ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ പലയിടത്തിട്ടു, 25 കൊല്ലത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ
2003 -ൽ മെലിസയുടെ ശരീരഭാഗങ്ങൾ കൃത്യമായും തിരിച്ചറിഞ്ഞു. എന്നാൽ, ഭർത്താവിനെ പൊലീസ് സംശയിച്ചിരുന്നില്ല. പിന്നെയും 21 കൊല്ലം വേണ്ടി വന്നു അവളുടെ കൊലപാതകിയെ പിടികൂടാൻ.
അറ്റ്‌ലാൻ്റയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് 25 വർഷത്തിന് ശേഷം അറസ്റ്റിൽ. 1999 ഏപ്രിൽ, ജൂൺ മാസങ്ങളിലായിട്ടാണ് അറ്റ്‌ലാൻ്റയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് മെലിസ എന്ന സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവ കണ്ടെത്തിയത് എന്നതിനാൽ തന്നെ സംശയത്തിന്റെ മുന ഭർത്താവിലേക്ക് നീണ്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നുമാണ് പറയുന്നത്.
അറ്റ്ലാൻ്റ പൊലീസ് ലെഫ്റ്റനൻ്റ് ആൻഡ്രൂ സ്മിത്ത് ആഗസ്റ്റ് 7 ബുധനാഴ്ച ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1998 -ലെ താങ്ക്സ്ഗിവിംഗ് ദിനത്തിലാണ് മെലിസ വോൾഫെൻബാർഗർ അവസാനമായി അവളുടെ അമ്മയുമായി ബന്ധപ്പെട്ടത്. 2000 -ത്തിലെ ജനുവരി മാസത്തിലാണ് അവളെ കാണാതായതായി അവളുടെ അമ്മ നോർമ പാറ്റൺ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, മെലിസയുടെ ഭർത്താവ് ക്രിസ്റ്റഫർ വൂൾഫെൻബർ ഒരിക്കലും ഭാര്യയെ കാണാനില്ല എന്ന വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല. 1999 -ലെ ഏപ്രിൽ മാസത്തിൽ മെലിസ താഴെ തെരുവിലൂടെ നടക്കുന്നത് താൻ കണ്ടു എന്നാണ് ക്രിസ്റ്റഫർ പൊലീസിനോട് പറഞ്ഞത്.
2003 -ൽ മെലിസയുടെ ശരീരഭാഗങ്ങൾ കൃത്യമായും തിരിച്ചറിഞ്ഞു. എന്നാൽ, ഭർത്താവിനെ പൊലീസ് സംശയിച്ചിരുന്നില്ല. പിന്നെയും 21 കൊല്ലം വേണ്ടി വന്നു അവളുടെ കൊലപാതകിയെ പിടികൂടാൻ.
കേസ് അന്വേഷിച്ച ഡിറ്റക്ടീവ് ജാരിയോൺ ഷെപ്പേർഡ് പറയുന്നത്, 2021 -ലാണ് താൻ അന്വേഷണം ഏറ്റെടുത്തത് എന്നാണ്. വീണ്ടും തെളിവുകളടക്കം എല്ലാം പരിശോധിച്ചു. അങ്ങനെയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിപ്പെട്ടത്. ക്രിസ്റ്റഫർ മെലിസയെ വധിക്കുന്നത് കുടുംബവഴക്കിന്റെ ഭാഗമായിട്ടാണ് എന്ന് സംശയിക്കുന്നു എന്നും പൊലീസ് പറയുന്നു.
മെലിസയുടെ അമ്മ പറയുന്നത്, മകൾ പലപ്പോഴും വീട്ടിൽ വന്ന് നിൽക്കാറുണ്ടായിരുന്നു. കുട്ടികളെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് മാത്രമാണ് ക്രിസ്റ്റഫറിന്റെ അടുത്തേക്ക് അവൾ മടങ്ങിപ്പോയിരുന്നത് എന്നാണ്. എന്തായാലും, ഇത്ര കാലം കഴിഞ്ഞാണെങ്കിലും മകളുടെ കൊലപാതകിയെ അറസ്റ്റ് ചെയ്തത് അവർക്ക് ആശ്വാസമായി.