ദാവൂദിന്‍റെ സ്വത്ത് സ്വന്തമാക്കി; പിന്നാലെ 23 വർഷത്തെ നിയമ പോരാട്ടം, പക്ഷേ, ഇപ്പോഴും കൈ അകലത്തിൽ തന്നെ
ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്ത് ലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ അത് ഉപേക്ഷിക്കാന്‍ പലരും നിർബന്ധിച്ചു. പക്ഷേ, 23 വര്‍ഷം നിയമയുദ്ധം നടത്തി സ്വത്തിന്‍റെ കൈവശാവകാശം നേടി. ഇനി ദാവൂദിന്‍റെ സഹായികളില്‍ നിന്നും അത് തിരിച്ച് പിടിക്കണം.
ദാവൂദ് ഇബ്രാഹിമിന്‍റെ മുംബൈയിലെ കട ലേലത്തില്‍ സ്വന്തമാക്കിയ യുപി സ്വദേശിക്ക് 23 വർഷങ്ങൾക്ക് ശേഷം കൈവശാവകാശം ലഭിച്ചു. 57 കാരനായ ഹേമന്ത് ജെയിൻ 2001 -ൽ തന്‍റെ 34 മത്തെ വയസ്സിലാണ് മുംബൈയിലെ നപാഡ ഏരിയയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 144 ചതുരശ്ര അടിയുള്ള കട ലേലം വിളിച്ച് സ്വന്തമാക്കുന്നത്. വസ്തു സ്വന്തമാക്കിയെങ്കിലും അതിന്‍റെ കൈവശാവകാശം ഹേമന്ത് ജെയിന് ലഭിച്ചിരുന്നില്ല. തുടർന്ന് 23 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇപ്പോൾ കടയുടെ കൈവശാവകാശം ഇദ്ദേഹത്തിന് ലഭിച്ചു.
ദാവൂദിന്‍റെ സ്വത്തുക്കൾ വാങ്ങാൻ ആളുകൾ താല്പര്യപ്പെടുന്നില്ലെന്ന് ഒരു പത്രത്തിൽ വായിച്ചതിന് ശേഷമാണ് താൻ വസ്തു ലേലം വിളിച്ച് സ്വന്തമാക്കിയത് എന്നാണ് ഹേമന്ത് ജെയിൻ പറയുന്നത്. എന്നാൽ, വസ്തുവിന്‍റെ കൈവശാവകാശം നേടിയെടുക്കാൻ പതിറ്റാണ്ടുകളുടെ നിയമ പോരാട്ടം വേണ്ടിവരുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001 സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് നടത്തിയ ലേലത്തിലാണ് ഉത്തർപ്രദേശ് സ്വദേശി ഹേമന്ത് ജെയിൻ, ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട സ്വത്ത് സ്വന്തമാക്കുന്നത്. മുംബൈയിലെ ജയ്‌രാജ് ഭായ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കട 2 ലക്ഷം രൂപയ്ക്കാണ് അന്ന് അദ്ദേഹം ലേലത്തില്‍ പിടിച്ചത്. ആ നിമിഷം മുതൽ വസ്തു കൈവശം വയ്ക്കുന്നതിന് ഒന്നിന് പുറകെ ഒന്നായി അദ്ദേഹം തടസ്സങ്ങൾ നേരിട്ടു തുടങ്ങി. വസ്തു വാങ്ങിയതിന് ശേഷം കേന്ദ്രത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതിന് നിരോധനം ഉണ്ടെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥൻ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ, പിന്നീട് അന്വേഷണം നടത്തിയപ്പോൾ അത്തരത്തിൽ ഒരു നിരോധനം നിലവിലില്ലെന്ന് താൻ കണ്ടെത്തിയെന്നും ഹേമന്ത് വ്യക്തമാക്കുന്നു. ഇതേ സമയം തന്നെ തന്‍റെ വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചതായും അദ്ദേഹം പറയുന്നു.
അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ്, നരേന്ദ്ര മോദി എന്നിവരുടെ എല്ലാം ഭരണകാലത്തും തന്‍റെ ദുരിതങ്ങൾ വിവരിച്ച് കൊണ്ട് ഹേമന്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിരവധി കത്തുകൾ അയച്ചെങ്കിലും ഫലമുണ്ടായില്ല. 2017 -ൽ, പ്രോപ്പർട്ടി ഫയൽ നഷ്ടമായതിനാൽ വസ്തുവിന്‍റെ നിലവിലെ മാർക്കറ്റ് മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി നൽകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചു. 23 ലക്ഷം രൂപയായിരുന്നു അങ്ങനെ വരുമ്പോൾ അടക്കേണ്ടിയിരുന്ന തുക. എന്നാൽ വസ്തു ലേലത്തിൽ വാങ്ങിയതിനാൽ മാർക്കറ്റ് മൂല്യത്തിനനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കാൻ പാടില്ലെന്ന് ഹേമന്ത് വാദിച്ചു. പിന്നീട് വർഷങ്ങളോളം അതുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിലായിരുന്നു ഹേമന്ത്.
ഒടുവിൽ, കോടതിയുടെ ഇടപെടലിൽ 2024 ഡിസംബർ 19 -ന് സ്റ്റാമ്പ് ഡ്യൂട്ടിയും പിഴയും അടക്കം 1.5 ലക്ഷം രൂപ അടച്ച് തന്‍റെ വസ്തുവിന്‍റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഹേമന്തിന് സാധിച്ചു. എന്നാൽ, കട ഇപ്പോഴും പൂർണ്ണമായി സ്വന്തമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. കാരണം കട ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്‍റെ സഹായികളാണ്. എന്തു സംഭവിച്ചാലും അവരുമായി പോരാടി തന്‍റെ സ്വത്ത് നേടിയെടുക്കാൻ തന്നെയാണ് ഹേമന്തിന്‍റെ തീരുമാനം. സ്വത്ത് മറന്ന് സമാധാനത്തോടെ ജീവിക്കാൻ പലരും തന്നെ ഉപദേശിച്ചെങ്കിലും താൻ അതിന് തയ്യാറല്ലെന്നാണ് അദ്ദേഹം പറയുന്നത്.
ആത്മഹത്യ ചെയ്ത ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുന്ന ഭാര്യയുടെ വീഡിയോ പുറത്ത്; നീതി ആവശ്യപ്പെട്ട് കുടുംബം