സിന്ദൂരമോ, മംഗള സൂത്രമോ ഇല്ല; അംബേദ്കറിന്‍റെ ചിത്രം സാക്ഷി, ഭരണഘടന തൊട്ട്, പ്രതിമയും ഇമാനും വിവാഹിതരായി
വിവാഹം അതിന്‍റെ പ്രത്യേക ചടങ്ങുകള്‍ കൊണ്ട് സംസ്ഥാനമൊട്ടുക്കും ചര്‍ച്ചാ വിഷയമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളുടെ കാലത്ത് വിവാഹങ്ങള്‍ മിക്കതും ഇന്ന് വൈറലാണ്. ചിലത് ചെലവഴിച്ച പണത്തെ അടിസ്ഥാനമാക്കി, മറ്റ് ചിലത് ആഢംബരത്തിന്‍റെ ഗരിമയില്‍, ഇനിയുള്ളത് വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടാണെങ്കില്‍ മറ്റ് ചിലത് വിവാഹ വേദിയിലെ നിസാര കാര്യത്തിനുണ്ടായ അടിയുടെ പേരില്‍.... ഇങ്ങനെ ഓരോരോ കാരണങ്ങള്‍ കൊണ്ടും സമൂഹ മാധ്യമങ്ങളില്‍ വിവാഹങ്ങള്‍ വൈറലാകുന്നു. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, മതപരമോ സമുദായപരമോ ഉള്ള ഒരു ആചാരങ്ങളുമില്ലാതെ ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വധൂവരന്മാര്‍ വിവാഹിതരായപ്പോള്‍ അതും വൈറലായി.
ഛത്തീസ്ഗഢിലെ കാപു ഗ്രാമത്തിൽ നിന്നുള്ള പ്രതിമ ലാഹ്രെയുടെയും ഇമാൻ ലാഹ്രെയുടെയും വിവാഹമായിരുന്നു ഇങ്ങനെ വൈറലായത്. സിന്ദൂരം ചാര്‍ത്തൽ, മംഗളസൂത്ര ചടങ്ങുകള്‍, വിവാഹത്തോട് അനുബന്ധിച്ചുള്ള ബാന്‍റ് മേളങ്ങളോ ഒന്നുമില്ലായിരുന്നു. എന്തിന്, അഗ്നിക്ക് ഏഴ് തവണ വലംവെയ്ക്കല്‍ ചടങ്ങ് പോലും ഉണ്ടായിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതായത്, പരമ്പരാഗതമായ ഒരു വിവാഹ ചടങ്ങ് പോലും പ്രതിമയുടെയും ഇമാന്‍റെയും വിവാഹത്തിന് ഉണ്ടായിരുന്നില്ലെന്ന് തന്നെ. പകരം ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോ.ബി.ആർ.അംബേദ്കറിന്‍റെ ചിത്രത്തെ സാക്ഷിയാക്കി, ഇന്ത്യന്‍ ഭരണഘടന തൊട്ട് വരനും വധുവും പ്രതിജ്ഞയെടുത്തു. ഓരോ മാലകള്‍ ഇരുവരും പരസ്പരം അണിയിച്ച ശേഷം ഡോ.ബി.ആര്‍. അംബേദ്കറിന്‍റെ ചിത്രത്തിന് ചുറ്റും അവരിരുവരും വലംവെച്ചു.
'...ന്‍റമ്മോ ഇപ്പോ ഇടിക്കും'; എതിർവശത്തെ റോഡിലൂടെ അമിത വേഗതയില്‍ പോകുന്ന ബസിന്‍റെ വീഡിയോ വൈറൽ
ജീവിതകാലം മുഴുവൻ പരസ്പരം പിന്തുണയ്ക്കുമെന്നായിരുന്നു ആ വധൂവരന്മാര്‍ ഇന്ത്യന്‍ ഭരണഘടന തൊട്ട് എടുത്ത പ്രതിജ്ഞ. ഇത്തരത്തിലുള്ള വിവാഹം അതിരുകടന്ന ചെലവുകൾ ലാഭിക്കുന്നെന്നും അതിനാല്‍ അനാവശ്യ ചെലവുകൾ ഒഴിവാക്കി കുടുംബത്തിന്‍റെ സമ്മതത്തോടെ വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നെന്നും വരൻ ഇമാൻ ലാഹ്രെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരമ്പരാഗത വിവാഹ സങ്കല്‍പങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഈ വിവാഹം ഛത്തീസ്ഗഢിൽ തന്നെ ഒരു വാര്‍ത്തയായി മാറി. ഇത്തരം ചടങ്ങുകളാണ് മറ്റുള്ളവരും മാതൃകയാക്കേണ്ടത് എന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. അതേസമയം വിവാഹത്തിന് വധുവിന്‍റെയും വരന്‍റെയും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള കാപു ഗ്രാമത്തിലായിരുന്നു വിവാഹം. വരനും വധുവും സത്നാമി സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ഇവരുടെ ഗുരു ഘാസിദാസിന്‍റെ ജന്മദിനമായ ഡിസംബർ 18 -നായിരുന്നു വിവാഹം.