ഒറ്റനിമിഷം, അസാമാന്യ ധൈര്യം, പിന്നിലൂടെ യുവാവിനെ അകത്തേക്ക് വലിച്ചിട്ടു, ജീവൻ രക്ഷിച്ച അയൽവാസിക്ക് അഭിനന്ദനം
ഒന്ന് പിഴച്ചാൽ യുവാവ് താഴേക്ക് വീണേനെ. നല്ല ധൈര്യവും കരുത്തും ആത്മവിശ്വാസവും ഉള്ള ഒരാൾക്ക് മാത്രമേ ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാനും ഒരാളെ ഇത്ര പെട്ടെന്ന് രക്ഷിച്ചെടുക്കാനും സാധിക്കൂ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
ചിലരുടെ ധൈര്യപൂർവമുള്ള പെരുമാറ്റം മറ്റ് ചിലരുടെ ജീവൻ തന്നെ രക്ഷിച്ചേക്കാം. വളരെ പെട്ടെന്നെടുക്കുന്ന വിവേകപൂർവവും കരുത്തുറ്റതുമായ തീരുമാനമാണ് അത്തരം അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നത്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നോയിഡയിലും ഉണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
നോയിഡയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ 14 -ാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടാനൊരുങ്ങി നിന്ന യുവാവിനെയാണ് ഒറ്റനിമിഷം പോലും ചിന്തിച്ച് നിൽക്കാതെ അയൽവാസി വന്ന് രക്ഷിച്ചത്. 'ധീരതയും പെട്ടെന്നുള്ള പ്രവൃത്തിയും ഇന്ന് നോയിഡയിലെ സെക്ടർ 74 -ലെ സൂപ്പർടെക് കേപ്ടൗണിൽ ഒരു ജീവൻ രക്ഷിച്ചു. കെട്ടിടത്തിൽ നിന്ന് ചാടാനൊരുങ്ങിയ ഒരാളെ ഇവിടുത്തുകാർ രക്ഷപ്പെടുത്തി' എന്ന് വീഡിയോയുടെ കാപ്ഷനിൽ തന്നെ കുറിച്ചിട്ടുണ്ട്.
വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത് Dr Mehak Janjua എന്ന യൂസറാണ്. വീഡിയോയിൽ ഒരാൾ 14 -ാം നിലയിൽ കൈവിട്ടാൽ താഴേക്ക് വീഴും എന്ന മട്ടിൽ നിൽക്കുന്നതും പിറകെ ഒരാൾ വന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതും അയാൾക്കൊപ്പം മറ്റൊരാൾ ചേരുന്നതും കാണാം. പെട്ടെന്ന് പിന്നിലൂടെ വന്ന് യുവാവിനെ അകത്തേക്ക് എടുത്തിടുകയാണ് രണ്ടുപേരും.
ഒന്ന് പിഴച്ചാൽ യുവാവ് താഴേക്ക് വീണേനെ. നല്ല ധൈര്യവും കരുത്തും ആത്മവിശ്വാസവും ഉള്ള ഒരാൾക്ക് മാത്രമേ ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാനും ഒരാളെ ഇത്ര പെട്ടെന്ന് രക്ഷിച്ചെടുക്കാനും സാധിക്കൂ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
എന്തായാലും, അയൽവാസികളുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ടാണ് മിക്കവരും കമന്റുകൾ നൽകിയിരിക്കുന്നത്.