ഉള്ളിവില താങ്ങാനാവില്ല ഭയ്യാ, കുറച്ചധികം തരൂ; പോസ്റ്റുമായി ഉപഭോക്താവ്, വില കുറച്ച് സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട്
'ഒരു സ്വിഗ്ഗി ഉപഭോക്താവ് ഉള്ളിയുടെ വിലക്കയറ്റം താങ്ങാൻ കഴിയാത്തതിനാൽ റെസ്റ്റോറൻ്റിനോട് കുറച്ച് അധിക ഉള്ളി അയയ്ക്കാൻ ആവശ്യപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു. നിങ്ങളുടെ വേദന ഞങ്ങൾക്ക് മനസ്സിലായി, വിലകൾ മാറ്റാൻ കഴിയില്ലെങ്കിലും - നിങ്ങൾക്കായി, ഞങ്ങൾ ഇന്ന് ഒരു ഫ്ലാഷ് സെയിൽ നടത്തുന്നു!'
ഉപഭോക്താവിന്റെ അഭ്യർത്ഥന മാനിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഉള്ളി വില കുത്തനെ കുറച്ചു. ഉള്ളിയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഡൽഹി ആസ്ഥാനമായുള്ള ഒരു ഉപഭോക്താവ് തൻ്റെ ഫുഡ് ഓർഡറിനൊപ്പം അധികം ഉള്ളി തരണം എന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഉള്ളിയുടെ ഫ്ലാഷ് സെയിൽ അവതരിപ്പിച്ചത്. ഉള്ളി വാങ്ങാൻ കഴിയാത്ത വിധം വില കൂടിയതായി ഉപഭോക്താവ് നൽകിയ അപേക്ഷയിൽ വിശദീകരിച്ചു.
ഇന്ത്യക്കാരുടെ ഭക്ഷണശീലത്തിൽ ഉള്ളിക്ക് പ്രധാന പങ്കുണ്ട്. ഏതു നാട്ടിലായാലും ഉള്ളി ചേർക്കാത്ത വിഭവങ്ങൾ കുറവാണ്. എന്നാൽ, കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വിറ്റിരുന്ന ഉള്ളിക്ക് ഇപ്പോൾ വില കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ്. ഉള്ളിയുടെ വിലയിൽ കുത്തനെ ഉണ്ടായിരിക്കുന്ന ഈ കുതിച്ചുചാട്ടം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടിക്കൊണ്ട് ഡൽഹി സ്വദേശിയായ ഒരു സ്വിഗ്ഗി ഉപഭോക്താവിന്റെ തമാശ നിറഞ്ഞ അഭ്യർത്ഥന കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഉള്ളിയുടെ ഫ്ലാഷ് സെയിൽ പ്രഖ്യാപിക്കുകയും കിലോഗ്രാമിന് 39 രൂപയ്ക്ക് വില്പന നടത്തുകയും ചെയ്തത്. ചില്ലറ വില്പന വിലയുടെ പകുതിയിൽ താഴെ വിലയ്ക്ക് ആയിരുന്നു ഈ ഫ്ലാഷ് സെയിൽ.
നവംബർ 29 -ന് വൈകിട്ട് ഏഴു മുതൽ 8 വരെയാണ് ഉള്ളി വില്പന നടത്തിയത്. വില്പന തൽസമയം ആകുന്നതിനു തൊട്ടുമുമ്പാണ് സ്വിഗ്ഗി സഹസ്ഥാപകൻ ഫാനി കിഷൻ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചത്.
“ഒരു സ്വിഗ്ഗി ഉപഭോക്താവ് ഉള്ളിയുടെ വിലക്കയറ്റം താങ്ങാൻ കഴിയാത്തതിനാൽ റെസ്റ്റോറൻ്റിനോട് കുറച്ച് അധിക ഉള്ളി അയയ്ക്കാൻ ആവശ്യപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു. നിങ്ങളുടെ വേദന ഞങ്ങൾക്ക് മനസ്സിലായി, വിലകൾ മാറ്റാൻ കഴിയില്ലെങ്കിലും - നിങ്ങൾക്കായി, ഞങ്ങൾ ഇന്ന് ഒരു ഫ്ലാഷ് സെയിൽ നടത്തുന്നു! ഉള്ളിക്ക് കിലോഗ്രാമിന് വെറും 39 രൂപ. ഡൽഹി എൻസിആറിൽ രാത്രി 7-8 വരെ" എന്നിങ്ങനെ ഒരു കുറിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഫാനി കിഷൻ തങ്ങളുടെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചത്.
സ്റ്റോക്ക് തീരുന്നതിനു മുമ്പ് സ്റ്റോക്ക് ചെയ്തുകൊള്ളാനും അദ്ദേഹം തങ്ങളുടെ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.