വീട്ടുജോലിക്കാരും ഡെലിവറി ബോയ്സും ലിഫ്റ്റ് ഉപയോഗിക്കരുത്, പിടിക്കപ്പെട്ടാൽ 1000 പിഴ; നോട്ടീസിനെതിരെ വൻവിമർശനം
ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട നോട്ടീസ് വലിയ തരത്തിലുള്ള വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് തീർത്തും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
തീർത്തും മനുഷ്യത്വരഹിതമായ തീരുമാനത്തിന്റെ പേരിൽ വിമർശിക്കപ്പെടുകയാണ് ഹൈദ്രബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റി. ഹൗസിംഗ് സൊസൈറ്റി പതിച്ച ഒരു നോട്ടീസാണ് വലിയ തരത്തിൽ വിമർശനത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. നോട്ടീസിൽ എഴുതിയിരിക്കുന്നത് ജോലിക്കാർ, വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് എന്നിവർ കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കരുത്. ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 1000 രൂപ പിഴ ഒടുക്കേണ്ടി വരും എന്നാണ്.
ഈ നോട്ടീസ് എവിടെ നിന്നാണ് വന്നിരിക്കുന്നത് എന്ന് വ്യക്തമല്ല. അതിൽ പറയുന്നത് ഇവരൊന്നും കെട്ടിടത്തിലെ പാസഞ്ചർ ലിഫ്റ്റ് ഉപയോഗിക്കരുത് എന്നാണ്. പകരം അവർക്ക് വേണ്ടി തയ്യാറാക്കിയ മറ്റൊരു ലിഫ്റ്റ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. 'വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ്, ജോലിക്കാർ തുടങ്ങിയവർ പാസഞ്ചർ ലിഫ്റ്റ് ഉപയോഗിക്കരുത്. അങ്ങനെ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കും' എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
ഹൈദ്രബാദിൽ നിന്നും ഉള്ളതാണ് ഈ നോട്ടീസ് എന്നാണ് പറയുന്നത്. എന്നാൽ, കൃത്യമായി ഈ നോട്ടീസ് ഏത് ഹൗസിംഗ് സൊസൈറ്റിയിൽ നിന്നും ഉള്ളതാണ് എന്ന് വ്യക്തമല്ല. എന്നാൽ, ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട നോട്ടീസ് വലിയ തരത്തിലുള്ള വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് തീർത്തും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
അതേസമയം, ഇത് സാധാരണമാണ്. മിക്കവാറും സ്ഥലത്തും അങ്ങനെ ഉണ്ടാവാറുണ്ട്. അത് താമസക്കാർക്ക് പ്രയാസം ഉണ്ടാവാതിരിക്കാനാണ് എന്ന് കമന്റിട്ടവരും ഉണ്ട്. എന്നാൽ, ഭൂരിഭാഗവും ഇതിനെ നിശിതമായി വിമർശിച്ചു. 'എന്തുകൊണ്ടാണ് ഇത്തരം ജോലി ചെയ്യുന്നവർക്ക് സമൂഹവുമായി ഇടപഴകാനും അവർ ഉപയോഗിക്കുന്ന അതേ ഇടങ്ങൾ ഉപയോഗിക്കാൻ പറ്റാത്തതും' എന്ന് ചോദിച്ചവരും ഉണ്ട്. ഒട്ടും മനുഷ്യത്വമില്ലാത്ത സമൂഹം തന്നെയാണ് ഇത് എന്നും പലരും കമന്റ് ചെയ്തു. 'പിടിക്കപ്പെട്ടാൽ ആയിരം രൂപ പിഴ ഈടാക്കും പോലും. പിടിക്കപ്പെടാൻ ഇതെന്താ എന്തെങ്കിലും ക്രൈമാണോ? ആയിരം രൂപ എന്നാൽ അവരുടെ ശമ്പളത്തിന്റെ 15 ശതമാനം വരും' എന്നാണ് ഒരു യൂസർ കമന്റിട്ടിരിക്കുന്നത്.
വായിക്കാം: 40 വർഷങ്ങൾക്ക് മുമ്പ് തന്നെ രക്ഷിച്ചവരെ കണ്ടുമുട്ടി യുവതി, വൈകാരികം ഈ കൂടിച്ചേരൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം