കരുത്ത് കൂട്ടാന്‍ നാറ്റോ, ആര്‍ട്ടിക്കില്‍ സാന്നിധ്യം ശക്തമാക്കാന്‍ ചൈനയും റഷ്യയും
യൂറോപ്പില്‍ നിന്ന് ഫിന്‍ലന്‍ഡിനെയും നാറ്റോ ഒപ്പം കൂട്ടിക്കഴിഞ്ഞു. ഇതേ സമയം ചൈനയും റഷ്യയും ആര്‍ട്ടിക്കില്‍ പിടി മുറുക്കുന്നു.
അതിർത്തികൾ അടയുകയാണ്. ഗ്ലോബൽ വില്ലേജ് എന്നാണ് മുദ്രാവാക്യമെങ്കിലും അവിശ്വാസമാണ് എല്ലാറ്റിനും അടിസ്ഥാനം. റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ അതുവരെ പേരിന് മാത്രമെങ്കിലും ഉണ്ടായിരുന്ന സൗഹൃദങ്ങൾ അവസാനിച്ചു. കൂടുതൽ രാജ്യങ്ങൾ നാറ്റോ അംഗത്വം തേടുന്നു, അതിർത്തികൾ അടച്ചു കെട്ടുന്നു. ഫിൻലൻഡാണ് അവസാനം അതിര്‍ത്തി അടച്ചത്. 'ഇതുവരെ പ്രശ്നങ്ങളില്ലായിരുന്നു, ഇനി ഉണ്ടാവും' എന്ന് റഷ്യൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ് വന്നത് ദിവസങ്ങൾക്കുമുമ്പ് മാത്രം. അതിർത്തിയിൽ ഇനിയൊരു സൈനിക ജില്ല തന്നെ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുന്നു പുടിൻ.
നാറ്റോയുടെ വികസനമായിരുന്നു പണ്ടേ റഷ്യയുടെ പേടി. അതുണ്ടാവില്ലെന്ന് പണ്ടുറപ്പ് നൽകിയിരുന്നു എന്ന് റഷ്യയും, അങ്ങനെയൊരുറപ്പും നൽകിയിട്ടില്ലെന്ന് അമേരിക്കയും ജർമ്മനിയും പറഞ്ഞതിനെച്ചൊല്ലി തർക്കം അവസാനിച്ചിട്ടേയില്ല. വാഗ്ദാന ലംഘനം ആരോപിക്കുന്നു പുടിൻ. യുക്രൈന്‍ അധിനിവേശം അതിന്‍റെ ബാക്കിയായിരുന്നു, അതല്ല കാരണമായി പറഞ്ഞതെങ്കിലും ഫിൻലൻഡ് തങ്ങളുടെ അതിർത്തി അടച്ച് കഴിഞ്ഞു. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് അഭയാർത്ഥികളെ കയറ്റിവിടുന്നു എന്നാരോപിച്ചായിരുന്നു നടപടി.
എന്തായാലും ഫിൻലൻഡിന്‍റെ നാറ്റോ അംഗത്വം പുടിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തം. അതിര്‍ത്തി അടക്കുക കൂടി ചെയ്തതോടെ അത് പൂർത്തിയായി. നാറ്റോ രാജ്യങ്ങളുമായി തനിക്കൊരു പിണക്കവുമില്ലെന്നാണ് പുടിൻ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പറഞ്ഞത്. പിന്നെന്തിന് ഫിൻലൻഡ് നാറ്റോയിലേക്ക് പോയി, അവർ വലിച്ച് കൊണ്ട് പോയതാണ് എന്നൊക്കെ പരാതിപ്പെട്ടു. റഷ്യക്കെതിരായ പ്രചാരണത്തിന്‍റെ ഭാഗം എന്നും കൂട്ടിചേര്‍ക്കപ്പെട്ടു.
കാര്യമെന്തായാലും മഞ്ഞുറഞ്ഞു കിടക്കുന്ന ഉത്തര ധ്രുവ പ്രദേശം, ആർട്ടിക്ക് മേഖല പണ്ടേ പല രാജ്യങ്ങൾ കണ്ണുവച്ചതാണ്, പിടിച്ചടക്കാൻ ശ്രമിക്കുന്നതും. BEAR എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കായ ARKTOS -ൽ നിന്നാണ് ARCTIC എന്ന വാക്കുണ്ടായത്. അതേ പേരിലെ നക്ഷത്രസമൂഹത്തില്‍ നിന്നാണ് പേരിന്‍റെ ഉദ്ഭവം. 8 രാജ്യങ്ങളാണ് ഈ മേഖലയിൽ അവകാശവാദം ഉന്നയിക്കുന്നത്. റഷ്യ, കാനഡ, യുഎസ്എ, ഡെന്‍മാര്‍ക്ക്, ഡെന്‍മാര്‍ക്കിന്‍റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഐസ്‍ലന്‍ഡ് എന്നിവയാണ്. ഇതിൽ ഐസ്‍ലന്‍ഡ് മാത്രമാണ് പൂർണമായും ആർട്ടിക് മേഖലയിലെ രാജ്യം.
PERMAFROST എന്ന പ്രതിഭാസത്തിന്‍റെ ആസ്ഥാനം
ഇരുപതാം നൂറ്റാണ്ടിലാണ് ധ്രുവപ്രദേശത്തേക്ക് രാജ്യങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം. കപ്പൽ ഗതാഗതത്തിനുള്ള എളുപ്പവഴി, ധാതുശേഖരം, പ്രത്യേകിച്ച് പെട്രോളിയം, വനസമ്പത്ത്, അങ്ങനെ പലതായിരുന്നു കാരണം. മേഖലയിലെ കരപ്രദേശങ്ങൾ അതത് രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്, പക്ഷേ, കടൽ അങ്ങനെയല്ല. സ്വന്തം കരയോടടുത്ത കടലിൽ അവകാശവാദം ഉന്നയിക്കുകയാണിപ്പോൾ രാജ്യങ്ങൾ. നോര്‍വേ, റഷ്യ ഇടക്കുള്ള ബാരന്‍റ്സ് സീ ഷെൽഫ് (Barents sea shelf) പോലെ. കൃത്യം പകുതിയായി വീതിച്ചെടുത്തു രണ്ടുകൂട്ടരും. ഒഴുകി നടക്കുന്ന മഞ്ഞുപാളികളുടെ ഉടമസ്ഥതയും പ്രശ്നമാണ്. സാമ്പത്തിക മേഖലക്ക് പുറത്തായിരിക്കും അത്, പക്ഷേ ആൾത്താമസമുണ്ടാകും. 1970 ൽ ഇങ്ങനെയൊരു മഞ്ഞുപാളിയിൽ ഒരു കൊലപാതകം നടന്നു. T3 എന്ന അമേരിക്കന്‍ സൈന്‍റിഫിക് സ്റ്റേഷന്‍ നിർമ്മിച്ചിരുന്നത് ഈ മഞ്ഞുപാളിയിലാണ്. ഉടമ, ഒരു അമേരിക്കൻ കപ്പലായി പ്രഖ്യാപിച്ചാണ് അന്ന് വിചാരണ നടന്നത്.
ഇപ്പോഴത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും കേന്ദ്രബിന്ദുവാണ്. പരിസ്ഥിതി വാദികൾക്ക് ഉരുകുന്ന മഞ്ഞുകട്ടകൾ ചൂണ്ടിക്കാണിക്കാൻ തെളിവാകുകയാണ് അവിടം. റഷ്യയുടെ അധീനതയിലുള്ള പ്രദേശത്ത് നിന്നുള്ള ഫാക്ടറികളിൽ നിന്ന് വിഷപ്പുക വരുന്നതും സാധാരണമായിരിക്കുന്നു. റഷ്യയുടേതായിരുന്ന, പിന്നെ അമേരിക്ക വിലയ്ക്ക് വാങ്ങിയ അലാസ്കയുടെ അന്തരീക്ഷം വിഷമയമാവുകയാണ് ഇന്ന്.
ഇതിനെല്ലാം ഇടയിലാണ് ആധിപത്യം സ്ഥാപിക്കാനുള്ള രാജ്യങ്ങളുടെ ശ്രമം. റഷ്യയുടെ വടക്കേയറ്റത്തുള്ള കോല (KOLA) ഉപദ്വീപ് നോര്‍ത്തേണ്‍ ഫ്ലീറ്റ് (NORTHERN FLEET) എന്ന സൈനിക വ്യൂഹത്തിന്‍റെ ആസ്ഥാനമാണ്. റഷ്യയുടെ മികച്ച പ്രതിരോധ ആക്രമണ സംവിധാനങ്ങളുടെ കേന്ദ്രം. ഉത്തരധ്രുവത്തിലെ സ്ഥാനം സംരക്ഷിക്കാൻ മിസൈൽ പ്രയോഗത്തിന് വരെ തയ്യാറാണെന്ന് റഷ്യ സൈനികാഭ്യാസത്തിലൂടെ പറയാതെ പറഞ്ഞിട്ടുമുണ്ട്. വ്യോമതാവളവുമുണ്ട്. സോവിയറ്റ് കാലത്തേ ഉള്ളതാണിതെല്ലാം. നാറ്റോ അംഗരാജ്യമായ നോര്‍വെയുടെ അതിർത്തിയിലാണ് കോല ഉപദ്വീപ്. യുക്രൈൻ അധിനിവേശത്തോടെ നിഷ്പക്ഷത ഉപേക്ഷിച്ച് ഫിന്‍ലന്‍ഡ്, നാറ്റോ അംഗമായത് ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ്. പക്ഷേ, പ്രശ്നങ്ങൾ അതിനുമുമ്പേ ഉരുണ്ടു കൂടിത്തുടങ്ങിയിരുന്നു. കുറേകാലം കുഴപ്പമില്ലാതെ പോയതാണ്. ആര്‍ടിക് കൌണ്‍സില്‍ 1996 -ൽ രൂപീകരിച്ചത് റഷ്യയും പടിഞ്ഞാറും തമ്മിലെ ബന്ധത്തിൽ കണ്ട പ്രതീക്ഷയുടെ പുറത്താണ്. മേഖലയിലെ രാജ്യങ്ങളും അവിടത്തെ ആദിവാസി വിഭാഗങ്ങളും ചേർന്നുള്ള സമിതി. പക്ഷേ, റഷ്യ മാത്രമല്ല, ചൈനയും ഇടം തിരിഞ്ഞു.
2021-ൽ കൗൺസിലിന്‍റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത റഷ്യ സഹകരണവും സമാധാനവും സ്ഥിരതയുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചെങ്കിലും മാസങ്ങൾക്കകം യുക്രൈന്‍ ആക്രമിച്ചു. പിന്നെ കണ്ടത് ഉത്തരധ്രുവത്തിൽ റഷ്യ സൈനിക ശക്തി കൂട്ടുന്നതാണ്. വാണിജ്യ തലത്തിലും പ്രവർത്തനം കൂടി. ക്രൂഡോയിൽ കൊണ്ടുപോകാൻ ഐസ് ക്ലാസ് ടാങ്കറുകൾക്ക് പകരം സാധാരണ ടാങ്കറുകൾ ഉപയോഗിച്ചു. എണ്ണ ചോർച്ചയെക്കരുതിയുള്ള സുരക്ഷാ മുൻകരുതലുകൾ അവഗണിച്ച് കൊണ്ട്. ചൈനയും കൂട്ടുകൂടി, പടിഞ്ഞാറിനെതിരായി ആർട്ടിക് സഖ്യത്തിന് രൂപംകൊടുത്തു. ചൈനയും മോസ്കോയും ചേർന്ന് പോളാര്‍ സില്‍ക് റോഡ് (POLAR SILK ROAD) പ്രഖ്യാപിച്ചു, ആറുവർഷം മുമ്പ്. belt and road പദ്ധതി ഉത്തരധ്രുവം വരെ നീട്ടുന്നു എന്നാണ് ഷീ ജിങ്പിങ് പറഞ്ഞത്. വാണിജ്യാടിസ്ഥാനത്തിൽ കപ്പൽ ഗതാഗതമാണ് ലക്ഷ്യമമെന്നും പ്രഖ്യാപിച്ചു. അതാണ് പോളാര്‍ സില്‍ക് റോഡ്. സമയ ലാഭമുണ്ട് ഈ യാത്രയിൽ. അതായത് സ്യൂയസ് കനാൽ യാത്രയേക്കെൾ 20 ദിവസം കുറവ്. സാമ്പത്തികം, സൈനികം, ഒപ്പം ജിയോപൊളിറ്റിക്കൽ സ്വാധീനവും.
2013 മുതൽ ചൈന, ആര്‍ടിക് കൌണ്‍സില്‍ അംഗവുമാണ്. റഷ്യയുടെ എല്‍എന്‍ജി പദ്ധതിയും ചൈനയ്ക്ക് പ്രയോജനമുള്ളതാണ്. ഇതെല്ലാം ചില്ലറ ആശങ്കകൾക്കല്ല കാരണമായിരിക്കുന്നത്. നാറ്റോയ്ക്ക് പ്രത്യേകിച്ചും. പുറമേ കാണുന്ന മഞ്ഞുപുതച്ച സമാധാനത്തിന്‍റെ കൂടല്ല ഇന്ന് ആർട്ടിക് മേഖല. ഫിൻലൻഡ്, നാറ്റോ അംഗമായി. ഇനി, സ്വീഡന്‍ കൂടി അംഗമായാൽ, നാറ്റോ അംഗമല്ലാത്ത ഏക ഉത്തരധ്രുവ രാജ്യമാകും റഷ്യ. 14 രാജ്യങ്ങളിലെ സൈന്യം പങ്കെടുക്കുന്ന നോര്‍ഡിക് റെസ്പോണ്‍സിന് വേദിയാകും സ്കാന്‍ഡിനേവിയ. നോര്‍വെയിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന അമേരിക്കൻ, ഫ്രഞ്ച് അന്തർവാഹിനികൾ റഷ്യയ്ക്കുള്ള മുന്നറിയിപ്പാണ്. റഷ്യ അതേത് രീതിയിൽ കാണുന്നു എന്നതാണ് പ്രധാനം. ഫിൻലൻഡ് എന്തിന് പോയി എന്ന് വിലപിക്കുന്ന റഷ്യ, അത് 'അപകടം' എന്ന് തിരിച്ചറിയുന്നുണ്ട്. യുക്രൈൻ അധിനിവേശം വിജയം കാണാത്തത് മാത്രമാണ് പടിഞ്ഞാറിന്‍റെ ആശ്വാസം. യുക്രൈനില്‍ നിൽക്കില്ല റഷ്യയുടെ അധിനിവേശം എന്ന ബൈഡന്‍റെ വാചകം തള്ളിക്കളയുന്നുണ്ട് പുടിൻ. പക്ഷേ, വിശ്വസിക്കാൻ പറ്റില്ലെന്ന് മുമ്പ് പലവട്ടം തെളിയിച്ചതാണ് ഇത്തരം പ്രഖ്യാപനങ്ങൾ.
സങ്കീര്‍ണ്ണമാകുന്ന അമേരിക്കന്‍ തെഞ്ഞെടുപ്പ്; പക്ഷേ, ട്രംപിന് ഒന്നും ഒരു പ്രശ്നമല്ല !