പുരാവസ്തു വിറ്റത് 13,000 രൂപയ്ക്ക്; അതേ വസ്തു ലേലത്തില്‍ വിറ്റ വില കേട്ട് ദമ്പതികള്‍ ഞെട്ടി! പിന്നാലെ കേസ്!
ദമ്പതികളില്‍ നിന്നും മുഖംമൂടി വാങ്ങിയ ഡീലര്‍ അതിന്‍റെ പ്രായം കണക്കാക്കുയും പിന്നാലെ ലേലത്തില്‍ വയ്ക്കുകയുമായിരുന്നു. ഒന്നു രണ്ടുമല്ല കോടികളായിരുന്നു ലേലത്തില്‍ കിട്ടിയത്.
ഫ്രഞ്ച് കോടതി സവിശേഷമായ ഒരു നിയമ കേസിന് സാക്ഷ്യം വഹിക്കുകയാണ്. വില്പന നടത്തിയ വസ്തുവിന് ലഭിച്ച പണം കുറഞ്ഞ് പോയെന്നും അതിന്‍റെ യഥാര്‍ത്ഥ വിലയ്ക്ക് തതുല്യമായ പണം ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാന്‍സിലെ വൃദ്ധ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഈ കേസ് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. അതില്‍ പ്രധാനം, ഒരു കലാസൃഷ്ടിയുടെ യഥാർത്ഥ മൂല്യം മനസ്സിലാക്കിയ ശേഷം, കുറഞ്ഞ വിലയ്ക്ക് വിറ്റതിന് ആർക്കെങ്കിലും നഷ്ടപരിഹാരം തേടാനാകുമോ എന്നതാണ്. പേര് വെളിപ്പെടുത്താത്ത 88 ഉം 81 ഉം വയസുള്ള വൃദ്ധ ദമ്പതികളാണ് പരാതിക്കാര്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള ദമ്പതികള്‍ കേസ് കോടതി അനുതാപപൂര്‍വ്വം കേള്‍ക്കുന്നു.
വൃദ്ധ ദമ്പതികള്‍ വീട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച ഒരു മുഖംമൂടിയാണ് കേസിലെ പ്രധാന വസ്തു. വീടിന്‍റെ മൂലയില്‍ കാലങ്ങളായി പൊടിപിടിച്ച് കിടന്ന പഴയ സാധനങ്ങള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നതിനിടെയാണ് ആ മാസ്ക് അവര്‍ കണ്ടെത്തിയത്. മറ്റെല്ലാം കിട്ടിയ പൈസയ്ക്ക് വിറ്റപ്പോള്‍ ആ മാസ്ക് മാത്രം മികച്ച വില ലഭിക്കുമെന്ന് കരുതി ഒരു പുരാവസ്തു ഡീലര്‍ക്ക് വിറ്റതെന്ന് ദമ്പതികള്‍ പറയുന്നു. 2021 സെപ്റ്റംബറിൽ 150 യൂറോയ്‌ക്ക് (ഏകദേശം 13,000 രൂപ) മാസ്‌ക് വാങ്ങാൻ ഡീലർ സമ്മതിച്ചു.
മാസ്കിന്‍റെ വില്പന നടന്ന് മാസങ്ങള്‍ക്ക് ശേഷം ഒരു പത്ര വാര്‍ത്ത കണ്ട ദമ്പതികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വെറും 13,000 രൂപയ്ക്ക് തങ്ങള്‍ വിറ്റ ആ മാസ്ക് ഒരു ലേലത്തില്‍ വിറ്റ് പോയത് ഒന്നും രണ്ടുമല്ല 36 കോടി രൂപയ്ക്ക് (4.2 ദശലക്ഷം യൂറോ). പൊടി പിടിച്ച് തങ്ങളുടെ വീടിന്‍റെ മൂലയില്‍ കിടന്ന ആ മാസ്ക് വെറുമൊരു മുഖംമൂടിയായിരുന്നില്ല. ഫാങ് (Fang) എന്ന അപൂര്‍വ്വ ജനസമൂഹം ഉപയോഗിച്ചിരുന്ന നെജില്‍ (Ngil Mask) മുഖംമൂടിയായിരുന്നു അത്. ഒരു ആഫ്രിക്കൻ രഹസ്യ സമൂഹത്തിൽ ആചാരങ്ങളിലും ശുദ്ധീകരണ ചടങ്ങുകളിലും ഉപയോഗിച്ചിരുന്ന മുഖംമൂടി. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ആഫ്രിക്കയിലെ കൊളോണിയൽ ഗവർണറായിരുന്ന ഭര്‍ത്താവിന്‍റെ മുത്തച്ഛനാണ് ഗാബോണിൽ നിന്ന് ഈ പുരാവസ്തു വാങ്ങിയത്. തലമുറ കൈമാറിയപ്പോള്‍ മുഖംമൂടിയുടെ പ്രാധാന്യം മാത്രം കൈമാറിയില്ല. അതോടെ അതൊരു വെറും പുരാവസ്തുമാത്രമായി.
'മൂട്ട കടി സഹിക്കവയ്യ'; പാരീസിന്‍റെ തെരുവുകളില്‍ കിടക്കകള്‍ ഉപേക്ഷിച്ച് ജനം !
വാര്‍ത്ത കണ്ട ദമ്പതികള്‍ തങ്ങള്‍ കബളിക്കപ്പെട്ടതായി കരുതി. അവര്‍ തങ്ങളുടെ കൈയില്‍ നിന്നും മുഖംമൂടി വാങ്ങിയ ഡീലര്‍ക്കെതിരെ കോടതിയെ സമീപിച്ചു. കഴിഞ്ഞ ജൂണ്‍ 28 ന് കേസ് എടുത്ത കോടതി ആ അപൂര്‍വ്വ മുഖംമൂടിയുടെ വില്പന തടഞ്ഞു. മാസ്ക് വാങ്ങുമ്പോള്‍ ഡീലര്‍ക്ക് അതിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും അയാള്‍ നല്ല വില നല്‍കിയില്ലെന്നും ദമ്പതികള്‍ ആരോപിക്കുന്നു. മാസ്ക് വാങ്ങിയ ഡീലര്‍, പക്ഷേ അത് ഒരിക്കല്‍ പോലും വില്പനയ്ക്കായി തന്‍റെ കടയില്‍ വച്ചില്ല. പകരം അയാള്‍ ഒരു ലേല സ്ഥാപനവുമായി ബന്ധപ്പെട്ടു. 100 യൂറോ മുതൽ 600 യൂറോ (8,836 രൂപ മുതൽ 53,020 രൂപ വരെ) ലഭിക്കുമെന്നായിരുന്നു ലേല സ്ഥാപനത്തിന്‍റെ മറുപടി. എന്നാല്‍, മാസ്കിന്‍റെ പ്രായം കണക്കാന്‍ ഡീലര്‍ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ കാർബൺ-14 ഡേറ്റിംഗ് വിശകലനത്തില്‍, മുഖംമൂടി 19-ാം നൂറ്റാണ്ടിലേതാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മുഖംമൂടി ലേലത്തില്‍ വച്ചതും 36 കോടി രൂപയ്ക്ക് ലേലം വിളിക്കപ്പെട്ടതും. വിവാദമായ ഈ ആഫ്രിക്കന്‍ മുഖംമൂടിയുടെ ഒരു ഡസനോളം മാതൃകകൾ മാത്രമേ ഇന്ന് ലോകമെമ്പാടുമായും ഏതാനും പാശ്ചാത്യ മ്യൂസിയങ്ങളുടെ ശേഖരങ്ങളിലുമായി അവശേഷിക്കുന്നൊള്ളൂ.