കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത, മഞ്ഞുരുകുന്നത് അതിവേഗം, 15 വർഷം മുമ്പും ഇന്നും, ഞെട്ടിക്കുന്ന ചിത്രം
15 വർഷം മുമ്പെടുത്ത ചിത്രത്തിൽ വെളുത്ത നിറത്തിൽ മഞ്ഞ് പുതഞ്ഞുനിൽക്കുന്നത് കാണാം. എന്നാൽ, അടുത്തിടെ എടുത്തിരിക്കുന്ന ചിത്രത്തിൽ ഇത് കാണാനുമാവുന്നില്ല.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ദമ്പതികൾ. ബ്രിസ്റ്റോളിൽ നിന്നുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പറായ ഡങ്കൻ പോർട്ടർ ആണ് 15 വർഷം മുമ്പും ശേഷവുമുള്ള ചിത്രത്തിലൂടെ കാലാവസ്ഥാവ്യതിയാനത്തിലുണ്ടായ പ്രകടമായ മാറ്റം ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയത്.
സ്വിറ്റ്സർലാന്‍റിലെ ആൽപ്‌സ് മലനിരയിലെ ഒരേ സ്ഥലത്തുവച്ചെടുത്ത തന്റെയും ഭാര്യയുടെയും ചിത്രങ്ങളാണ് ഡങ്കൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആഗോളതാപനം മഞ്ഞുമലകളെ എത്ര പെട്ടെന്നാണ് ഉരുക്കിക്കളയുന്നത് എന്നത് ഈ ചിത്രങ്ങളിലൂടെ തന്നെ വളരെ വ്യക്തമാണ്. റോൺ ഹിമാനിയിലെ ഒരേ സ്ഥലത്ത് വച്ചാണ് ഈ രണ്ട് ചിത്രങ്ങളും പകർത്തിയിരിക്കുന്നത്.
15 വർഷം മുമ്പെടുത്ത ചിത്രത്തിൽ വെളുത്ത നിറത്തിൽ മഞ്ഞ് പുതഞ്ഞുനിൽക്കുന്നത് കാണാം. എന്നാൽ, അടുത്തിടെ എടുത്തിരിക്കുന്ന ചിത്രത്തിൽ ഇത് കാണാനുമാവുന്നില്ല. അവിടെ നമുക്ക് കാണാനാവുന്നത് ചാരനിറത്തിലുള്ള പാറകളാണ്. മഞ്ഞമൂടിക്കിടന്നിരുന്ന സ്ഥലം ഒരു പച്ചത്തടാകമായി മാറുകയും ചെയ്തിട്ടുണ്ട്. താൻ സത്യം പറയുകയാണ് ഈ കാഴ്ച തന്നെ കരയിപ്പിച്ചു എന്നാണ് ഡങ്കൻ പറയുന്നത്.
ഡങ്കനും ഭാര്യ ഹെലനും 15 വർഷം മുമ്പ് നടത്തിയ യാത്രയിൽ ‘വെസ് ആൻഡേഴ്സൺ സ്റ്റൈൽ’ ഹോട്ടലിന്റെ വ്യൂപോയിന്‍റിൽനിന്നുമാണ് ചിത്രങ്ങൾ പകർത്തിയത്. അത് അവർ തങ്ങളുടെ അടുക്കളയിൽ തൂക്കുകയും ചെയ്തിരുന്നു. വീണ്ടും ആ മലകൾ സന്ദർശിക്കുകയും കൗമാരക്കാരികളായ മക്കൾക്ക് ആ ഹിമാനികൾ കാണിച്ചുകൊടുക്കാനും വേണ്ടി ഏറെ ആവേശത്തോടെയാണ് ഡങ്കനും ഹെലനും ഈ യാത്ര പുറപ്പെട്ടത്. അതിലാണ് ചിത്രം പകർത്തിയതും. എന്നാൽ, ഈ അനുഭവം തീർത്തും അവിശ്വാസം തന്നെ എന്നായിരുന്നു ഹെലന്റെ പ്രതികരണം.
വളരെ പെട്ടെന്നാണ് ഈ ചിത്രം വൈറലായി മാറിയത്. ആശങ്ക തോന്നുന്നു എന്നാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചത്.