ബുള്ളറ്റ്പ്രൂഫ് ബോർഡുകൾ ചുമരുകളായി മാറും, വെടിവയ്‍പ്പിൽ നിന്നും രക്ഷ നേടാൻ പുതുവഴികൾ തേടി യുഎസ്സിലെ സ്കൂൾ
വീഡിയോയിൽ ക്ലാസിന്റെ ഒരു ഭാഗത്തായി വച്ചിരിക്കുന്ന ബോർഡുകൾ വലിക്കുന്നത് കാണാം. അതോടു കൂടി അത് ബുള്ളറ്റ് പ്രൂഫ് പാനിക് റൂമായി രൂപാന്തരം പ്രാപിക്കുകയാണ്.
യു എസ്സിലെ സ്കൂളുകളിൽ വെടിവയ്‍പ്പ് വർധിച്ച് വരികയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ 2022 -ലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത്. പരിക്കേറ്റവരിലും ജീവൻ നഷ്ടപ്പെട്ടവരിലും ഏറ്റവുമധികം 12 -നും 17 -നും ഇടയിൽ പ്രായമുള്ള കുട്ടികളും.
K-12 School Shooting Database -ന്റെ കണക്കുകൾ പറയുന്നത് 2022 -ൽ 300 വെടിവെയ്പ്പുകളാണ് സ്കൂൾ ഗ്രൗണ്ടുകളിൽ നടന്നത് എന്നാണ്. ഇപ്പോഴിതാ ഒരു സ്കൂൾ വെടിവയ്പ്പിൽ നിന്നും രക്ഷ നേടാനുള്ള ഒരു മുറി തയ്യാറാക്കിയിരിക്കുകയാണ്. ഈ റൂമിലെ വെള്ള ബോർഡുകൾ വലിച്ച് കഴിഞ്ഞാൽ അത് ഒരു പാനിക് റൂമായി രൂപാന്താരം പ്രാപിക്കും. ചുമരുകളായി മാറുന്ന വെള്ളബോർഡുകൾ ബുള്ളറ്റ്പ്രൂഫാണ്. ട്വിറ്റർ യൂസറായ ഗില്ലിയൻ ബ്രൂക്സ് ആണ് അടുത്തിടെ ഇത് കാണിക്കുന്ന ഒരു വീഡിയോ പങ്ക് വച്ചത്.
വീഡിയോയിൽ ക്ലാസിന്റെ ഒരു ഭാഗത്തായി വച്ചിരിക്കുന്ന ബോർഡുകൾ വലിക്കുന്നത് കാണാം. അതോടു കൂടി അത് ബുള്ളറ്റ് പ്രൂഫ് പാനിക് റൂമായി രൂപാന്തരം പ്രാപിക്കുകയാണ്. വെടിവയ്പ്പോ അക്രമമോ പോലെ എന്തെങ്കിലും ഉണ്ടാവുകയാണ് എങ്കിൽ അധ്യാപകർക്കും കുട്ടികൾക്കും ഇതിനകത്ത് കയറി സുരക്ഷിതമായി നിൽക്കാവുന്നതാണ്. റാപ്പിഡ് ഡീപ്ലോയ് സേഫ് റൂം സിസ്റ്റം എന്നാണ് ഇതിന്റെ പേര്. കെടി സെക്യൂരിറ്റി സൊല്യൂഷൻസ് ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇത് ഈ പ്രത്യേക സ്കൂളിൽ മാത്രം നിർമ്മിച്ചിരിക്കുന്നതാണോ അതോ രാജ്യത്തെ മറ്റ് സ്കൂളിലും ഇത്തരം സംവിധാനങ്ങളുണ്ടോ എന്നത് വ്യക്തമല്ല. ഏതായാലും സ്കൂളുകളിൽ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങളെ അതിജീവിക്കാൻ ഇതുപോലെ ഉള്ള പുതുവഴികൾ തേടുകയാണ് യുഎസ്സിലെ സ്കൂളുകൾ എന്ന് വേണം കരുതാൻ.