കാലനല്ല സാറേ... പോലീസാ !; പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന 'ബഫല്ലോ സോള്‍ജിയേഴ്സ്' !
മറാജോ ദ്വീപിലെ കടുത്ത ചൂടിനും ചളി നിറഞ്ഞ ചതുപ്പിനും ഏറ്റവും പറ്റിയ വാഹനം പോത്താണെന്ന് പോലീസും പറയുന്നു.
ഹിന്ദു മിത്തോളജിയില്‍ മരണത്തിന്‍റെ ദേവനായ കാലന്‍റെ വാഹനമാണ് പോത്ത്. ജീവനുള്ളവയുടെ ആയുസ് ഒടുങ്ങാറാകുമ്പോള്‍ അവയുടെ ജീവനെടുക്കാനായി യമ ഭഗവാനായ കാലന്‍ പോത്തിന്‍റെ പുറത്തെത്തുന്നു. എന്നാല്‍, ലോകത്ത് തന്നെ ആദ്യമായി പോത്തിന്‍റെ പുറത്ത് പാട്രോളിംഗിന് ഇറങ്ങിയിരിക്കുകയാണ് ബ്രസീല്‍ പോലീസ്. ബോബ് മാര്‍ലിയുടെ പ്രശസ്തമായ ബഫല്ലോ സോള്‍ജിയേഴ്സ് എന്ന ഗാനത്തെ അനുസ്മരിച്ച് ഈ പോലീസ് സംഘം ഇന്ന് "ബഫല്ലോ സോൾജിയേഴ്സ്" (Buffalo Soldiers) എന്ന് അറിയപ്പെടുന്നു. ഇത്തരത്തില്‍ വളഞ്ഞ് കയറിയ കൊമ്പകളുള്ള കൂറ്റൻ എരുമകളെ പട്രോളിംഗിനായി ഉപയോഗിക്കുന്നത് ബ്രസീലിലെ മറാജോ ദ്വീപിലെ പോലീസാണ്. മറാജോയുടെ തലസ്ഥാനമായ സൗരെയിലെ പോലീസ് ഉദ്യോഗസ്ഥർ വർഷങ്ങളായി ദ്വീപിൽ പട്രോളിംഗ് നടത്താൻ എരുമകളെ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ യാത്ര സാധ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലാണ് പോലീസ് ഇത്തരത്തില്‍ പോത്തിന്‍റെ പുറത്ത് പട്രോളിംഗിനെത്തുന്നത്. ലോകത്ത് കുതിരയ്ക്ക് പകരം പട്രോളിംഗിനായി പോത്തിനെ ഉപയോഗിക്കുന്ന ഏക പോലീസ് വകുപ്പും മറാജോ ദ്വീപിലെ പോലീസ് വകുപ്പാണ്.
ഒരു നൂറ്റാണ്ട് മുമ്പ് ഫ്രഞ്ച് ഇന്തോ - ചൈനയിലെ നെല്‍പ്പാടങ്ങളില്‍ നിന്ന് ഫ്രഞ്ച് ഗയാനയിലേക്ക് കൊണ്ടു പോകുന്നതിനിടെ കപ്പല്‍ തകര്‍ന്ന് ഇവ രക്ഷപ്പെട്ടു. അങ്ങനെ ഇവ മറാജോ ദ്വീപിലെത്തപ്പെട്ടു. അക്കാലത്ത് ഫ്രഞ്ച് ഗയാനയിലെ ഒരു പീനൽ കോളനിയിൽ നിന്ന് കുറ്റവാളികൾ രക്ഷപ്പെടാനായി മറാജോയിലെ കണ്ടൽക്കാടുകളിലെ വിദഗ്ദ്ധരായ നീന്തക്കാരായ പോത്തുകളെ ഉപയോഗിച്ചു. ഏതാണ്ട് സ്വിറ്റസർലന്‍ഡിന്‍റെ വലിപ്പമുള്ള ആ വലിയ ദ്വീപില്‍ അന്ന് മനുഷ്യ വാസം കുറവായിരുന്നു. അതിനാല്‍ ഇവ പെട്ടെന്ന് തന്നെ പെറ്റ് പെരുകി. ഒരു കാലത്ത് ഇവിടെ ഏതാണ്ട് 4,50,000 ത്തോളം പോത്തുകളും എരുമകളും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പതുക്കെ ഇവ ദ്വീപിന്‍റെ സാംസ്കാരിക ചിഹ്നമായി മാറി. ആമസോണ്‍ നദിയില്‍ നിന്നും നിരന്തരം വെള്ളം കയറുന്ന ആ ദ്വീപിലെ ജീവിതവുമായി വളരെ പെട്ടെന്ന് തന്നെ പോത്തുകള്‍ ഇണങ്ങി. നിലവില്‍ മറാജോയില്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ എരുമകളും പോത്തുകളുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇന്ന് ദ്വീപിന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ ഇവ വലിയൊരു സ്ഥാനം വഹിക്കുന്നു.
ഇവ ദ്വീപിലെ സാമൂഹിക ജീവിതത്തിന്‍റെ ഭാഗമാകുന്നതും ഇക്കാലത്താണ്. പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മാസം, സാധനങ്ങള്‍ കൊണ്ടു പോകല്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ദ്വീപ് നിവാസികളെ ഇവ ഏറെ സ്വാധീനിച്ചു. അങ്ങനെ പതുക്കെ ആഘോഷങ്ങള്‍ക്കും ഇവയെ ഉപയോഗിച്ച് തുടങ്ങി. പോത്തുകള്‍ക്ക് 'കിഴക്കിന്‍റെ ജീവനുള്ള ട്രാക്ടര്‍' എന്ന വിളിപ്പേരും സ്വന്തമായി. ജനജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച പോത്തുകളെ പോലീസും നോട്ടമിട്ടു. ദ്വീപിലെ ചതുപ്പ് നിറഞ്ഞ വിദൂര പ്രദേശങ്ങളിലേക്ക് പോകാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗം പോത്തുകളാണെന്ന് പോലീസും തിരിച്ചറിഞ്ഞു, പിന്നാലെ ബ്രസീല്‍ എട്ടാം ബറ്റാലിയന്‍റെ ഭാഗമായി പോത്തുകളും മാറി. 1990 കളിലാണ് ആദ്യ ബഫല്ലോ യൂണിറ്റ് പോലീസ് ആരംഭിക്കുന്നത്. 23,000 ത്തോളം ആളുകൾ താമസിക്കുന്ന ചെറിയ പട്ടണമായ സൗരെയിലെ പട്രോളിംഗിനായിട്ടായിരുന്നു അത്. ചതുപ്പിലെ ചെളിയിലൂടെയുള്ള സഞ്ചാരത്തിന് ഇവ കുതിരകളെക്കാള്‍ മികച്ചവയാണെന്ന് പോലീസ് പറയുന്നു. ചൂട് കൂടിയ ഫ്രഞ്ച് ഇന്തോ ചൈനയില്‍ നിന്നും എത്തിയതിനാല്‍ മറാജോയിലെ കടുത്ത ചൂട് ഇവയ്ക്ക് പ്രശ്നമല്ല. ഇന്ന് ബ്രസീല്‍ എട്ടാം ബറ്റാലിയന്‍ "ബഫല്ലോ സോൾജേഴ്സ്" എന്നും അറിയപ്പെടുന്നു.
'പരാതിപ്പെടരുത്. ഇത് അച്ഛാ ദിൻ ആണ്'; വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ 'ചത്ത പാറ്റ'യെന്ന് പരാതി !