ഉള്ളിലേക്ക് കയറി പോയവർക്ക് എന്ത് സംഭവിച്ചു? നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ബീഹാറിലെ ഭഗൽപൂർ ഗുഹ
ഗുഹയ്ക്ക് ഗംഗാ നദിയിലേക്ക് തുറക്കുന്ന ഒരു വാതിലും മുൻഗർ കോട്ടയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു വാതിലും ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ആരും അത് സ്ഥിരീകരിച്ചിട്ടില്ല.
നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന നിരവധി സ്ഥലങ്ങളും നിർമ്മിതികളും നമ്മുടെ ഈ കൊച്ചു ലോകത്തുണ്ട്. പലപ്പോഴും അവയുടെ ആകർഷണീയതയും രഹസ്യങ്ങളും തേടി ആളുകൾ ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്താറുണ്ട്. ഇത്തരത്തിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു ഗുഹയുടെ പേര് അടുത്തിടെ പ്രധാന വാർത്തകളിൽ ഇടം നേടിയിരുന്നു. ഗുഹക്കുള്ളിലേക്ക് പോയവർ ആരും പിന്നീട് തിരിച്ചെത്തിയിട്ടില്ലന്ന വിശ്വാസമാണ് ഈ ഗുഹയെ വേറിട്ട് നിർത്തുന്നത്. ബിഹാറിലെ ബരാരി ഭഗൽപൂരിലെ മഹർഷി മേഹിയുടെ ആശ്രമത്തിലാണ് നിഗൂഢമായ ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
മഹർഷി മേഹിയുടെ ആശ്രമത്തിന്‍റെ മാനേജർ അജയ് ജയ്‌സ്വാൾ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഈ ഗുഹയുടെ കാലപ്പഴക്കം ആർക്കും നിശ്ചയമില്ലെന്നാണ്. മഹർഷി മേഹി ഒരിക്കൽ ഈ ഗുഹയ്ക്കുള്ളിൽ എത്തി, ധ്യാനിക്കാൻ ഒരു സ്ഥലം അന്വേഷിച്ചു. അദ്ദേഹം ഗുഹയ്ക്കുള്ളിൽ തപസ്സു ചെയ്യുകയും ദേവന്‍റെ സാന്നിധ്യം ദർശിക്കുകയും ചെയ്തു. എന്നാല്‍, ഗുഹയ്ക്കുള്ളിൽ പോകുന്നവർ പിന്നീട് ഒരിക്കലും തിരിച്ചു വരില്ലന്നാണ് പൂർവികരിൽ നിന്നും താൻ കേട്ടിട്ടുള്ളതെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
ഭഗൽപൂരിൽ താമസിക്കുന്ന അരുൺ കുമാർ ഭഗത് എന്ന് പേരുള്ള ഒരാൾ 1970 -കളിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു സംഭവം വിവരിക്കുന്നത് ഇങ്ങനെ. 'ഒരിക്കൽ തന്‍റെ ഒരു സുഹൃത്തിനോടൊപ്പം ആ ഗുഹക്കുള്ളിൽ കയറാൻ അയാൾ തീരുമാനിച്ചു. എന്നാൽ ഗുഹ കവാടത്തിനരികിൽ എത്തിയപ്പോൾ താൻ മടങ്ങി, പക്ഷേ സുഹൃത്ത് അകത്തേക്ക് കയറിപ്പോയി. പിന്നീട് ഏറെനേരം കഴിഞ്ഞിട്ടും സുഹൃത്ത് തിരികെ വന്നില്ല. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം ഗുഹക്കുള്ളിൽ നിന്നും അയാളുടെ നിലവിളി ശബ്ദം കേട്ടു. പിന്നെയും മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം ഏറെ അവശനായി തന്‍റെ സുഹൃത്ത് തിരികെ വന്നപ്പോൾ ശരീരം ആസകലം മുറിവുകൾ ഉണ്ടായിരുന്നുവെന്നും അരുൺകുമാർ പറയുന്നു. അകത്ത് പോയി തിരിച്ചുവരാൻ വളരെ ബുദ്ധിമുട്ടുള്ളതിനാൽ ഈ ഗുഹ വളരെ ദുരൂഹമാണെന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.
ഗുഹയ്ക്ക് ഗംഗാ നദിയിലേക്ക് തുറക്കുന്ന ഒരു വാതിലും മുൻഗർ കോട്ടയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു വാതിലും ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ആരും അത് സ്ഥിരീകരിച്ചിട്ടില്ല. ഭഗൽപൂരിനടുത്ത് താമസിക്കുന്നവരുടെ അഭിപ്രായത്തിൽ ഈ ഗുഹ നിഗൂഢവും പുരാതനവുമായ ഒരു ഗുഹയാണ്. ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കാൻ ഒന്നിലധികം വാതിലുകൾ ഗുഹയ്ക്കുണ്ട്. നിരവധി ദുരൂഹ സംഭവങ്ങൾ അരങ്ങേറുകയും ഗുഹയിൽ പ്രവേശിച്ച ശേഷം തിരികെ വരാൻ ആളുകൾ ബുദ്ധിമുട്ടുകയും ചെയ്തപ്പോൾ ക്ഷേത്ര ഭരണസമിതി ഗുഹ പൂട്ടിയതായും ആളുകൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ഇത് പുറമേ നിന്ന് കാണാൻ മാത്രമേ അനുവാദമുള്ളൂ, ഉള്ളിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.