ബാർബിക്യൂ നാഷനിൽ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ 'ചത്ത എലി'; യുവാവ് ആശുപത്രിയില്‍, പിന്നാലെ പരാതി
മുംബൈ സന്ദർശന വേളയില്‍ വോർളിയിലെ ബാർബിക്യൂ നേഷനിൽ നിന്ന് ഒരു ക്ലാസിക് വെജ് മീൽ ബോക്‌സിനാണ് രാജേഷ് ശുക്ല ഓൺലൈനിൽ ഓർഡർ നൽകിയത്.
മുംബൈയിലെ ബാർബിക്യു നാഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത എലി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപിയിലെ പ്രയാഗ്‌രാജ് സ്വദേശിയായ 35 കാരനായ രാജീവ് ശുക്ല എന്ന അഭിഭാഷകനാണ് ഇത്തരത്തിൽ ഒരു ദുരനുഭവമുണ്ടായത്. താൻ വാങ്ങിയ ഭക്ഷണത്തിനുള്ളിൽ കിടക്കുന്ന ചത്ത എലിയുടെ ചിത്രവും പിന്നീട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും രാജീവ് സാമൂുഹിക മാധ്യമങ്ങളില്‍ പങ്കു വച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ജനുവരി എട്ടിനായിരുന്നു സംഭവം. തന്‍റെ മുംബൈ സന്ദർശന വേളയിലാണ് വോർളിയിലെ ബാർബിക്യൂ നേഷനിൽ നിന്ന് ഒരു ക്ലാസിക് വെജ് മീൽ ബോക്‌സിന് രാജേഷ് ശുക്ല ഓൺലൈനിൽ ഓർഡർ നൽകിയത്. ഭക്ഷണം എത്തിയപ്പോൾ അദ്ദേഹം അത് കഴിക്കാൻ ആരംഭിച്ചു. പക്ഷേ, ഭക്ഷണം കഴിച്ചു തുടങ്ങിയതിന് ശേഷമാണ് അതിനുള്ളിൽ കിടക്കുന്ന ചത്ത എലിയെ അദ്ദേഹം കണ്ടത്. അല്പസമയം കഴിഞ്ഞതും കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാജേഷ് സമീപത്തെ ഒരു ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
തന്‍റെ ദുരനുഭവം പങ്കുവെച്ച് കൊണ്ട് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചത് ഇത്തരത്തിൽ ഒന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്. തനിക്ക് കിട്ടിയ ഭക്ഷണത്തിനുള്ളിൽ ചത്ത എലിയും പാറ്റയും ഉണ്ടായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. ഭക്ഷണം കഴിച്ചതും ഭക്ഷ്യവിഷബാധ ഏറ്റ തനിക്ക് തുടർച്ചയായി വയറുവേദനയും ഓക്കാനവും അനുഭവപ്പെട്ടത്തായും അദ്ദേഹം പറഞ്ഞു. സംഭവം ബാർബിക്യു അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി തനിക്ക് കിട്ടിയ ഭക്ഷണത്തിന്‍റെ ചിത്രവും പരാതിയും ഈമെയിലായി അയച്ചുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. ഭക്ഷണം, ജീവൻ പിടിച്ചു നിർത്താൻ ഉള്ളതാണെന്നും അല്ലാതെ ജീവൻ എടുക്കാനുള്ളതല്ലെന്നും അദ്ദേഹം എഴുതി.
എന്നാൽ, പരാതി കിട്ടിയിട്ടും റസ്റ്റോറന്‍റിന്‍റെ ഭാഗത്ത് നിന്നും വളരെ ലാഘവത്തോടെയുള്ള ഒരു മറുപടി സന്ദേശം വന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. രാജീവ് ശുക്ലയ്ക്ക് റസ്റ്റോറന്‍റ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു; “പ്രിയ അതിഥി, നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, ഒപ്പം അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ നിങ്ങൾ സമയമെടുത്തതിനെ അഭിനന്ദിക്കുന്നു. നിങ്ങളുടെ ആശങ്കകൾ ഞങ്ങൾക്ക് ഏറ്റവും പ്രധാനമാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു." എന്നായിരുന്നു. ഇത്രയും ഒഴുക്കന്‍ മട്ടിലുള്ള പരാതിയെ തുടര്‍ന്ന് രാജേഷ്, ബാർബിക്യൂ നേഷൻ ഉടമ, മാനേജർ, ഷെഫ് എന്നിവർക്കെതിരെ നാഗ്പാഡ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.