സ്വന്തമായി വീട് വയ്‍ക്കുന്നത് വിഡ്ഢിത്തമാണോ? വാടകവീടാണോ നല്ലത്, ചർച്ചയായി പോസ്റ്റ്

'50 വർഷം മുമ്പുള്ള മിഡില്‍ക്ലാസുകാരുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടെന്നത്. ഇന്നും മിഡില്‍ക്ലാസുകാരുടെ ആഗ്രഹം ആദ്യം ഒരു വീട് എന്നതു തന്നെയാണ്. പല മിഡിൽക്ലാസും അതേ അവസ്ഥയില്‍ തന്നെ തുടരുന്നതിൻ്റെ ഒരു കാരണം, ഇതാണ്' എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്. 

buy a house or rent a house which one is good viral post

ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് അല്ലേ? വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. എന്നാൽ, എല്ലാവർക്കും വീട് വാങ്ങാനുള്ള അവസ്ഥയുണ്ടാവണം എന്നില്ല. മാത്രമല്ല, ജീവിതകാലം മുഴുവനും സമ്പാദിച്ച തുക ചിലപ്പോൾ ഒരു വീട് വാങ്ങാൻ വേണ്ടി വരും. വീടിന്റെ ലോണടക്കാൻ വേണ്ടി മാത്രം ജോലിയിൽ തുടരേണ്ടി വരുന്നവരും ഉണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തമായിട്ടൊരു വീട് എന്നത് മനഃസമാധാനം തരുമെന്നാണ് ഭൂരിഭാ​ഗത്തിന്റെയും അഭിപ്രായം. എപ്പോൾ വേണമെങ്കിലും ഇറക്കിവിടപ്പെടാം എന്ന പേടിയില്ലാതെ തന്നെ, നമ്മുടെ ഇഷ്ടത്തിന് ഒരുക്കാവുന്ന ഒരു വീട് സ്വാതന്ത്ര്യത്തിന്റെ കൂടി പ്രതീകമായിട്ടാണ് പലരും കാണുന്നത്. എന്നിരുന്നാലും വാടകവീട് മതിയോ, സ്വന്തം വീട് വേണോ എന്ന കാര്യത്തിൽ മുമ്പത്തേക്കാളും ചർച്ചകൾ ഇന്ന് നടക്കുന്നുണ്ട്. 

അതുപോലെ ഒരു ചർച്ച ഇപ്പോൾ എക്സിൽ (ട്വിറ്റർ) നടക്കുകയാണ്. അതിന് തുടക്കം കുറിച്ചത് ബയോയിൽ ഇൻവെസ്റ്റർ എന്ന് വിശേഷിപ്പിക്കുന്ന കിരൺ രജ്പുത് എന്നയാളാണ്. '50 വർഷം മുമ്പുള്ള മിഡില്‍ക്ലാസുകാരുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടെന്നത്. ഇന്നും മിഡില്‍ക്ലാസുകാരുടെ ആഗ്രഹം ആദ്യം ഒരു വീട് എന്നതു തന്നെയാണ്. പല മിഡിൽക്ലാസും അതേ അവസ്ഥയില്‍ തന്നെ തുടരുന്നതിൻ്റെ ഒരു കാരണം, ഇതാണ്' എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്. 

എന്നാൽ, ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ഗ്രേലാബ്സ് എഐയുടെ സിഇഒയും സഹസ്ഥാപകനുമായ അമൻ ഗോയൽ ഇതിനെ വിമർശിച്ചു. 'മറ്റൊരാൾ 10 ശതമാനം ഉയർന്ന വാടക നൽകാൻ തയ്യാറായതിനാൽ എപ്പോൾ വേണമെങ്കിലും വീട്ടുടമസ്ഥൻ നിങ്ങളെ പുറത്താക്കാം എന്നതിനേക്കാൾ മോശമായ അവസ്ഥ മറ്റൊന്നുമില്ല. നിങ്ങളുടെ വീട്ടിൽ കഴിയുന്നത് ഒരു പ്രിവിലേജാണ്. നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ കഴിയുമെങ്കിൽ അത് വാങ്ങുക. കടക്കെണിയിൽ പെടുന്നില്ലെന്ന് ഉറപ്പാക്കുക' എന്നാണ് അദ്ദേഹം കുറിച്ചത്. 

അതിനെ വീണ്ടും കിരൺ രജ്പുത് എതിർക്കുന്നുണ്ട്. സ്വന്തമായി വീട് വാങ്ങിയില്ല എന്നതൊരു മോശം കാര്യമായിട്ടാണ് കാണുന്നത്. ചിലർ മാത്രമേ അതിൽ നിന്നും മാറിച്ചിന്തിക്കാൻ ധൈര്യം കാണിച്ചിട്ടുള്ളൂ എന്നാണ് അയാൾ പറഞ്ഞത്. 

എന്തായാലും, ഈ വിഷയം വലിയ ചർച്ചയായി മാറി. ചിലരൊക്കെ വാടകവീടിന് പ്രശ്നമില്ല കൂടുതൽ നല്ലത് അതാണ് എന്ന് പറഞ്ഞപ്പോൾ ഭൂരിഭാ​ഗം പേരും പറഞ്ഞത് സ്വന്തം വീടെന്നത് ഒരു വികാരം കൂടിയാണ്. അതാണ് ആളുകൾ സ്വന്തം വീട് വാങ്ങാൻ ആ​ഗ്രഹിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം എന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios