ശ്ശെടാ, 1.3 ലക്ഷം രൂപ പിഴയോ, എലികളെക്കൊണ്ടു പൊറുതിമുട്ടി, വീടിന്റെ പരിസരം വൃത്തിയാക്കിയ ദമ്പതികൾക്കെതിരെ നടപടി
തെരുവ് മാലിന്യത്താൽ നിറഞ്ഞതോടെ ഇവിടെ പൂച്ചകളും എലികളും സ്ഥിരതാമസക്കാരായി എത്തിയിരുന്നു. ഈ വൃത്തിഹീനമായ അന്തരീക്ഷം ഏറെ ബുദ്ധിമുട്ട് ആയതോടെയാണ് വെറോണിക്ക മൈക്കിനും സോൾട്ടൻ പിൻ്ററിനും ചേർന്ന് തെരുവ് വൃത്തിയാക്കാൻ തീരുമാനിച്ചത്.
വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്നാണ്. ഓരോ വ്യക്തികളും അവരുടെ സ്വകാര്യ ഇടങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് അഭിനന്ദനാർഹനീയമായ കാര്യമായാണ് പൊതുവേ കണക്കാക്കുന്നത്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം യുകെയിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് ഉണ്ടായി. തങ്ങളുടെ പരിസരം വൃത്തിയാക്കിയത് ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണ് ഈ ദമ്പതികൾക്ക്. റിപ്പോർട്ടുകൾ പ്രകാരം, ചുറ്റുപാടുകൾ വൃത്തിയാക്കിയതിന് ദമ്പതികളായ വെറോണിക്ക മൈക്കിനും സോൾട്ടൻ പിൻ്ററിനും 1,200 പൗണ്ട് അഥവാ 1.3 ലക്ഷം രൂപ പിഴ ചുമത്തി ഇരിക്കുകയാണ് അധികൃതർ ഇപ്പോൾ.
സ്റ്റഫോർഡ്ഷെയറിലെ (ഇംഗ്ലണ്ട്) സ്റ്റോക്ക്-ഓൺ-ട്രെൻ്റിലെ താമസക്കാരായ ഇവർ തങ്ങളുടെ തെരുവ് മുഴുവൻ മാലിന്യങ്ങളാൽ നിറഞ്ഞതോടെയാണ് അത് വൃത്തിയാക്കാൻ തീരുമാനിച്ചത്. തെരുവ് മാലിന്യത്താൽ നിറഞ്ഞതോടെ ഇവിടെ പൂച്ചകളും എലികളും സ്ഥിരതാമസക്കാരായി എത്തിയിരുന്നു. ഈ വൃത്തിഹീനമായ അന്തരീക്ഷം ഏറെ ബുദ്ധിമുട്ട് ആയതോടെയാണ് വെറോണിക്ക മൈക്കിനും സോൾട്ടൻ പിൻ്ററിനും ചേർന്ന് തെരുവ് വൃത്തിയാക്കാൻ തീരുമാനിച്ചത്. എന്നാൽ, അതൊരു തലവേദനയായി മാറുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തെരുവ് വൃത്തിയാക്കിയ ദമ്പതികളെ തേടി തൊട്ടടുത്ത ദിവസം എത്തിയത് കൗൺസിലിന്റെ പിഴ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ആണ്.
തീരുമാനം പുനഃപരിശോധിക്കാൻ അധികാരികളോട് ആവശ്യപ്പെട്ട് അയൽവാസികൾ ഒപ്പിട്ട കത്ത് ദമ്പതികൾ കൗൺസിലിന് അയച്ചെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല. ദമ്പതികൾ നിർബന്ധമായും പിഴ അടയ്ക്കണം എന്ന നിലപാടിൽ തന്നെയാണ് അധികൃതർ. ഓരോ മാസവും തവണകളായാണ് ഈ പണം അടച്ചു തീർക്കേണ്ടത്. തങ്ങളുടെ സാമ്പത്തിക ഭദ്രതയെ കൗൺസിലിന്റെ നടപടി തകർത്തതോടെ സഹായം അഭ്യർത്ഥിച്ച് ഇവർ ഒരു GoFundMe അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എലി വന്നാലും പൂച്ച വന്നാലും ഇനി ഒരിക്കലും തെരുവ് വൃത്തിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് ദമ്പതികൾ പറഞ്ഞു.
എന്നാൽ, ദമ്പതികളുടെ ശുചീകരണ പ്രവൃത്തി കൗൺസിലിന്റെ മാലിന്യനിർമാർജ്ജന ചട്ടങ്ങളുടെ ലംഘനമാണെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ദമ്പതികൾ പിഴ അടച്ചേ മതിയാകൂ എന്ന നിലപാടിലാണ് കൗൺസിൽ അധികൃതർ.