ഒന്നും രണ്ടുമല്ല നൂറിലധികം ബാങ്ക് കൊള്ളകൾ, ഈ കള്ളന് മറ്റ് കള്ളന്മാരോട് പറയാനുള്ളത്
പൊലീസുകാർ എന്നെ കടന്നുപോകുന്നു. ഞാൻ അവരെ നോക്കുന്നു. അവർ എന്നെയും നോക്കുന്നു, കാരണം അവർ യഥാർത്ഥത്തിൽ തിരയുന്നത് അവരെ നോക്കാത്ത ആളെയാണ്.
ഒരാള്‍ ഒന്നും രണ്ടും ബാങ്ക് കവര്‍ച്ച നടത്തുന്നത് നമ്മള്‍ ചിലപ്പോള്‍ കേട്ടുകാണും. എന്നാല്‍, കെയിന്‍ വിന്‍സെന്‍റ് ഡയര്‍ എന്നൊരാള്‍ അകത്താകുന്നതിന് മുമ്പ് നടത്തിയത് നൂറിലധികം ബാങ്ക് കവര്‍ച്ചയാണ്. ഇപ്പോഴയാള്‍ എങ്ങനെയാണ് താനാ കവര്‍ച്ചകളെല്ലാം നടത്തിയത് എന്ന് വിവരിക്കുകയാണ്. വിജയകരമായി ഈ കവര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ഡയര്‍ ഇപ്പോള്‍ ആളുകളെ ഉപദേശിക്കുന്നത് അത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടരുത് എന്നാണ്. മാത്രവുമല്ല, എത്ര വിജയകരമായി കവര്‍ച്ച നടത്തിയാലും എന്നെങ്കിലുമൊരിക്കല്‍ അകത്താവുമെന്നും ഡയര്‍ മുന്നറിയിപ്പ് നല്‍കുന്നു.
'ഇത് കാണുന്ന ആരെങ്കിലും ഞാന്‍ നടത്തിയതുപോലെ ബാങ്ക് കൊള്ളയടിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ ജയിലിലാകാന്‍ പോവുകയാണ്' ഡയര്‍ പറയുന്നു. ഇൻസൈഡറിനായുള്ള ഒരു പുതിയ വീഡിയോയിൽ, ഒരു സ്ഥലം മാര്‍ക്ക് ചെയ്യുമ്പോഴും കൊള്ളയടിക്കുമ്പോഴും നടക്കുന്ന ഓരോ ഘട്ടങ്ങളിലൂടെയും ഡയർ കാഴ്ചക്കാരെയും നടത്തുന്നു. താൻ മുറിയുടെ മൊത്തത്തിലുള്ള അന്തരീക്ഷം വായിച്ചെടുക്കും. അതനുസരിച്ചും അവിടെയുള്ള ആളുകളുടെ പ്രതികരണങ്ങൾക്കനുസരിച്ചും തന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കും ഡയർ വിശദീകരിച്ചു. ആളുകൾ അനുസരിക്കുന്നുണ്ടെങ്കിൽ, ഡയർ കൂടുതൽ ശാന്തനാകാൻ ശ്രമിക്കും. ഇല്ലെങ്കിൽ, മൊത്തത്തിലുള്ള ജനക്കൂട്ടത്തോട് അൽപ്പം കൂടുതൽ ആക്രമണാത്മകമായിരിക്കും എന്നും ഡയര്‍ പറയുന്നു.
ഒരു ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ചെല്ലുന്നത് ഒരു മര്‍ച്ചന്‍റ് ടെല്ലറുടെ അടുത്തേക്കാണ്. അയാള്‍ക്ക് ഏകദേശം കൃത്യമായി എത്ര കറന്‍സി ഉണ്ടാവുമെന്നതിനേക്കുറിച്ച് ബോധ്യമുണ്ടാവും. വിജയകരമായ ഒരു കവർച്ച നടത്താൻ പല ഘടകങ്ങളുണ്ടെന്ന് ഡയർ വെളിപ്പെടുത്തി. ബാങ്കിന്റെ ലൊക്കേഷൻ പരിഗണിക്കേണ്ടതുണ്ടെന്നും അത് എങ്ങനെയാണ് ഒന്നിലധികം അന്തർസംസ്ഥാനങ്ങളോട് അടുക്കുന്നതെന്നും ഡയർ പറഞ്ഞു. അന്നത്തെ കാലാവസ്ഥയും ട്രാഫിക് എത്ര മോശമാണെന്നതും പരിഗണിക്കുമെന്നും ഡയർ കൂട്ടിച്ചേർത്തു. ബാങ്കിനെ ഒരു ഒന്നൊന്നരദിവസം ശ്രദ്ധിക്കും എന്നിട്ടാണ് കവര്‍ച്ചയ്ക്കായി പോവുകയെന്നും ഡയർ പറയുന്നു.
ആഴ്ചയോ മാസമോ എടുത്ത് കൊള്ള നടത്താന്‍ പോവുന്ന ബാങ്കിനെ കുറിച്ച് നന്നായി മനസിലാക്കാനും ഡയര്‍ ശ്രമിക്കുമത്രെ. അതിനായി ബാങ്ക് മാനുവല്‍, എംപ്ലോയീ മാന്വല്‍, എംപ്ലോയീ ഗൈഡുകള്‍, സേഫുകള്‍, ലോക്ക് സേഫുകള്‍, ടൈം വാള്‍ട്ടുകള്‍ എല്ലാം പഠിക്കുന്നു. ആളൊഴിഞ്ഞ ഇടത്തായിരിക്കില്ല കാര്‍ പാര്‍ക്ക് ചെയ്യുക. ഒറ്റക്കല്ല എന്നുറപ്പ് വരുത്തും. എപ്പോഴും സ്വന്തം കാറ് തന്നെയല്ല ഉപയോഗിക്കുന്നത്. കൊള്ളയ്ക്ക് പറ്റിയ കാറ് തെരഞ്ഞെടുക്കും. രക്ഷപ്പെടാന്‍ മതിയായ നേരമെടുത്തിട്ടാണ് താന്‍ അപ്രത്യക്ഷമാകാറ് എന്നും ഡയര്‍ പറയുന്നു.
കവർച്ച പൂർത്തിയായിക്കഴിഞ്ഞാൽ, റേഡിയോ ഓണാക്കുകയും ജനാലകളടക്കുകയും സംഗീതത്തിനൊപ്പം പാടുകയും ചെയ്യും. ഡയർ പറഞ്ഞു, "പൊലീസുകാർ എന്നെ കടന്നുപോകുന്നു. ഞാൻ അവരെ നോക്കുന്നു. അവർ എന്നെയും നോക്കുന്നു, കാരണം അവർ യഥാർത്ഥത്തിൽ തിരയുന്നത് അവരെ നോക്കാത്ത ആളെയാണ്. ശ്രദ്ധിക്കുക, ഒരു കൂട്ടം പൊലീസുകാർ നിങ്ങളെ മറികടക്കുമ്പോൾ, നമ്മള്‍ എല്ലാവരും എന്തുചെയ്യും? എല്ലാവരും അവരെ നോക്കുന്നു. അതിനാൽ അവർ നോക്കുന്ന ഒരാൾ അവരെ നോക്കാത്ത ആളാണ്.”
പിടിക്കപ്പെടുമെന്നായപ്പോള്‍ ഡയര്‍ സ്വയം കീഴടങ്ങുകയായിരുന്നു. തനിക്ക് ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒളിച്ചുകളി മതിയായിരുന്നു എന്നാണ് ഡയര്‍ പറഞ്ഞത്. ഒപ്പം മോഷ്ടിക്കാനൊരുങ്ങിയിറങ്ങുന്നവരോട് ഡയറിന് പറയാനുള്ളതും അത് ചെയ്യരുത് എന്ന് തന്നെയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona