ഇവിടെ നിർത്തിക്കോ നീ! രക്തക്കറ കളയാനും എല്ലുകൾ അലിയിക്കാനും എന്ത് ചെയ്യാമെന്ന വീഡിയോ, യുവാവിനെതിരെ വൻവിമർശനം
ഹൈഡ്രജൻ പെറോക്സൈഡ് അടക്കം വിവിധ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ രക്തക്കറ നീക്കം ചെയ്യാം തുടങ്ങിയ വീഡിയോകളാണ് ഇയാൾ പങ്കുവയ്ക്കുന്നത്. അതാണ് ആളുകളെ ആശങ്കയിലാക്കുന്നത്.
വൈറലാവാനും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും എന്തും ചെയ്യുന്ന അനേകം പേരെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം. അവിടെ മറ്റുള്ളവരുടെ സുരക്ഷയോ, തങ്ങളുടെ വീഡിയോ ഉണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങളോ ഒന്നും ചിലർ ഗൗനിക്കാറില്ല. അതുപോലെ, ചൈനയിൽ നിന്നുള്ള ഒരു യുവാവ് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ക്ലീനിംഗ് ട്യൂട്ടോറിയലുകളാണ് യുവാവ് ചെയ്യുന്നത്. എന്നാൽ, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് യുവാവ് വൃത്തിയാക്കുന്നത്. അതോടെ, ഇയാളുടെ വീഡിയോ ആളുകളെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന വലിയ വിമർശനമാണ് ഉയരുന്നത്.
ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ളയാളാണ് ഹുവ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഇയാൾ. താൻ ഒരു ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
ചൈനയിൽ നിന്നുള്ള ഒരു വീഡിയോ പ്ലാറ്റ്‍ഫോമിൽ ഇയാൾക്ക് 350,000 -ത്തിലധികം ഫോളോവേഴ്സാണുള്ളത്. അതിലാണ് പ്രസ്തുത വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതും. ഹൈഡ്രജൻ പെറോക്സൈഡ് അടക്കം വിവിധ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ രക്തക്കറ നീക്കം ചെയ്യാം തുടങ്ങിയ വീഡിയോകളാണ് ഇയാൾ പങ്കുവയ്ക്കുന്നത്. അതാണ് ആളുകളെ ആശങ്കയിലാക്കുന്നത്.
അത് കൂടാതെ, കോഴിയുടെ എല്ലുകൾ അലിയിക്കുന്നതടക്കമുള്ള വീഡിയോയും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തരം വീഡിയോകൾ പതിവായി പങ്കുവയ്ക്കാൻ തുടങ്ങിയതോടെ ഇത് ആളുകളെ വലിയ ആശങ്കകളിലേക്ക് നയിക്കുകയായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൃത്യമായ കുറ്റകൃത്യങ്ങൾ നടത്താൻ ഇയാൾ ആളുകളെ പ്രേരിപ്പിക്കുകയാണ് എന്നത് തന്നെയാണ് ഇയാൾക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.
ഇത്തരം വീഡിയോകൾ ആളുകളിൽ കുറ്റകൃത്യം ചെയ്യാനുള്ള വാസനയുണർത്തുമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നത് നിരവധിപ്പേരാണ്. ഇയാൾക്കെതിരെ ചൈനയിലെ സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ ഇപ്പോൾ പ്രതികരണവുമായി എത്തിയിട്ടുണ്ട്.