80 ലക്ഷത്തിന്റെ വജ്രം, 300 രൂപ ദിവസക്കൂലി കിട്ടുന്ന തൊഴിലാളിയെ കനിഞ്ഞ ഭാഗ്യം
എന്തായാലും വജ്രം കിട്ടിയതോടെ രാജുവിന്റെയും സഹോദരന്റെയും സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് ഇരുവരും പന്നയിലെ സർക്കാരിന്റെ വജ്ര ഖനന ഓഫീസിലേക്ക് ഈ വജ്രം എത്തിക്കുകയായിരുന്നു.
ദിവസം വെറും 300 രൂപ മാത്രം സമ്പാദിക്കാനാവുന്ന ഒരു തൊഴിലാളിയാണ് മധ്യപ്രദേശിൽ നിന്നുള്ള 40 -കാരനായ രാജു ഗോണ്ട്. സമ്പന്നരായ കർഷകരുടെ വയലിൽ പണിയെടുക്കുക, ട്രാക്ടർ ഓടിക്കുക ഇതൊക്കെയാണ് രാജു ചെയ്യുന്ന ജോലികൾ. അടുത്തിടെയുണ്ടായ ഒരു സംഭവം രാജുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. പന്ന ഖനികളിൽ നിന്നും ഒരു വലിയ വജ്രം അയാൾക്ക് കിട്ടി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രാജു 19.22 കാരറ്റ് വരുന്ന ഒരു വജ്രം കണ്ടെത്തിയത്. ഇത് സർക്കാർ ലേലത്തിൽ ഏകദേശം 80 ലക്ഷം രൂപയെങ്കിലും തനിക്ക് നേടിത്തരും എന്നാണ് രാജു പ്രതീക്ഷിക്കുന്നത്. രാജു ഗോണ്ടും സഹോദരൻ രാകേഷും 690 ചതുരശ്ര അടി വിസ്തീർണമുള്ള സർക്കാർ ഭൂമിയിൽ 800 രൂപ വീതം നൽകി ഇടയ്ക്കിടെ ഖനനത്തിന് പോവാറുണ്ടായിരുന്നു. വജ്ര ശേഖരത്തിന് പേരുകേട്ട സ്ഥലമാണ് പന്ന.
ഇവിടെ കനത്ത മഴ പെയ്ത് തുടങ്ങിയതോടെ പലർക്കും പണിയില്ലാതെയായി. അങ്ങനെയാണ് പലരും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വജ്രം തിരയുന്ന ജോലി ചെയ്ത് തുടങ്ങിയത്. ഖനിപ്പാടങ്ങൾ സർക്കാർ പാട്ടത്തിന് നൽകിത്തുടങ്ങി. ഇവിടെ നിന്നും കിട്ടുന്ന വജ്രങ്ങൾക്ക് കിട്ടുന്ന വിലയുടെ 11.5 % റോയൽറ്റിയും നികുതിയും എടുത്ത് ബാക്കി തുക ആരാണോ വജ്രം കണ്ടെത്തിയത് അവർക്ക് നൽകും. കഴിഞ്ഞ ബുധനാഴ്ചയാണ് രാജുവിനെ ഇവിടെ നിന്നും ഈ വജ്രം കിട്ടിയത്.
“അത് തിളങ്ങുന്നുണ്ടായിരുന്നു. അതൊരു വജ്രമാണെന്ന് അപ്പോൾ തന്നെ എനിക്ക് മനസിലായി“ എന്നാണ് രാജു ഗോണ്ട് സിഎൻഎന്നിനോട് പറഞ്ഞത്. 10 വർഷത്തോളം ഈ ജോലി ചെയ്തിട്ടാണ് തനിക്ക് ഒരു വജ്രം കണ്ടെത്താൻ സാധിച്ചത് എന്നും രാജു പറയുന്നു. ഉച്ച കഴിഞ്ഞ് ഇങ്ങനെ ഒരു വജ്രം കണ്ടെത്താൻ താൻ ജോലി ചെയ്തു എന്നും അയാൾ പറയുന്നു.
എന്തായാലും വജ്രം കിട്ടിയതോടെ രാജുവിന്റെയും സഹോദരന്റെയും സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് ഇരുവരും പന്നയിലെ സർക്കാരിന്റെ വജ്ര ഖനന ഓഫീസിലേക്ക് ഈ വജ്രം എത്തിക്കുകയായിരുന്നു. അവിടെ വച്ച് അനുപം സിംഗ് എന്ന ഉദ്യോഗസ്ഥൻ ഇത് 19.22 കാരറ്റിൻ്റെ വെളുത്ത വജ്രമാണ് എന്ന് സ്ഥിരീകരിച്ചു. ഏകദേശം 80 ലക്ഷത്തോളം വില കിട്ടും ഇതിനെന്ന് പറഞ്ഞതും അദ്ദേഹം തന്നെയാണ്.