സ്വവർഗാനുരാഗികളായ ദമ്പതികൾക്കിനി സർട്ടിഫിക്കറ്റും, പുതിയ മുന്നേറ്റവുമായി ടോക്കിയോ
സർട്ടിഫിക്കറ്റ് കിട്ടുന്നതോട് കൂടി തന്നെ സ്വവർഗദമ്പതികൾക്ക് മറ്റ് ഭാര്യ-ഭർത്താക്കന്മാരെ പോലെ വീട്, ആരോഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിലുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാകും.
സ്വവർഗാനുരാഗികളായ ദമ്പതികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള ചെറിയ ശ്രമങ്ങളെങ്കിലും ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇപ്പോഴിതാ, ടോക്കിയോയിൽ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് സർട്ടിഫിക്കറ്റും അനുവദിച്ചിരിക്കുകയാണ്. ഇതോടെ, വിവാഹിതരായ ദമ്പതികൾക്കുള്ള ചില ആനുകൂല്യങ്ങൾക്കെങ്കിലും ഇതവരെ അർഹരാക്കും.
ജപ്പാനിൽ മുഴുവനും സ്വവർഗാനുരാഗികളെയും സാധാരണ ദമ്പതികളെപ്പോലെ കാണുന്നതിലേക്ക് നയിക്കുന്ന ഒരു ചുവടുവയ്പ്പായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, വികസിത രാജ്യങ്ങളുടെ G7 ഗ്രൂപ്പിൽ സ്വവർഗ യൂണിയനുകളെ അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാൻ.
എന്നാൽ, അടുത്തിടെ ജപ്പാനിൽ നടന്ന പോളിംഗിൽ കാണിക്കുന്നത് ജപ്പാനിൽ ഭൂരിഭാഗവും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നു എന്നാണ്. ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ NHK 2021-ൽ നടത്തിയ ഒരു സർവേ പ്രകാരം, 57% പേരും സ്വവർഗവിവാഹത്തെ അനുകൂലിച്ചു, 37% പേരാണ് ആ സമയം സ്വവർഗവിവാഹത്തെ എതിർത്തത്.
ഇത്ര വ്യാപകമായ പിന്തുണ ഉണ്ടായിട്ടും പക്ഷേ ഒസാക്കയിലെ ഒരു ജില്ലാ കോടതി ഈ വർഷം ആദ്യം വിധിച്ചത് സ്വവർഗവിവാഹത്തിന് നിലവിലുള്ള നിരോധനം ഭരണഘടനാപരമാണ് എന്നാണ്. ശേഷം, ഒക്ടോബറിൽ, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക പ്രതിനിധിയായ നൊബോരു വടാനബെ സ്വവർഗ വിവാഹത്തെ 'വെറുപ്പുളവാക്കുന്നത്' എന്ന് വിശേഷിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എങ്കിലും സമത്വത്തിന് വേണ്ടിയുള്ള ചില നീക്കങ്ങളെല്ലാം ഇവിടെ ഉണ്ടായി. ടോക്കിയോ മെട്രോപൊളിറ്റൻ ഏരിയയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യമായി 2015 -ൽ തന്നെ ഇവിടുത്തെ ഒരു ഒരു ജില്ലയിൽ തുടങ്ങിയിരുന്നു. മെട്രോപൊളിറ്റൻ ഏരിയയുടെ പടിഞ്ഞാറുള്ള ഒമ്പത് വാർഡുകളിലേക്കും ആറ് നഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിച്ചു. പുതിയ മെട്രോപൊളിറ്റൻ-വൈഡ് സ്കീം പ്രകാരം അത് തലസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തും. ഇവിടെ ഏകദേശം 14 മില്ല്യൺ ആളുകളാണ് വസിക്കുന്നത്.
സർട്ടിഫിക്കറ്റ് കിട്ടുന്നതോട് കൂടി തന്നെ സ്വവർഗദമ്പതികൾക്ക് മറ്റ് ഭാര്യ-ഭർത്താക്കന്മാരെ പോലെ വീട്, ആരോഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിലുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാകും. ടോക്കിയോയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18 വയസിന് മുകളിലുള്ള ആർക്കും ഇപ്പോൾ സർട്ടിഫിക്കേറ്റിന് അപേക്ഷിക്കാം.
ഏതായാലും, ഇവിടെയുള്ള സ്വവർഗാനുരാഗികളായ ദമ്പതികൾ പുതിയ മുന്നേറ്റത്തിൽ വളരെ അധികം സന്തോഷത്തിലാണ്.