നരബലി കേസിലെ പ്രതി ഫേസ്ബുക്കിലെ ഹൈക്കു 'കവി'; ഞെട്ടലിൽ എഫ് ബി സുഹൃത്തുക്കളും
വാർത്ത വന്നതോടെ എല്ലാവരും വലിയ ഞെട്ടലിലാണ്. എന്നാലും ഇങ്ങനെ അല്ലറ ചില്ലറ കവിതയൊക്കെ എഴുതി പോകുന്ന ഇയാൾ കേരളത്തെ തന്നെ ഞെട്ടിച്ച ഒരു വലിയ നരബലിയുടെ പിന്നിലെ പ്രതിയാണ് എന്നത് പലർക്കും വിശ്വസിക്കാൻ തന്നെ കഴിഞ്ഞിട്ടില്ല.
കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുത്തു എന്നതാണ് വാർത്ത. അറസ്റ്റിലായത് മൂന്നുപേർ. തിരുവല്ല സ്വദേശികളും ദമ്പതികളുമായ ഭഗവൽ സിംഗ്, ഭാര്യ ലൈല, ഇവർക്ക് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് നൽകിയ മുഹമ്മദ് ഷാഫി.
കൊച്ചിയിൽ 'നരബലി'! രണ്ട് സ്ത്രീകളുടെ തലയറുത്തു, കഷണങ്ങളാക്കി ബലി നൽകി, ദമ്പതികളും ഏജന്റും അറസ്റ്റിൽ
എന്നാൽ, ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സുഹൃത്തുക്കളായി ഉണ്ടായിരുന്നവർ അതിലും വലിയ ഞെട്ടലിലാണ്. അനേകം ഹൈക്കു കവിതകളൊക്കെ എഴുതി സ്വയം കവിയായി അറിയപ്പെടുന്ന ആളാണ് ഈ ഭഗവൽ സിംഗ്. ഫ്രണ്ട്സ് ലിസ്റ്റിലും എഴുതുന്നവരും വായിക്കുന്നവരും ധാരാളമുണ്ട്.
ഏതായാലും വാർത്ത വന്നതോടെ എല്ലാവരും വലിയ ഞെട്ടലിലാണ്. എന്നാലും ഇങ്ങനെ അല്ലറ ചില്ലറ കവിതയൊക്കെ എഴുതി പോകുന്ന ഇയാൾ കേരളത്തെ തന്നെ ഞെട്ടിച്ച ഒരു വലിയ നരബലിയുടെ പിന്നിലെ പ്രതിയാണ് എന്നത് പലർക്കും വിശ്വസിക്കാൻ തന്നെ കഴിഞ്ഞിട്ടില്ല. പല കവിതകൾക്കും താഴെ ആളുകൾ വന്ന് കമന്റുകൾ ഇട്ട് തുടങ്ങിയിട്ടുണ്ട്.
ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു.
(ഹൈകു )
ഇതാണ് വെറും അഞ്ച് ദിവസം മുമ്പ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കവിത. മിക്കവാറും എഴുതിയിടുന്നത് രണ്ടോ മൂന്നോ വരികൾ മാത്രമുള്ള ഹൈക്കു കവിതകളാണ്.
മറ്റൊരു കവിത ഇങ്ങനെ,
ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത.
(ഹൈകു)
വേറൊരു ഹൈക്കു ഇങ്ങനെ;
പുല്ലാന്നി നാമ്പ്
കാറ്റിലാടും വഴിയിൽ
കുപ്പിവളകൾ
ഏതായാലും നിരവധിപ്പേരാണ് ഇയാൾ നരബലി കേസിലെ പ്രധാന പ്രതിയാണ് എന്ന് അറിഞ്ഞതിന്റെ നടുക്കം രേഖപ്പെടുത്തിയിരിക്കുന്നത്.
കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന നരബലിയുടെ വിശദാംശങ്ങൾ വെളിപ്പെട്ടത്. ഇയാൾ നേരത്തെ ആഭിചാരക്രിയകൾ ചെയ്യുന്നുണ്ട് എന്നും പറയുന്നു. കഴുത്തറുത്താണ് റോസിലിനെയും പത്മയേയും കൊന്നിരിക്കുന്നത്.