മുംബൈയില്‍ മാത്രമല്ല, ബംഗളൂരുവിനെ ഊട്ടാനുമുണ്ട് ‘ഡബ്ബാവാലകൾ’; വീട്ടിലെ ഭക്ഷണം കഴിക്കാം
ബംഗളൂരുവിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആവശ്യക്കാർക്കെത്തിച്ചു നൽകുകയാണിവർ ചെയ്യുന്നത്. അതായത് സ്വന്തം വീട്ടിലെയല്ലെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാം.
ബംഗളൂരു: ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി എന്തുണ്ടാക്കും എന്ന വേവലാതിയായിരിക്കും പലർക്കും. നാട്ടിൽ അമ്മയും അമ്മൂമ്മയുമെല്ലാം ഉണ്ടാക്കിത്തന്നിരുന്നതു പോലെയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരുമേറെയാണ്. ഇത്തരക്കാർക്ക് അനുഗ്രഹമാവുകയാണ് ബംഗളൂരു നഗരത്തിലെ ‘ഡബ്ബാവാല’കളുടെ സേവനങ്ങൾ.
മുംബൈയിലെ ഡബ്ബാവാലകളെ കുറിച്ച് എല്ലാവർക്കുമറിയാം. അവിടെ ഡബ്ബാവാലകള്‍ വളരെ സജീവമാണ്. നഗരത്തിലെ വിവിധ കമ്പനികളിലും മറ്റ് തൊഴിലിടങ്ങളിലും ജോലിചെയ്യുന്നവർക്ക് അവരവരുടെ വീടുകളിൽ നിന്നുള്ള ഉച്ചഭക്ഷണം എത്തിക്കുന്ന സംഘങ്ങളാണ് ഡബ്ബാവാലകൾ. സ്ഥിരമായി ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കേണ്ടിവരുന്നവർക്കാണ് ഈ ഡബ്ബാവാലകൾ അനുഗ്രഹമാവുന്നത്. മുംബൈ ഡബ്ബാവാലകളുടെ ചരിത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഈ സംവിധാനം ഫലപ്രദമായി കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ബംഗളൂരുവിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആവശ്യക്കാർക്കെത്തിച്ചു നൽകുകയാണിവർ ചെയ്യുന്നത്. അതായത് സ്വന്തം വീട്ടിലെയല്ലെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാം. സ്വിഗ്ഗി, സൊമാട്ടോ തുടങ്ങിയ ആപ്പുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതു പോലെ ഓൺലൈൻ വഴിയാണ് ബുക്കിങ്. പക്ഷേ, ഭക്ഷണം എത്തുമ്പോൾ നിശ്ചിത സമയം കഴിഞ്ഞിരിക്കും എന്നുമാത്രം. അതായത് നാളെ ഉച്ചയൂണ് വേണമെങ്കിൽ ഇന്ന് രാത്രിതന്നെ ബുക്ക് ചെയ്യണമെന്നർത്ഥം. എല്ലാ സൈറ്റുകളിലും സമയക്രമം ഒരുപോലെയല്ല.
ബംഗളൂരുവിൽ ഇതര സംസ്ഥാനക്കാർ കൂടുതലുള്ളതിനാൽ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ഒരു പോലെ ആവശ്യക്കാരുണ്ട്. ഇവയ്ക്കു പുറമേ ബർഗർ, പിറ്റ്സ തുടങ്ങിയവയും ഇവർ വീടുകളിൽ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ഡബ്ബാവാലകൾക്കു സമാനമായ ഇത്തരം ടിഫിൻ സർവ്വീസുകളിൽ നഗരത്തിൽ പേരുകേട്ട ഒന്നാണ് മസാല ബോക്സ്. നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾക്ക് പുറമേ ബർഗർ, പിറ്റ്സ തുടങ്ങിയവയും ഇവിടെ ഓർഡർ ചെയ്യാം. “പാർട്ടി ഓർഡറുകളും കോർപ്പറേറ്റ് കമ്പനികളുടെ ഓർഡറുകളും സ്വീകരിക്കാറുണ്ട്. രുചി വർദ്ധിപ്പിക്കാനും കേടുകൂടാതെയിരിക്കാനും ഒന്നും ചേർക്കുന്നില്ല എന്നതാണ് ഇത്തരം സർവ്വീസുകളുടെ പ്രത്യേകത. അതുകൊണ്ടു തന്നെ ആവശ്യക്കാരേറെയാണ്'' എന്നും മസാല ബോക്സ് കസ്റ്റമർ സർവ്വീസ് പേഴ്സൺ ജോർജ്ജ് പറഞ്ഞു.
ഇത്തരത്തിൽ അറിയപ്പെടുന്നവയും അറിയപ്പെടാത്തവയുമായ ഒട്ടേറെ ടിഫിൻ സർവ്വീസുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ടിഫിൻ മീൽ, സ്‍കൂളറി ഹൗസ് ടിഫിൻ, മോംസ് കറി, ബവേഴ്‍സ് ടിഫിൻ സർവ്വീസ്, മദേഴ്‍സ് മീൽ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. ഒട്ടേറെ സ്ത്രീകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളത്തനിമയുള്ള നാടൻ ഭക്ഷണങ്ങൾക്ക് മലയാളികൾ ആശ്രയിക്കാറുള്ളത് ‘അടുക്കള’ ആണ്.
ബേഗൂരിലുള്ള മീര ജസ്വന്ത് ആണ് അടുക്കള നിയന്ത്രിക്കുന്നത്. കേരളീയ ഭക്ഷണങ്ങൾക്കു പുറമേ നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളും ഇവിടെ തയ്യാറാക്കാറുണ്ട്. എം ടെക് ബിരുദധാരിണിയായ മീരയും മൂന്നു സുഹൃത്തുക്കളും ചേർന്നാണ് പാചകം. വാട്സ് ആപ് ഗ്രൂപ്പ് വഴി മെനു തീരുമാനിച്ച് പീന്നീട് ഒരുമിച്ച് പാചകം ചെയ്യും. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ തന്നെയുള്ളവരാണ് ആവശ്യക്കാരേറെയും.
ബൊമ്മനഹള്ളിയിലുള്ള കീർത്തി ‘ഫുഡി ബഡ്ഡി’ എന്ന ആപ്പ് വഴിയാണ് ഓര്‍ഡറുകൾ സ്വീകരിക്കുന്നത്. തന്‍റെ ദാൽ റൈസ് സബ്ജിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കീർത്തി പറയുന്നു. സിവി രാമൻ നഗറിലുള്ള പ്രിയയുടേത് ‘ഊട്ടബോക്സ്’ആണ്. സ്ഥിരമായി ഓർഡറുകൾ സ്വീകരിക്കാറില്ലെങ്കിലും എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാൽ മാത്രം അത് സ്ഥിരം ആവശ്യക്കാരെ അറിയിക്കും. കീർത്തി പറയുന്നു.
ഒട്ടേറെ പേർക്ക് ജീവിതമാർഗ്ഗം കൂടിയാണ് ഇത്തരം ടിഫിൻ സർവ്വീസുകൾ. അധിക വില ഈടാക്കുന്നില്ല എന്നതാണിന്റെ മറ്റൊരു പ്രത്യേകത.