ലക്ഷ്യമിട്ടത് 200 ഓളം ആഡംബര ഹോട്ടലുകള്‍, പലതവണ പിടിവീണു; എന്നിട്ടും തുടരുന്ന 'തട്ടിപ്പ് ജീവിതം'
തൊഴിലുടമയില്‍ നിന്നും നേരിട്ട ദുരനുഭവത്തിന് പ്രതികാരം ചെയ്യാനിറങ്ങിയത് 1996 -ല്‍ ഇതിനകം നിരവധി തവണ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നതിന് പിന്നാലെ വീണ്ടും തട്ടിപ്പ്. ഒടുവില്‍ 67 -ാം വയസിലും അറസ്റ്റില്‍, ഇത് ഭീംസെന്‍റ് ജോണിന്‍റെ അസാധാരണമായ ജീവിതം.
അത്യാഡംബര സുഖ സൌകര്യങ്ങളോടെ ജീവിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. രാവിലെ ബെഡ് കോഫിയില്‍ തുടങ്ങി, അതിവിപുലമായ ഡിന്നറില്‍ അവസാനിക്കുന്ന ഭക്ഷണ മെനു. എന്തിനും ഏതിനും വിളിപ്പുറത്തുള്ള പരിചാരകർ. ഈ സുഖ സൌകര്യങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും പണം എല്ലാറ്റിനും തടസമായി നില്‍ക്കുന്നു. എന്നാല്‍, കൈയില്‍ അഞ്ച് പൈസ പോലുമില്ലാതെ ഏതാണ്ട് 28 വര്‍ഷമായി ഈ ആഡംബര സുഖങ്ങള്‍ ആസ്വദിച്ച് ജീവിച്ച ഒരു 67 -കാരനുണ്ട്, ഇന്ത്യയില്‍, പേര് ഭീംസെന്‍റ് ജോണ്‍. ഏറ്റവും ഒടുവിലായി അദ്ദേഹത്തെ കഴിഞ്ഞ ഏഴാം തിയതി മണിപ്പാലിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നും വീണ്ടും അറസ്റ്റ് ചെയ്തു.
200 ആഡംബര ഹോട്ടലുകളായിരുന്നു 1996 -ൽ തന്‍റെ തട്ടിപ്പ് ജീവിതം ആരംഭിക്കുമ്പോള്‍ തൂത്തുക്കുടി സ്വദേശിയായ ഭീംസെന്‍റ് ജോണ്‍ ലക്ഷ്യമിട്ടത്. പക്ഷേ, 2017 -ൽ മുബൈയില്‍ വച്ച് തന്‍റെ 181 -മത്തെ ആഢംബര ഹോട്ടല്‍ ജീവിതത്തിനിടെ സമാനമായ തട്ടിപ്പ് നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭീംസെന്‍റ് ജോണ്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്ത മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൈയില്‍ പണമില്ലാതെ അത്യാഡംബര ഹോട്ടലുകളില്‍ ജീവിതം നയിക്കുന്ന ഭീംസെന്‍റിന്‍റെ കഥ പുറം ലോകം അറിഞ്ഞത്.
മുംബൈ, ഹൈദരാബാദ്, ദില്ലി തുടങ്ങി തിരുവനന്തപുരം, കൊല്ലം അടക്കമുള്ള നഗരങ്ങളിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇയാള്‍ താമസിച്ചിട്ടുണ്ട്. നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ സംസാരിക്കുന്ന മാന്യമായി വസ്ത്രം ധരിച്ചെത്തുന്ന ഭീംസെന്‍റ്, എല്ലായിടത്തും ബുക്ക് ചെയ്തത് വില കൂടിയ സ്യൂട്ട് റൂമുകള്‍. അവിടുത്തെ എല്ലാ സൌകര്യങ്ങളും ഉപയോഗിച്ച ശേഷം 'ഇപ്പോള്‍ തന്നെ മുഴുവന്‍ പണവും അടയ്ക്കാമെന്ന്' പറഞ്ഞ് ഭീംസെന്‍റ് ഇറങ്ങും. പിന്നെ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കില്ല, അതായിരുന്നു ഭീംസെന്‍റിന്‍റെ തട്ടിപ്പ് രീതി.
ഇത്തരമൊരു തട്ടിപ്പിന് ഭീംസെന്‍റിനെ പ്രേരിപ്പിച്ചത് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍, ട്രാവൽ ആൻഡ് ടൂറിസം കമ്പനിയുമായി അഫിലിയേറ്റ് ചെയ്ത തന്‍റെ ജോലി സ്ഥാപനത്തില്‍ നിന്നുമുണ്ടായ ഒരു ദുരനുഭവമായിരുന്നു. 3,700 രൂപ ശമ്പളം നല്‍കുന്നതില്‍ ഭീംസെന്‍റിന്‍റെ തോഴിലുടമ വീഴ്ച വരുത്തി. ഇതോടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പിന് അദ്ദേഹം 1996 -ല്‍ തുടക്കമിട്ടു. എന്നാല്‍ ഈ തട്ടിപ്പിനിടെ പല തവണ ഭീംസെന്‍റ് അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുന്നു. നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവച്ചു. ഓരോ തവണ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴും അദ്ദേഹം അടുത്ത തട്ടിപ്പിനായി ആഡംബര ഹോട്ടലിലേക്കാണ് പോകുന്നതും.
ഏറ്റവം ഒടുവിലായി ഡിസംബര്‍ 7 -ന് ഭീംസെന്‍റ് വീണ്ടും അറസ്റ്റിലായി. ഇത്തവണ കർണ്ണാടകയിലെ മണിപ്പാളില്‍ നിന്നാണ് സമാനമായ തട്ടിപ്പിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മണിപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും വില കൂടിയ ഭക്ഷണം കഴിച്ച വകയില്‍ 39,298 രൂപയുടെ ബിൽ അടയ്ക്കാനുണ്ടായിരുന്ന ഭീംസെന്‍റ് പണം മുഴുവനും പിന്നീട് അടയ്ക്കാമെന്ന് മാനേജരോട് പറഞ്ഞു. എന്നാല്‍, സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ പോലീസിനെ വിളിച്ചതോടെയായിരുന്നു അദ്ദേഹം വീണ്ടും അറസ്റ്റിലായതെന്ന് മണികണ്ട്രോള്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീംസെന്‍റിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലും വിദേശത്തുമായി സമാന തട്ടിപ്പിന് ഭീംസെന്‍റിനെതിരെ 49 കേസുകളാണ് നിലവിലുള്ളതെന്നും പോലീസ് പറയുന്നു.
വിവാഹ വേദിയില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരയുന്ന വധു; വീഡിയോ വൈറല്‍