ആകെ ചെലവ് 249 കോടി, മദ്യത്തിന് മാത്രം 1.7 കോടി; ആഡംബരത്തില്‍ ഞെട്ടിച്ച വിവാഹം !
വരന്‍റെ കുടുംബത്തിന്‍റെ തന്നെ ആഡംബര കൊട്ടാരമായ 'മാർബിൾ ഹൗസി'ലാണ് ഈ അത്യാഡംബര വിവാഹാഘോഷം നടന്നത്.
ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു ആഡംബര വിവാഹത്തിന്‍റെ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. വിവാഹ ചെലവ് ഒന്നും രണ്ടുമല്ല 249 കോടി ഇന്ത്യന്‍ രൂപയാണെന്ന് (30 മില്യൺ യുഎസ് ഡോളർ) കണക്കുകള്‍ പറയുന്നു. കോട്ടാര തുല്യമായ വിവാഹ മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിലേക്ക് വധു എത്തിയത് 100 സ്വര്‍ണ്ണ വളകള്‍ അണിഞ്ഞാണെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്ടിയനിൽ ഫെബ്രുവരി ആദ്യം നടന്ന ഈ വിവാഹം 'യേ കുടുംബത്തിന്‍റെ വിവാഹ സത്കാരം' (Ye Family’s Wedding Feast) എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
വരന്‍റെ കുടുംബത്തിന്‍റെ തന്നെ ആഡംബര കൊട്ടാരമായ 'മാർബിൾ ഹൗസി'ലാണ് (marble house) ഈ അത്യാഡംബര വിവാഹാഘോഷം നടന്നത്. ചൈനീസ് പരമ്പരാഗത ശൈലിയിൽ നടന്ന വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 100 ഓളം സ്വർണ്ണ വളകൾ കൊണ്ട് അലങ്കരിച്ച മാല ധരിച്ചാണ് വധു വിവാഹ വേദിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലയുടെ ഭാരത്താൽ വധു നടക്കാൻ ബുദ്ധിമുട്ടുന്നത് വീഡിയോകളിൽ കാണാം. പുരാതന നൃത്ത കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനായി 50 ലധികം സ്ത്രീ കലാകാരൻമാരും വേദിയിൽ അണിനിരന്നിരുന്നു.
ആഘോഷത്തില്‍ ചൈനയിലെ പുരാത നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിരുന്നിലെ അതിഥികൾക്ക് ഞണ്ട്, ലോബ്സ്റ്റർ, സ്രാവ്, ഫിൻ സൂപ്പ്, ഭക്ഷ്യയോഗ്യമായ പക്ഷികളുടെ വിഭവങ്ങൾ, ഓസ്‌ട്രേലിയൻ അബലോൺ തുടങ്ങിയ വിലയേറിയ ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. കൂടാതെ ഉയർന്ന നിലവാരമുള്ള ചൈനീസ് മദ്യമായ ക്വെയ്‌ചോ മൗട്ടായിയും അതിഥികൾക്കായി വിളമ്പിയിരുന്നു. 1.5 മില്യൺ യുവാൻ ആണ് ഇതിന്‍റെ വില, അതായത് ഇന്ത്യൻ രൂപയിൽ 1.7 കോടിയിലധികം.
'കോളനി ചിഹ്നം വേണ്ട, ഇനി ദേശീയ വസ്ത്രം'; പുതിയ ഡ്രസ് കോഡ് പ്രഖ്യാപിച്ച് നാവിക സേന
ചൈനയിലെ പ്രമുഖ സ്വർണാഭരണ വ്യാപാര ശൃംഖലയായ ലാവോ ഫെങ് സിയാങ്ങിന്‍റെ ചെയർമാൻ യെ ഗൊച്ചൂണിന്‍റെ മകന്‍ യെ ഡിംഗ്‌ഫെങ് ആണ് വരൻ. കമ്പനിയുടെ വടക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ഒരു മാനേജരുടെ മകളായ യാങ് ഹാനിങ്ങ് ആണ് വധു. ആഡംബര പരിപാടികൾ ബഹിഷ്‌കരിക്കണമെന്ന് രാജ്യത്തുടനീളമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരികൾ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യന്നതിനിടയിലാണ് ഫ്യൂജിയനില്‍ ചൈന കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളില്‍ ഒന്ന് നടന്നത് എന്നതും ശ്രദ്ധേയം.