'ഭർത്താവിന്റെ നല്ല ജീനുകൾ പാഴാക്കരുത്'; 9 കുട്ടികളുടെ അമ്മ, 12 രാശിയിലും കുട്ടികൾ വേണമെന്ന് ആഗ്രഹം
തൻറെ ഭർത്താവിൻറെ നല്ല 'ജീനുകൾ' നഷ്ടമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് 12 ചൈനീസ് രാശികളിലും തനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹം എന്നുമാണ് ടിയാൻ പറയുന്നത്.
കുടുംബം, കുട്ടികൾ, ഭാവിജീവിതം എന്നിവയെക്കുറിച്ചൊക്കെ പലതരത്തിലുള്ള ആഗ്രഹങ്ങൾ ഉള്ളവരാണ് മനുഷ്യർ. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ചൈനയിൽ നിന്നുള്ള ഒരു യുവതിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അല്പം വേറിട്ടത് തന്നെയാണ്. നിലവിൽ 9 കുട്ടികളുടെ അമ്മയായ ഈ സ്ത്രീക്ക് 12 ചൈനീസ് രാശികളിലും കുട്ടികൾ വേണമെന്നാണത്രേ ആഗ്രഹം. തന്റെ ഭർത്താവിൻറെ നല്ല ജീനുകൾ നഷ്ടമായിപ്പോകാതിരിക്കാൻ ആണത്രേ ഇത്രമാത്രം കുട്ടികൾ വേണമെന്ന് ഇവർ ആഗ്രഹിക്കുന്നത്.
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ടിയാൻ ഡോങ്‌സിയ എന്ന 33 -കാരിയാണ് തൻറെ കുടുംബ ജീവിതത്തെക്കുറിച്ച് ഇത്തരത്തിൽ വേറിട്ട ഒരു സ്വപ്നം കാണുന്നത്. 2018 -ലാണ് ഇവർ തൻറെ ഭർത്താവായ ഷാവോ വാൻലോങ്ങിനെ കണ്ടുമുട്ടുന്നത്. പിന്നീട് രണ്ടുവർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി. 2010 -ൽ, ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ടൈഗർ രാശിയിൽ ആയിരുന്നു കുട്ടിയുടെ ജനനം.
കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് തൊട്ടടുത്ത വർഷം ഡ്രാഗൺ രാശിയിൽ രണ്ട് ഇരട്ട കുട്ടികൾ ജനിച്ചു. ഇപ്പോൾ ഇവർക്ക് ഒൻപത് കുട്ടികളുണ്ട്. 2022 ടൈഗർ രാശിയിൽ ജനിച്ച ആൺകുട്ടിയാണ് ഇളയ കുട്ടി. തൻറെ ഭർത്താവിൻറെ നല്ല 'ജീനുകൾ' നഷ്ടമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് 12 ചൈനീസ് രാശികളിലും തനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹം എന്നുമാണ് ടിയാൻ പറയുന്നത്.
ദമ്പതികൾക്ക് അഞ്ച് ആൺമക്കളും നാല് പെൺമക്കളുമുണ്ടെങ്കിലും ഓക്സ്, റാബിറ്റ്, സ്നേക്ക്, ഹോഴ്സ്, ഷീപ്പ് എന്നീ രാശിചിഹ്നങ്ങളിൽ ഇപ്പോഴും കുട്ടികളില്ല. ഇപ്പോൾ തങ്ങളുടെ പത്താമത്തെ കുട്ടിയെ ഉദരത്തിൽ വഹിക്കുകയാണ് ടിയാൻ. ഈ സന്തോഷവാർത്ത പുറത്തുവിട്ടു കൊണ്ടുള്ള വീഡിയോ ഇവർ ഒക്ടോബർ 17 -ന് ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഡൗയിനിൽ പോസ്റ്റ് ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
തൻറെ ആരോഗ്യസ്ഥിതി കാരണം ഡ്രാഗൺ വർഷത്തിൽ തനിക്കൊരു കുഞ്ഞിനെ ജനിപ്പിക്കാൻ കഴിയില്ലെന്നും അതിനാൽ അടുത്തവർഷം സ്നേക്ക് രാശിയിൽ തൻറെ അടുത്ത കുഞ്ഞ് പിറക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവതി പറയുന്നു.
ഷാവോ ഒരു പവർ സപ്ലൈ കമ്പനിയുടെ സിഇഒയും സ്ഥാപകനുമാണ്, ടിയാൻ ആ കമ്പനിയുടെ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു. 2009 മുതൽ ബിസിനസ് രംഗത്ത് സജീവമായ ഈ ദമ്പതികളുടെ സമീപകാല വാർഷിക വരുമാനം 400 ദശലക്ഷം യുവാൻ ആണെന്ന് (US$55 ദശലക്ഷം) അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വില്ലയിൽ ആറ് നാനിമാരും ഒരു പോഷകാഹാര വിദഗ്ധനും കുട്ടികളെ പരിപാലിക്കുന്നതിനും മറ്റുമായി ഉണ്ടെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെപ്പോലെ തന്നെ തന്റെ എല്ലാ മക്കൾക്കും ധാരാളം കുട്ടികൾ വേണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ടിയാൻ പറയുന്നു.
'ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു'; രൂക്ഷവിമർശനവുമായി യുവാവ്