൂണുകളുടെ ആകൃതി ഉപമിക്കപ്പെടാറുള്ളതിനാൽ ഒക്ടോപ്പസ് സ്റ്റിങ്ക്ഹോൺ, ഒക്ടോപ്പസ് ഫംഗസ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ജലാറ്റിൻ പോലെ തോന്നിപ്പിക്കുന്ന, ഗോൾഫ് പന്തിനോളം വലിപ്പമുള്ള ഒരു ഉരുണ്ട ഭാഗത്തിൽനിന്നുമാണ്  ഇവ മുളച്ച് പുറത്തേക്ക് വരുന്നത്. തണ്ട് ഭാഗത്തിന് അഞ്ച് സെന്റീമീറ്റർ വരെയും വിരലുകൾ പോലുള്ള ഭാഗത്തിന് ഏഴ് സെന്റീമീറ്റർ വരെയും നീളം ഉണ്ടാകാറുണ്ട്. നീണ്ട വിരലുകൾ പോലെ മിനിമം നാല്  ഇതളുകളാണ് ഇവയിലുണ്ടാകുക. മരങ്ങൾ നിറഞ്ഞ മേഖലകളിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾക്കടിയിൽ നിന്നുമാണ് ഇവ മുളച്ചു പൊങ്ങി വരുന്നത്. ഏതായാലും ഇത്തരം വിരലുകൾ വഴിയിൽ കണ്ടാൽ പേടിക്കേണ്ട കാര്യമില്ലെന്നും അവ കൂണുകളാണ് എന്നും ജനങ്ങളോട് യുകെ ഭരണകൂടം പറഞ്ഞിട്ടുണ്ട്.  

വീഡിയോ സ്റ്റോറി കാണാം

Read More : ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി, അതേ വീട്ടിൽ ഭർത്താവും മരിച്ച നിലയിൽ

Latest Videos
Follow Us:
Download App:
  • android
  • ios