'ബോർഡിംഗ് സ്കൂളെന്ന് കേട്ടപ്പോൾ ആദ്യം പേടിച്ചു, പക്ഷേ'; 'താരേ സമീൻ പർ' ഓര്‍മ വരുന്നെന്ന് നെറ്റിസണ്‍സ്
'ഒന്നാം ക്ലാസിൽ ബോർഡിംഗ് സ്കൂളിൽ പോകണമെന്ന് ആദ്യം കേട്ടപ്പോൾ ഞാൻ വളരെ അധികം പേടിച്ചുപോയി. എന്നാൽ, പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇവിടം വിട്ട് പോകേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു പേടിപ്പിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിരുന്നു അത്' എന്നാണ് അദിതി എഴുതുന്നത്.
വിവിധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതിയിട്ട പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വിദ്യാലയവുമായി ബന്ധപ്പെട്ട് യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇത്. ഈ പോസ്റ്റിന് 'താരേ സമീൻ പർ' എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ കമന്റുകൾ വരുന്നത്. ആ വിദ്യാലയത്തിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
ചില വിദ്യാലയങ്ങൾ നമുക്ക് പേടിസ്വപ്നമായി മാറാറുണ്ട്. എന്നാൽ, ചില വിദ്യാലയങ്ങൾ നമ്മെ സംബന്ധിച്ച് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളും നിമിഷങ്ങളും നമുക്ക് സമ്മാനിച്ചവയായിരിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഈ യുവതിയുടേതും.
അദിതി ശ്രീവാസ്തവ എന്ന യുവതിയാണ് എക്സിൽ (ട്വിറ്ററിൽ) മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിലുള്ള ന്യൂ എറ ഹൈസ്‌കൂളുമായി ബന്ധപ്പെട്ടുള്ള തൻ്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. ബോർഡിംഗ് സ്കൂളിൽ ചേരുന്ന സമയത്ത് താൻ അനുഭവിച്ചിരുന്ന ഭയത്തെ കുറിച്ചും അവർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
'ഒന്നാം ക്ലാസിൽ ബോർഡിംഗ് സ്കൂളിൽ പോകണമെന്ന് ആദ്യം കേട്ടപ്പോൾ ഞാൻ വളരെ അധികം പേടിച്ചുപോയി. എന്നാൽ, പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇവിടം വിട്ട് പോകേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു പേടിപ്പിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിരുന്നു അത്' എന്നാണ് അദിതി എഴുതുന്നത്. ഒപ്പം വിരമിച്ച ശേഷം ഇവിടെ ഒരു അധ്യാപികയാവാൻ കാത്തിരിക്കുന്നതിനെ കുറിച്ചും അവർ പറയുന്നുണ്ട്.
എന്തായാലും പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പോസ്റ്റ് വൈറലായതോടെ 'താരേ സമീൻ പർ' ഷൂട്ട് ചെയ്യുന്ന സമയത്ത് തങ്ങൾ മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു എന്നും അദിതി തന്റെ ഒരു കമന്റിൽ പറഞ്ഞു.
ഇവിടെ പഠിച്ചവരും ചിത്രങ്ങൾക്ക് കമന്റ് നൽകിയിട്ടുണ്ട്. മിക്കവാറും ആളുകൾ 'താരേ സമീൻ പർ' എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഒരുപാട് മനോഹരമായ കമന്റുകൾ നൽകിയിരിക്കുന്നത്.
'ഏറ്റവും സത്യസന്ധനായ മനുഷ്യൻ'; വിനോദസഞ്ചാരിയെ അമ്പരപ്പിച്ച് ഇന്ത്യയിലെ മാല വില്പനക്കാരൻ