കശ്മീരില്‍ മഞ്ഞ് വീഴ്ച ഒരു സ്വപ്നമാകുമോ ? ഇല്ല, അടുത്ത ആഴ്ച തന്നെയെന്ന് കാലാവസ്ഥാ കേന്ദ്രം
മഞ്ഞ് വീഴ്ച കുറഞ്ഞതോടെ കശ്മീരില്‍ ജലക്ഷാമം രൂക്ഷമായി. 45 ദിവസം നീണ്ടു നിന്ന വരൾച്ചയായിരുന്നു ഇത്തവണ കശ്മീരില്‍ അനുഭവപ്പെട്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി ലോകം കണ്ടു. വന്‍കരകളായ വന്‍കരകളിലെല്ലാം പ്രളയും കാട്ടുതീയും പേമാരിയും പൊടിക്കാറ്റും നിറഞ്ഞ കാലമായിരുന്നു കടന്ന് പോയത്. ഈ നിരയില്‍ ഏറ്റവും ഒടുവിലത്തേതായി പുറത്ത് വന്ന വാര്‍ത്ത കശ്മീരില്‍ മഞ്ഞ് വീഴ്ച വൈകുന്നുവെന്നതാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കശ്മീരില്‍ മഞ്ഞ് വീഴ്ചയുടെ തുടക്കം. ഇക്കാലത്ത് തന്നെയാണ് കശ്മീരില്‍ ടൂറിസം സീസണ്‍ തുടങ്ങുന്നതും. എന്നാല്‍ ഇത്തവണ ജനുവരി 20 ആയിട്ടും കശ്മീരില്‍ മഞ്ഞ് വീഴ്ച ഇല്ലായെന്നതാണ് അവസ്ഥ. അതേസമയം അഞ്ച് ദിവസം കൂടി കാത്തിരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ജനുവരി 25 ഓടെ കശ്മീരില്‍ മഞ്ഞ് വീഴ്ചയും മഴയും ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
മഞ്ഞ് വീഴ്ച കുറഞ്ഞതോടെ കശ്മീരില്‍ ജലക്ഷാമം രൂക്ഷമായി. 45 ദിവസം നീണ്ടു നിന്ന വരൾച്ചയായിരുന്നു ഇത്തവണ കശ്മീരില്‍ അനുഭവപ്പെട്ടത്. കശ്മീർ താഴ്വരയിലെ ഝലം നദി ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വരണ്ട് തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനന്ത്നാഗ് ജില്ലയിലെ സംഗമിൽ 0.75 അടിയും ബന്ദിപ്പോര ജില്ലയിലെ ആഷാമിൽ 0.86 അടിയും മാത്രമാണ് ഝലം നദിയിലുള്ള ജലമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. "ജലാശയങ്ങളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു, ഭാഗ്യത്തിന് ഞങ്ങളുടെ ജലസേചന സീസൺ ആരംഭിച്ചിട്ടില്ല, അതിനാലാണ് ഇത് ഇതുവരെ ജലക്ഷാമം ഞങ്ങളെ ബാധിക്കാത്തത്," എന്ന് ചീഫ് എഞ്ചിനീയര്‍ വീരേഷ് കുമാർ വിയോണ്‍ ന്യൂസിനോട് പറഞ്ഞു.
2,500 രൂപയുടെ ഓരോ ഇടപാടിനും 150 രൂപ ക്യാഷ്ബാക്ക്; കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 95,000 രൂപ !
'എവിടെടാ എന്‍റെ ചായ?' ജയ്പൂരില്‍ ഹെറിറ്റേജ് ഹോട്ടല്‍ മുറിയില്‍ കയറിയ പുള്ളിപ്പുലി പെട്ടു !
കശ്മീരിലെ കിണറുകൾ, നീരുറവകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവയെ ആശ്രയിക്കുന്ന നിരവധി ജലവിതരണ പദ്ധതികൾ ഒന്നുകിൽ വറ്റിപ്പോവകുയോ അല്ലെങ്കിൽ ജലനിരപ്പ് കുത്തനെ കുറയുകയോ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഝലം നദിയിലെ സമീപകാലത്തെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഈ ജനുവരിയില്‍ രേഖപ്പെടുത്തപ്പെട്ടത്. 2017 നവംബറിലാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ജലക്ഷാമം രൂക്ഷമായിരുന്നത്. കശ്മീരില്‍ ജലക്ഷാമം രൂക്ഷമാകാന്‍ കാരണം മഞ്ഞ് വീഴ്ചയില്ലാത്തതാണ്. 2023 ഡിസംബറിൽ കശ്മീരിൽ മഞ്ഞോ മഴയോ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഈ വര്‍ഷം ആദ്യമായി ശ്രീനഗരില്‍ 15 ഡിഗ്രി സെൽഷ്യസ് താപനില കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തി. കശ്മീര്‍ മാത്രമല്ല, ഹിമാലയത്തിന്‍റെ താഴ്വാരയായ ഹിമാചല്‍ പ്രദേശിലെ ഷിംലയിലും മണാലിയിലും മഞ്ഞ് വീഴ്ചയില്ലെന്നും സമാന സ്ഥിതിയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലഡാക്കിലും കാർഗിലിലും സാധാരണയേക്കാൾ ചൂട് കൂടുതലാണ്. കാർഗിലിലെ ദ്രാസില്‍ കഴിഞ്ഞ ഞായറാഴ്ച 9.5 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നു.
കശ്മീരിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഈർപ്പമുള്ള കാലാവസ്ഥയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇതിനിടെ ചൊവ്വാഴ്ച കശ്മീരില്‍ കനത്ത മഴ പെയ്തു. അതേസമയം മിക്ക സ്ഥലങ്ങളിലും മിതമായ മഴയും ചില ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ദൃശ്യമായെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇടിമിന്നല്‍, ആലിപ്പഴം വീഴ്ച എന്നിവയും ചില സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത രണ്ട് ദിവസത്തേക്ക് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുഖ്തൈർ അഹമ്മദ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈർപ്പമുള്ള കാലാവസ്ഥ താഴ്വരയിലുടനീളം താപനില കുറയാൻ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ശ്രീനഗറിലെ പരമാവധി താപനില 15.3 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് സാധാരണയിൽ നിന്ന് 11 ഡിഗ്രി കുറവാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ പരമാവധി താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ കുറവായിരിക്കുമെന്നും അഹമ്മദ് പറഞ്ഞു.