പണം ലാഭിക്കാൻ കഴിക്കുന്നത് പന്നിത്തീറ്റ, യുവതിക്ക് വിമർശനം, ഇത് അപകടമെന്ന് സോഷ്യൽ മീഡിയ
സോയാബീൻ, നിലക്കടല, എള്ള്, ചോളം തുടങ്ങിയ ചേരുവകളാണ് പന്നിത്തീറ്റയിൽ അടങ്ങിയിട്ടുള്ളത് എന്നും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കാണാമായിരുന്നു.
പണം സമ്പാദിക്കുന്നതിനായി പലതരം പിശുക്കുകളും കാണിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഈ ചൈനീസ് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറെപ്പോലെ ഒരാളെ കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമായിരിക്കും. കാശ് ലാഭിക്കുന്നതിന് വേണ്ടി പന്നിക്ക് കൊടുക്കാൻ വേണ്ടിയുള്ള ഭക്ഷണമാണ് (Pig Feed) താൻ കഴിക്കുന്നത് എന്നാണ് അവർ പറയുന്നത്.
കോങ് യുഫെങ് എന്ന യുവതി ചൈനയിലെ ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ്. കിംഗ് കോങ് ലിയുക്ക് എന്നാണ് ഇവർ ഓൺലൈനിൽ അറിയപ്പെടുന്നത്. പ്രതിദിനം 3 യുവാൻ (35 രൂപ) മതി പന്നിക്ക് നൽകാനുള്ള ഭക്ഷണം വാങ്ങാനെന്നും അത് പുറത്ത് നിന്നും മറ്റ് ഭക്ഷണം വാങ്ങി കഴിക്കുന്നതിനേക്കാൾ ലാഭമാണ് എന്നുമാണ് അവർ പറയുന്നത്.
ഹാൻഡിക്രാഫ്റ്റ് ഇൻഫ്ലുവൻസറായ യുഫെങിന് ഡുയിനിൽ 2.8 മില്യൺ ഫോളോവേഴ്‌സുണ്ട്. സിചുവാൻ ഫൈൻ ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിട്ടുമുണ്ട്.
പിഗ് ഫുഡ്ഡാണ് താൻ കഴിക്കുന്നത് എന്ന് വെളിപ്പെടുത്തിയതോടെ അവരെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേരാണ് മുന്നോട്ട് വന്നത്. പന്നികൾക്ക് വേണ്ടി തയ്യാറാക്കുന്ന തീറ്റ കഴിക്കുന്നത് ഒരു മനുഷ്യന് ഒരിക്കലും നല്ലതല്ല, അത് പോഷകാഹാരക്കുറവും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കും എന്നതായിരുന്നു പ്രധാന വിമർശനം.
ഒരു ബാഗ് പന്നിത്തീറ്റയ്ക്കായി 100 യുവാൻ (1,180.49) ആണ് കോങ് ചിലവഴിച്ചത്. അത് തുറന്നപ്പോൾ പാൽ പോലെയുള്ള ഓട്‌സിന്റെ ഗന്ധമായിരുന്നു എന്നാണ് അവൾ പറയുന്നത്. സോയാബീൻ, നിലക്കടല, എള്ള്, ചോളം തുടങ്ങിയ ചേരുവകളാണ് പന്നിത്തീറ്റയിൽ അടങ്ങിയിട്ടുള്ളത് എന്നും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കാണാമായിരുന്നു എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.