ജാതി അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ വിവിധ നിറത്തിലുള്ള ബാന്‍‍ഡുകള്‍; നിരോധിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ നിറങ്ങളിലായിരുന്നു ബാന്‍ഡുകള്‍. 'ഉയര്‍ന്ന ജാതി'യിലാണോ, 'താഴ്‍ന്ന ജാതി'യിലാണോ എന്ന് വ്യക്തമാക്കുന്നതിനായി തിലകമണിയുന്നതടക്കമുള്ള മറ്റ് കാര്യങ്ങളും ഈ സ്കൂളുകള്‍ നടപ്പിലാക്കിയിരുന്നു. 

colour coded caste bands in Tamil Nadu school

ചെന്നൈ: ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വേര്‍തിരിവുകള്‍ ഇപ്പോഴും വ്യക്തമായി നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. എന്തൊക്കെ നിരോധനങ്ങളുണ്ടായാലും, ഒളിഞ്ഞും തെളിഞ്ഞും ജാതിയുടെ പേരിലുള്ള ആക്രമണങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഈ ജാതീയമായ വേര്‍തിരിവുകള്‍ക്ക് തുടക്കമിടുന്നത് സമത്വത്തെ കുറിച്ച് പഠിപ്പിക്കേണ്ട വിദ്യാലയങ്ങളില്‍ നിന്നുതന്നെയാണെങ്കിലോ? തമിഴ്‍നാട്ടില്‍ ചില വിദ്യാലയങ്ങളില്‍ നിലനിന്നിരുന്ന ജാതി ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വാര്‍ത്തയാവുകയാണ്. വിദ്യാഭ്യാസ മന്ത്രി ഇതിനോട് പ്രതികരിച്ച രീതിയും പ്രതിഷേധത്തിനിടയാക്കി. അത്തരമൊരു നിരോധനത്തിന്‍റെ ആവശ്യമില്ലെന്നും, ഇത് വെറുതെ വിവാദം വിളിച്ചുവരുത്തുന്നതിന് വേണ്ടിയാണ് എന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. 

തമിഴ്‍നാട്ടിലെ ചില സ്‍കൂളിലെ വിദ്യാര്‍ത്ഥികളുടെ കൈത്തണ്ടയില്‍ വ്യത്യസ്തങ്ങളായ ബാന്‍ഡുകള്‍ കാണാം. പലനിറങ്ങളിലുള്ളതാണ് ഈ ബാന്‍ഡുകള്‍. എന്നാല്‍, ഇവ ധരിക്കേണ്ടത് ഓരോ ജാതിയേയും അടിസ്ഥാനമാക്കിയാണ്. ഇന്ന ജാതിക്കാര്‍ക്ക് ഇന്ന നിറത്തിലുള്ള ബാന്‍ഡുകള്‍ എന്നിങ്ങനെ... 

ഓരോ ജാതിക്കാര്‍ക്ക് ഓരോ നിറം

തമിഴ്‍നാട്ടിലെ ചില  സ്‍കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ജാതീയമായി വേര്‍തിരിക്കുന്നുണ്ട് എന്നത് പൊതുജനശ്രദ്ധയിലെത്തിയത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കായികാധ്യാപകരും ജില്ലാ ഓഫീസര്‍മാരും വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിക്കുന്നുണ്ടെന്നായിരുന്നു പുറത്തറിഞ്ഞത്. കുട്ടികളുടെ കയ്യിലെ ബാന്‍ഡുകള്‍ നോക്കി അവരുടെ ജാതി മനസിലാക്കുകയും പലപ്പോഴും കായികമത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പുകളില്‍ നിന്നും അവരെ മാറ്റിനിര്‍ത്തുകയും ചെയ്യുകയായിരുന്നു. ചില സ്‍കൂളുകളിലാകട്ടെ കുട്ടികളുടെ ജാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രത്തിനുവരെ വിലക്കുണ്ടായിരുന്നതായും വാര്‍ത്തകള്‍ വന്നു. 

ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ നിറങ്ങളിലായിരുന്നു ബാന്‍ഡുകള്‍. 'ഉയര്‍ന്ന ജാതി'യിലാണോ, 'താഴ്‍ന്ന ജാതി'യിലാണോ എന്ന് വ്യക്തമാക്കുന്നതിനായി തിലകമണിയുന്നതടക്കമുള്ള മറ്റ് കാര്യങ്ങളും ഈ സ്കൂളുകള്‍ നടപ്പിലാക്കിയിരുന്നു. ജാതിയുടെ പേരിൽ  വിദ്യാര്‍ത്ഥികള്‍ പലപ്പോഴും കായികമത്സരങ്ങളില്‍ നിന്നും തഴയപ്പെട്ടിരുന്നു. കയ്യിലെ ബാന്‍ഡുകള്‍ നോക്കി വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിച്ചുകൊണ്ടിരുന്നു  പലരും. ഭക്ഷണസമയത്തും പല സ്കൂളുകളിലും ഈ ജാതി വേര്‍തിരിവ് പ്രകടമായി. 

2018 -ലെ ഐഎഎസ് ട്രെയിനികളുടെ ഒരു സംഘമാണ് ഗവണ്‍മെന്‍റിന് ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയത്. തമിഴ്‌നാട്ടിലെ ചില സ്‌കൂളുകളിൽ  ജാതിക്കനുസരിച്ച് പല നിറങ്ങളിലുള്ള ബാൻഡുകൾ കൈത്തണ്ടയിൽ ധരിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി ഇതില്‍ വ്യക്തമായി പരാമർശിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ജൂലൈ 31 -ന് ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷന്‍ ഇതുസംബന്ധിച്ച്  സര്‍ക്കുലര്‍ ഇറക്കി. ഓരോ ചീഫ് എജുക്കേഷണല്‍ ഓഫീസര്‍മാരും ജില്ലകളില്‍ ഇതുപോലെ ജാതീയമായി ബാന്‍ഡുകള്‍ ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സ്കൂളുകള്‍ അടിയന്തരമായി കണ്ടെത്തണം. ഹെഡ്‍മാസ്റ്റര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് കർശന നിര്‍ദ്ദേശം നല്‍കുകയും എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിക്കുകയും വേണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

colour coded caste bands in Tamil Nadu school

വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്

എന്നാല്‍, തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യന്‍ ഇതിനോട് പ്രതികരിച്ച രീതി വലിയതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയാക്കി. അത്തരമൊരു നിരോധനത്തിന്‍റെ ആവശ്യമില്ലെന്നും, ഇത് വെറുതെ വിവാദം വിളിച്ചുവരുത്തുന്നതിന് വേണ്ടിയാണ് എന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. 'വിദ്യാര്‍ത്ഥികള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വിവിധ നിറമുള്ള ബാന്‍ഡുകള്‍ ധരിക്കുന്നുവെങ്കില്‍ അത് തുടരും. അത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറുകളെ കുറിച്ച് ഒന്നുമറിയില്ല.' എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. കൂടാതെ, ഇതൊക്കെ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന തരത്തിലും മന്ത്രി പ്രതികരിച്ചു.

ബി ജെ പിയും ഈ ബാന്‍ഡുകള്‍ ധരിക്കുന്നത് നിരോധിക്കുന്നതിനെതിരായിരുന്നു. ഇതിനോട് മുതിര്‍ന്ന ബി ജെ പി നേതാവ് എച്ച്. രാജ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, 'ഇത് ഹിന്ദുമത്തിനെതിരാണ്. എങ്ങനെയാണ് ഹിന്ദുമത ചിഹ്നങ്ങളായ തിലകമടക്കം നിരോധിക്കുക?' ഈ ബാന്‍ഡുകളും മതചിഹ്നവും നിരോധിച്ചവരെ ശിക്ഷിക്കേണ്ടതുണ്ട് എന്നും രാജ പറഞ്ഞിരുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios