ബിഹാറിലെ ആദ്യ ദളിത് മുഖ്യമന്ത്രി, അഴിമതി തൊട്ടുതീണ്ടാത്ത വ്യത്യസ്തനായ രാഷ്ട്രീയ നേതാവ്, ഭോലാ പസ്വാൻ ശാസ്ത്രി

മൂന്നു വട്ടം ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലേറി എങ്കിലും സ്വന്തമായി നയാപൈസ ഉണ്ടാക്കിയില്ല. സ്വന്തം വീട് പുതുക്കിപ്പണിയാനോ, ബന്ധുക്കളുടെ കീശ വീർപ്പിക്കാനോ ഇദ്ദേഹം ശ്രമിച്ചില്ല. 

Bhola Paswan Shasthri the honest most Three time CM of Bihar

ബിഹാർ എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരിക അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ നേതാക്കളെയാണ്. അവർ ഉൾപ്പെട്ട, കോടികൾ വെട്ടിച്ച നിരവധി കുംഭകോണങ്ങളാണ്. മുഖ്യമന്ത്രിമാർ അടക്കമുള്ള മന്ത്രിവൃന്ദം അധികാരത്തിലിരിക്കെ സംസ്ഥാന ഖജനാവിൽ തീവെട്ടിക്കൊള്ള നടത്തിയ എത്രയോ കഥകൾ നമ്മൾ ബിഹാറിൽ നിന്ന് കേട്ടുകഴിഞ്ഞു. എന്നാൽ, ബിഹാറിന് പറയാനുള്ളത് ആ കഥകൾ മാത്രമല്ല. ഏറെ സത്യസന്ധമായി ഭരിച്ച ഒരു മുഖ്യമന്ത്രി, ശുദ്ധരിൽ ശുദ്ധൻ, സാധുക്കളിൽ സാധു ആയ ഒരാളുണ്ടായിരുന്നു അവിടെ. അയാളുടെ പേര് ഭോലാ പസ്വാൻ ശാസ്ത്രി എന്നായിരുന്നു. രാജ്യത്തെ തന്നെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി എന്ന വിശേഷണത്തിന് അർഹനായ ഇദ്ദേഹം, മൂന്നു വട്ടം ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലേറി എങ്കിലും സ്വന്തമായി നയാപൈസ ഉണ്ടാക്കിയില്ല. സ്വന്തം വീട് പുതുക്കിപ്പണിയാനോ, ബന്ധുക്കളുടെ കീശ വീർപ്പിക്കാനോ ഇദ്ദേഹം ശ്രമിച്ചില്ല. എന്തിന്, സ്വന്തം ഗ്രാമത്തിനു പോലും അനർഹമായ ഒന്നും നേടിക്കൊടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു ഭോലാ പസ്വാൻ ശാസ്ത്രി. ലാലുപ്രസാദിനെയും നിതീഷ് കുമാറിനെയും പോലുള്ള നേതാക്കൾ എന്നും അഴിമതി ആരോപണങ്ങളുടെ നിഴലിൽ നിന്നപ്പോൾ, ഭോലാ പാസ്വാൻ ശാസ്ത്രിയുടെ പ്രതിച്ഛായ എന്നെന്നും അകളങ്കിതമായിത്തന്നെ തുടർന്നു.

ഇംഗ്ളീഷ് കോളേജുകൾ ബഹിഷ്കരിച്ച്, സ്വദേശി കോളേജുകളിൽ പഠനം നടത്തണം എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തപ്പോൾ അത് കേട്ട് കൊണ്ട്, കാശി വിദ്യാപീഠത്തിൽ  ചേർന്ന് സംസ്‌കൃതം പഠിക്കാൻ വേണ്ടി ബിഹാറിലെ പൂർണിയ ജില്ലയിലെ ബെർഗാച്ചി ഗ്രാമത്തിൽ നിന്ന് ഭോലാ പസ്വാൻ എന്നൊരു യുവാവ് പുറപ്പെട്ടുവന്നു. അവന് സംസ്‌കൃതം പഠിക്കണം എന്ന ആവശ്യം തന്നെ ഏറെ വിപ്ലവാത്മകമായ ഒന്നായിരുന്നു. കാരണം, അവൻ ഒരു ദളിത് സമുദായാംഗമായിരുന്നു. അന്ന് സംസൃതകർമ്മകാണ്ഡങ്ങളിൽ ഒക്കെയും മേൽജാതിക്കാരുടെ സർവ്വാധിപത്യമുള്ള കാലമാണ്, അതൊക്കെയും കീഴ്ജാതിക്കാരന് ഏറെക്കുറെ നിഷിദ്ധമെന്നുതന്നെ കരുതപ്പെട്ടിരുന്ന കാലം. എന്നിട്ടും ആ പയ്യൻ തന്റെ ദൃഢനിശ്ചയം തുടർന്നു. അവന് അവിടെ പ്രവേശനം കിട്ടി. 1948 -ൽ അവൻ കാശി വിദ്യാപീഠത്തിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദം നേടി. സംസ്കൃതത്തിൽ ബിരുദപഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്വാഭാവികമായി അനുവദിച്ചു കിട്ടിയിരുന്ന 'ശാസ്ത്രി' എന്ന ഉപനാമം അദ്ദേഹത്തിനും കിട്ടി. അതോടെ സമൂഹം അവനെ 'ഭോലാ പസ്വാൻ ശാസ്ത്രി'എന്ന് വിളിച്ചു. 

പിന്നീട് ബിഹാർ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഈ വ്യക്തിയുടെ പേര് മൂന്നുവട്ടം കടന്നുവന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു പിന്നാലെ ബിഹാറിൽ, ഡോ. ശ്രീകൃഷ്ണ സിങിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ മന്ത്രിസഭയിൽ തന്നെ അംഗമായി ശാസ്ത്രി. 1952 -ൽ ബിഹാറിൽ ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശാസ്ത്രി സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അങ്ങോട്ടും നിരവധി  തവണ അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെത്തി. 1952 മുതൽ 1963 വരെ അദ്ദേഹം പല വകുപ്പുകളുടെ മന്ത്രിയായി. കോൺഗ്രസിൽ പാർട്ടികൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായ കാലമായിരുന്നു അത്. മൂന്നു സർക്കാരുകൾ, പരസ്പരമുള്ള പാലം വലിയിൽ നിലം പൊത്തി അക്കാലത്ത്. ആ പ്രശ്നങ്ങൾക്കിടെ കോൺഗ്രസ് ഒരു ദളിത് മുഖ്യമന്ത്രി എന്ന നിലക്ക് ഭോലാ പസ്വാൻ ശാസ്ത്രിയെ മുന്നോട്ടു വെച്ചു. കുറഞ്ഞ കാലത്തേക്കെങ്കിലും, മൂന്നുവട്ടം ഭോലാ പാസ്വാൻ തിവാരി ബിഹാറിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു.   1968 മാർച്ച് 22 മുതൽ 1968 ജൂൺ 29 വരെ ആദ്യ ഊഴം.  1969 ജൂൺ 22 മുതൽ 1968 ജൂലൈ 4 വരെ രണ്ടാമൂഴം. പിന്നെ, 1971 ജൂൺ 2 മുതൽ 1972 ജനുവരി 9 വരെ മൂന്നാമൂഴം.

1973 -ൽ ഇന്ദിര ഗാന്ധി സർക്കാരിൽ നഗരവികസനവകുപ്പുമന്ത്രിയായിരുന്നു ശാസ്ത്രി. ഏതു നിലക്ക് നോക്കിയാലും ഒരു അപൂർവ വ്യക്തിത്വമായിരുന്നു ഭോലാ പസ്വാൻ ശാസ്ത്രി. സ്വന്തം വ്യക്തിഗത ജീവിതത്തെ എന്നും രാഷ്ട്രീയ സ്ഥാനമാനങ്ങളുടെ ശബളിമയിൽ നിന്ന് ദൂരെ നിർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. സ്വകാര്യമായി ഒരു ധനവും ഇദ്ദേഹം ആർജ്ജിച്ചില്ല. തികച്ചും സാധാരണക്കാരനെപ്പോലുള്ള ജീവിതം, ഉന്നതമായ ചിന്തകൾ എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായി. സ്വന്തം ഗ്രാമത്തിന്റെ വികസനത്തിന് സവിശേഷ ശ്രദ്ധ ചെലുത്താൻ സമ്മർദ്ദമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞത് ബിഹാർ വികസിക്കുന്നതിനൊപ്പം മാത്രമേ തന്റെ ഗ്രാമവും വികസിക്കാവൂ എന്നാണ്. അല്ലെങ്കിൽ അത് സ്വജനപക്ഷപാതമായി കണക്കാക്കപ്പെടും എന്നദ്ദേഹം കരുതി. ജീവിതത്തിന്റെ സായാഹ്നത്തിൽ അർബുദബാധിതനായി ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്ന അദ്ദേഹം ഒടുവിൽ 1984 സെപ്റ്റംബർ 9 -ന് ദില്ലിയിൽ ചികിത്സയിൽ ഇരിക്കവേ ആണ് മരണപ്പെടുന്നത്. 

ഗ്രാമത്തിൽ ഭോലാ പസ്വാൻ ശാസ്ത്രിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സ്ഥാപിക്കപ്പെട്ട ഒരു പൂർണകായ പ്രതിമ, പൂർണിയ നഗരത്തിലെ ഒരു ജംഗ്‌ഷന്റെ പേര്, അവിടെയും ഒരു പ്രതിമ, പിന്നെ 2011 -ൽ പൂർണിയയിൽ സ്ഥാപിതമായ കാർഷിക സർവകലാശാലയുടെ പേര്  എന്നിങ്ങനെ വളരെ ചുരുങ്ങിയ ഇടങ്ങളിൽ മാത്രമേ ഇന്ന് ഭോലാ പസ്വാൻ ശാസ്ത്രി എന്ന ബിഹാർ മുഖ്യമന്ത്രിയുടെ സാന്നിധ്യം നമുക്ക് കണ്ടെടുക്കാനാവൂ. വർഷങ്ങളോളം ഭരിച്ചിട്ടും ഒരു അഴിമതിയാരോപണത്തിന്റെ  പോലും കളങ്കം രാഷ്ട്രീയ എതിരാളികൾ  അദ്ദേഹത്തിൽ ചാർത്തിയില്ല. ഏറെക്കാലം  മന്ത്രിസ്ഥാനത്തിരുന്നിട്ടും, തികഞ്ഞ നിസ്വനായി, അതിലേറെ നിസ്വാർത്ഥനായി ജീവിച്ചു മരിച്ച ഈ കറകളഞ്ഞ രാഷ്ട്രീയജീവി, പിൽക്കാലത്ത്  ബിഹാറിൽ അധികാരത്തിലേറിയ പല രാഷ്ട്രീയ കുതിരക്കച്ചവടക്കാർക്കും ഇടയിൽ ഒരു അപവാദമായിത്തന്നെ ചരിത്രത്തിൽ ഇടംപിടിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios