സ്കൂട്ടറിലെത്തി അപരിചിതരെ അടിച്ച് വീഴ്ത്തി യുവാവ്; പോലീസ് പിടിച്ചപ്പോള്‍ ട്വിസ്റ്റ്
വിഷാദ രോഗം മറികടക്കാനാണ് ഇയാള്‍ വഴിയാത്രക്കാരെ തല്ലിയതെന്ന് പോലീസ് പറയുന്നു.
അജ്ഞാതരായ വഴിയാത്രക്കാരെ നിരന്തരം തല്ലിയ യുവാവ് ഒടുവില്‍ അറസ്റ്റില്‍. എന്നാല്‍, ആളുകളെ തല്ലുമ്പോള്‍ തന്‍റെ വിഷാദ രോഗത്തിന് ശമനമുണ്ടെന്ന യുവാവിന്‍റെ വെളിപ്പെടുത്തല്‍ പോലീസുകാരെ കുഴക്കി. യുപിയിലെ മീററ്റുകാരന്‍ കപിൽ കുമാറാണ് (23) വഴിയാത്രക്കാരെ തല്ലിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തെരുവിലൂടെ പോകുന്നവരെ തന്‍റെ ശരീരത്തിലെ അമിത ഡോപാമെന്‍ കുറയ്ക്കാനാണ് തല്ലിയതെന്ന് പോലീസ് പറഞ്ഞു. ജീവിതത്തിൽ അടുത്തടുത്തായി നേരിടേണ്ടിവന്ന അനുഭവങ്ങള്‍ കപിലിനെ വിഷാദ രോഗിയാക്കിയിരുന്നു.
പിതാവിന്‍റെ മരണവും അതിന് പിന്നാലെ അമ്മയുടെ പുനർവിവാഹവും കപിലിനെ മാനസികമായി ഏറെ അസ്വസ്ഥനാക്കി. പതുക്കെ വിഷാദത്തിലേക്ക് നീങ്ങിയ കപില്‍ കഴിഞ്ഞ അഞ്ചാറ് മാസത്തിനിടെ തന്‍റെ സ്‌കൂട്ടറിൽ മീററ്റിലെ തെരുവുകളിലൂടെ പോകുമ്പോള്‍ വഴിയില്‍ കാണുന്നവരെയെല്ലാം അടിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കപില്‍ വഴിയാത്രക്കാരെ തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും പ്രചരിക്കുകയും ചെയ്തു. സ്ത്രീകളും റിട്ടേർഡ് പിസിഎസ് ഓഫീസറും ഉൾപ്പെടെ നിരവധി പേര്‍ കപിലിന്‍റെ 'വിഷാദത്തിന്‍റെ ചൂട്' അറിഞ്ഞു. പരാതികള്‍ കൂടിയപ്പോഴാണ് പോലീസ് കപിലിനെ പിടികൂടിയത്.
മൂന്നോളം വീഡിയോ പരാതികളില്‍ കപിലിനെ തിരിച്ചറിഞ്ഞതായും പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് അറിയിച്ചു. ഏകദേശം അഞ്ച് വർഷം മുമ്പാണ് കപിലിന് അച്ഛനെ നഷ്ടപ്പെട്ടത്. മാസങ്ങൾക്ക് ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഇപ്പോൾ, അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് കപിലിന്‍റെ താമസം. ഇയാള്‍ ഇടയ്ക്ക് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നെന്നും പോലീസ് പറയുന്നു. ജോലിയില്ലാത്തതിനാൽ താൻ വിഷാദ രോഗിയായെന്നും കുടുംബത്തിലെ അസ്വസ്ഥതയില്‍ നിന്നും രക്ഷപ്പെടാനും സമ്മർദം ഒഴിവാക്കാനുമായാണ് വഴിയാത്രക്കാരെ തല്ലുക എന്ന വിചിത്രമായ രീതി തെരഞ്ഞെടുത്തതെന്നും കപില്‍ പോലീസുകാരോട് പറഞ്ഞു. നല്ലതൊന്നും ജീവിതത്തില്‍ നടക്കാത്തതിനാല്‍ മോശം കാര്യങ്ങള്‍ ചെയ്ത് നല്ലത് എന്തെങ്കിലും സംഭവിച്ചാലോയെന്ന് കരുതിയതായും ഇയാൾ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപിലിന് യഥാവിധി ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മീററ്റ് പോലീസ് അറിയിച്ചു.