അധ്യാപകനെ സ്കൂളിൽനിന്നും തട്ടിക്കൊണ്ടുപോയി, തോക്കിൻമുനയിൽ നിർത്തി അപരിചിതയെ വിവാഹം ചെയ്യിപ്പിച്ചു
ബിഹാറിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോയി നിർബന്ധിതവിവാഹം കഴിപ്പിക്കുന്ന പതിവുണ്ട്. ഇത് നിയമവിരുദ്ധമാണെങ്കിലും ഇന്നും പലരും ഇത് ചെയ്യുന്നു.
23 വയസുള്ള അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിൽ നിർത്തി വിവാഹം ചെയ്യിപ്പിച്ചു. സംഭവം നടന്നത് ബിഹാറിൽ. ഒടുക്കം പൊലീസെത്തിയാണ് അധ്യാപകനെ മോചിപ്പിച്ചത്. ബുധനാഴ്ചയാണ് ഗൗരം കുമാർ റായ് എന്ന ഒരു സർക്കാർ സ്കൂൾ അധ്യാപകനെ ആയുധധാരികളായ ഒരുകൂട്ടം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോയത്.
അടുത്തിടെയാണ് ഗൗരം കുമാർ ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ എക്സാമിനേഷൻ പാസായി റെപുര ഗ്രാമത്തിലെ ഒരു സർക്കാർ മിഡിൽ സ്കൂളിൽ അധ്യാപകനായി പ്രവേശിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഗൗരമിനെ തോക്കിൻമുനയിൽ നിർത്തി സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇയാളെ അജ്ഞാതമായ ഒരിടത്ത് എത്തിച്ചു. ശേഷം, ഇവിടുത്തെ ഒരു ഇഷ്ടികക്കളം ഉടമയായ രാജേഷ് റായിയുടെ മകൾ ചാന്ദ്നി കുമാരിയെ അധ്യാപകനെ കൊണ്ട് നിർബന്ധിതമായി വിവാഹം ചെയ്യിച്ചു. ഗൗരം വിവാഹത്തെ എതിർത്തതോടെ അയാളെ ഉപദ്രവിക്കുകയും നിർബന്ധിപ്പിച്ച് വിവാഹം ചെയ്യിക്കുകയും ആയിരുന്നു.
പിറ്റേന്ന്, ഗൗരമിന്റെ മുത്തച്ഛനായ രാജേന്ദ്ര റായ് പത്തേപൂർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകി. ഗൗരമിന്റെ കുടുംബം ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച രാവിലെയും മഹുര താജ്പുർ സ്റ്റേറ്റ് ഹൈവേ ബ്ലോക്ക് ചെയ്തു. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിറ്റേന്ന് രാജേഷ് റായിയുടെ വീട് റെയ്‍ഡ് ചെയ്യുകയും ഗൗരമിനെ മോചിപ്പിക്കുകയും ആയിരുന്നു.
ബിഹാറിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോയി നിർബന്ധിതവിവാഹം കഴിപ്പിക്കുന്ന പതിവുണ്ട്. ഇത് നിയമവിരുദ്ധമാണെങ്കിലും ഇന്നും പലരും ഇത് ചെയ്യുന്നു. പക്ക്വഡ വിവാഹങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. നിരവധി പരാതികൾ ഇവിടെ ഇത്തരം വിവാഹവുമായി ബന്ധപ്പെട്ട് ഉയരാറുണ്ട്. പൊലീസെത്തിയാണ് പലപ്പോഴും ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നവരെ മോചിപ്പിക്കാറ്. നേരത്തെ അസുഖം വന്ന പശുവിനെ ചികിത്സിക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി ഒരു മൃഗഡോക്ടറെയും ഇതുപോലെ നിർബന്ധിത വിവാഹം ചെയ്യിപ്പിച്ചിരുന്നു.
വായിക്കാം: ഔദ്യോഗികരേഖകളിലും അവരിനി ഒന്ന്, നേപ്പാളിൽ ആദ്യത്തെ സ്വവർഗവിവാഹം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം