കെട്ടിടം പൊളിച്ചപ്പോൾ മൂർഖന് പരിക്ക്, ശസ്ത്രക്രിയ നടത്തി ഡോക്ടർ
കനകപുര റോഡിലെ രാജസ്ഥാൻ ധാബയിലെ പഴയ കെട്ടിടം തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂർഖൻ പാമ്പിന് ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ മൂർഖന് വിജയകരമായി ശസ്ത്രക്രിയ ചെയ്ത് മൃഗഡോക്ടർമാർ. ഹാവേരി ജില്ലയിലാണ് സംഭവം. പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടയിലാണ് അതിന്റെ ഇടയിൽ പെട്ട് മൂർഖന് സാരമായ പരിക്കേറ്റതത്രെ. പോളിക്ലിനിക്കിലെ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. സന്നബെരപ്പയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പിന്നീട് ഇതിനെ കർജഗി റിസർവ് ഫോറസ്റ്റ് ഏരിയയിൽ വിടുകയായിരുന്നു.
കനകപുര റോഡിലെ രാജസ്ഥാൻ ധാബയിലെ പഴയ കെട്ടിടം തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂർഖൻ പാമ്പിന് ഗുരുതരമായി പരിക്കേറ്റത്.
“ദേശീയ പാത 48 -ലെ ധാബയുടെ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂർഖൻ പാമ്പിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് ഞങ്ങൾ സംഭവസ്ഥലത്തെത്തി അതിനെ പോളിക്ലിനിക്കിലേക്ക് കൊണ്ടുവന്നു“ പാമ്പുകളുടെ രക്ഷയ്ക്കെത്തുന്ന നാഗരാജ് ബൈരണ്ണ പറഞ്ഞു. വെറ്ററിനറി ഡോക്ടർ സന്നബെരപ്പ ഉടൻ തന്നെ ചികിത്സ ആരംഭിച്ചതായും അദ്ദേഹം പറയുന്നു.
“ശസ്ത്രക്രിയക്ക് ശേഷം ഞങ്ങൾ അഞ്ച് ദിവസം ഈ മൂർഖനെ പരിപാലിച്ചു. അത് ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് ഞങ്ങൾ അതിനെ കർജാഗി റിസർവ് ഫോറസ്റ്റ് ഏരിയയിൽ വിട്ടത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.