കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്, മറച്ചുവെച്ച് ചികിത്സാസഹായം നേടി ഫ്ലാറ്റുവാങ്ങി, യുവാവിനെതിരെ രോഷം
തനിക്ക് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളും ഇയാൾ വീഡിയോയിൽ പ്രദർശിപ്പിച്ചിരുന്നു.
ചൈനയിൽ ക്യാൻസർ ബാധിതനായ യുവാവ് തന്റെ സമ്പാദ്യം മറച്ചുവെച്ച് ചികിത്സാ ധനസഹായം പിരിച്ച് സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത് വിവാദത്തിൽ. 82 ലക്ഷത്തോളം രൂപയാണ് ഇയാൾക്ക് ചികിത്സാ ധനസഹായമായി ലഭിച്ചത്. 900,000 യുവാൻ (125,000 യുഎസ് ഡോളർ) തന്റെ ചികിത്സയ്ക്കായി ഓൺലൈനിലൂടെ സ്വരൂപിക്കാൻ ആയിരുന്നു 29 -കാരൻ ശ്രമം നടത്തിയത്.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകൾ സഹായിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾക്ക് 700,000 യുവാൻ (US$97,000) അതായത് 82 ലക്ഷം ഇന്ത്യൻ രൂപ സഹായമായി ലഭിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ യുവാവ് താൻ വാങ്ങിയ പുതിയ ഫ്ലാറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ആളുകളിൽ സംശയം ഉളവാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചികിത്സാധനസഹായം എന്ന പേരിൽ ഇയാൾ സമാഹരിച്ച തുക കൊണ്ട് ഫ്ലാറ്റ് വാങ്ങിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യിച്ചാങ്ങിൽ നിന്നുള്ള ലാൻ ആണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തിയത്. ഹോഡ്ജ്കിൻസ് ലിംഫോമ എന്ന അപൂർവ ക്യാൻസറുണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞ് ഒക്ടോബർ 14 -ന് ആണ് ലാൻ ഒരു ജനപ്രിയ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിൽ തൻ്റെ ധനസമാഹരണ കാമ്പയിൻ ആരംഭിച്ചത്.
ഷാങ്ഹായ്‌ക്ക് വടക്കുള്ള ജിയാങ്‌സു പ്രവിശ്യയിലെ നാൻജിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2020 -ൽ ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ് താനെന്നും കാൻസർ രോഗനിർണയത്തിന് മുമ്പ് തെക്കൻ ചൈനയിലെ ഗ്വാങ്‌ഷൗവിലെ ഒരു പ്രധാന ഇൻ്റർനെറ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു എന്നുമാണ് ലാൻ ധനസമാഹരണ വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്നത്.
തനിക്ക് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളും ഇയാൾ വീഡിയോയിൽ പ്രദർശിപ്പിച്ചിരുന്നു. പിതാവിൻറെ രോഗവും മരണവും മൂലം തൻറെ കുടുംബത്തിൻറെ സാമ്പത്തികാവസ്ഥ വളരെ പിന്നോക്കം ആണെന്നും വലിയ കടബാധ്യതയിൽ കഴിയുന്നതിനിടയിലാണ് തനിക്ക് ഈ രോഗം വന്നത് എന്നുമാണ് ലാൻ പറയുന്നത്.
ക്രൗഡ് ഫണ്ടിംഗ് ശ്രമം ഏതാനും ദിവസങ്ങൾക്കുള്ളിൽ 700,000 യുവാനിൽ കൂടുതൽ വരുമാനം ഇദ്ദേഹത്തിന് നേടിക്കൊടുത്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നവംബർ 6 ന്, ഒരു ഗ്രൂപ്പ് ചാറ്റിൽ അദ്ദേഹം പുതുതായി വാങ്ങിയ ഫ്ലാറ്റിൻ്റെ ചിത്രങ്ങൾ പങ്കിട്ടതോടെയാണ്, ലാൻ്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ച് ആളുകൾക്ക് സംശയം ഉയർന്നത്.
"ഇത് എൻ്റെ പുതിയ വീടാണ്, മൊത്തം വില 738,000 യുവാൻ" എന്ന കുറിപ്പോടെ ലാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
തട്ടിപ്പ് പുറത്ത് വന്നതോടെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കുടുംബത്തിന് ഒരു മില്യൺ യുവാൻ (US$140,000) വരെ വിലയുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടെ ഒന്നിലധികം സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയത്. വാടകയായി മാത്രം 145,000 യുവാൻ ഉണ്ടാക്കുന്ന 3.8 ദശലക്ഷം യുവാൻ വിലമതിക്കുന്ന വാണിജ്യ സ്വത്തുക്കളും ഈ കുടുംബത്തിന് ഉണ്ടായിരുന്നു. കൂടാതെ വാടകയിനത്തിലും വലിയ വരുമാനം ഇവർക്ക് ലഭിച്ചിരുന്നു.
തട്ടിപ്പ് പുറത്തായതോടെ ലാൻ്റെ സംഭാവന അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഒഴിവാക്കി. സ്വകാര്യ സ്വത്തുക്കൾ സ്വന്തമാക്കാൻ ചികിത്സാധന സഹായ ഫണ്ട് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട്, സംഭാവനകളിൽ നിന്ന് 200,000 യുവാൻ ഒരു നിശ്ചിത-കാല സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി ലാൻ പിന്നീട് അവകാശപ്പെട്ടു.
(ചിത്രം പ്രതീകാത്മകം)
പാരസെറ്റാമോൾ ചേര്‍ത്ത ഐസ്ക്രീം കണ്ടുപിടിച്ചോ? ആ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?