വിവാഹവീട്ടില്‍ ഭക്ഷണം വിളമ്പാന്‍ വൈകി, സംഘര്‍ഷം, പിന്നാലെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വരന്‍
വധുവിന്റെ വീട്ടുകാർ വരനോടും കുടുംബത്തോടും സംസാരിക്കുകയും അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, വരൻ അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നത്രെ.
നിസ്സാരമായ കാര്യങ്ങൾ പറഞ്ഞ് വിവാഹവീട്ടിൽ കയ്യാങ്കളി നടക്കുന്നതും വിവാഹം ഒഴിവാക്കുന്നതും എല്ലാം ഇന്ന് പലയിടങ്ങളിലും നടക്കുന്ന സംഭവമാണ്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലും ഉണ്ടായത്. ഭക്ഷണം വിളമ്പാൻ വൈകി എന്ന് ആരോപിച്ച് വരൻ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്തായാലും, വധു വിവാഹവേഷത്തിൽ വിവാഹവേദിയിൽ വരനെയും കാത്തിരുന്നു. എന്നാൽ, ആ സമയത്ത് വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏഴ് മാസം മുമ്പ് നിശ്ചയിച്ചിരുന്നതായിരുന്നു വിവാഹം. ഡിസംബർ 22 -ന് പരമ്പരാഗതമായ ആഘോഷങ്ങളോടെ വിവാഹപരിപാടികൾ ആരംഭിക്കുകയും ചെയ്തു. വധുവിൻ്റെ കുടുംബം മധുരപലഹാരങ്ങൾ നൽകി വരന്റെ സംഘത്തെ സ്വാഗതം ചെയ്തു. പിന്നീട്, അത്താഴവും വിളമ്പി. എന്നാൽ, വരന്റെ സംഘത്തിലൊരാൾ വധുവിന്റെ വീട്ടുകാർ റൊട്ടി വിളമ്പാൻ വൈകി എന്നാരോപിച്ച് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ഇത് വലിയ സംഘർഷത്തിന് വഴിവെച്ചു.
വധുവിന്റെ വീട്ടുകാർ വരനോടും കുടുംബത്തോടും സംസാരിക്കുകയും അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, വരൻ അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നത്രെ. മാത്രമല്ല, അധികം വൈകാതെ അയാൾ ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
ആകെ തകർന്നുപോയ വധുവിൻ്റെ വീട്ടുകാർ ഇൻഡസ്ട്രിയൽ നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഡിസംബർ 24 -ന് പൊലീസ് സൂപ്രണ്ടിനും പരാതി നൽകി.
സ്ത്രീധനമായി നൽകിയ ഒന്നരലക്ഷം ഉൾപ്പടെ ഏഴുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമാണ് തങ്ങൾക്കുണ്ടായത് എന്ന് വധുവിൻ്റെ വീട്ടുകാർ പറഞ്ഞു. വരൻ്റെ കുടുംബത്തിലെ അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് വധു ആവശ്യപ്പെടുകയും നിയമനടപടി സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിവാഹ ചടങ്ങിനിടെ അതിഥികൾക്ക് നേരെ പൂജാപാത്രം വലിച്ചെറിഞ്ഞ് പുരോഹിതന്‍; വീഡിയോ വൈറൽ