കനത്ത മഴ, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍, ഹൗസിംഗ് കോംപ്ലക്സിൽ മീൻ, ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
ഒരാൾ ഇവിടെ നിന്നും മീൻ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. വെള്ളം കയറിയപ്പോൾ ഒഴുകിയെത്തിയ ഒരു മീനുമായി നിൽക്കുന്ന യുവാവാണ് ചിത്രത്തിൽ.
'ഇന്ത്യയുടെ സിലിക്കൺ വാലി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ബംഗളുരു. അടുത്തിടെ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വലിയ പ്രതിസന്ധി നേരിടുകയാണ് നഗരം. ഇത് പല തെരുവുകളെയും ചെറുനദികളാക്കി മാറ്റി. നഗരത്തിലാകെ പ്രതിസന്ധിക്ക് ഇത് കാരണമായിത്തീർന്നു. നഗരത്തിലൂടെ യാത്ര ചെയ്യാനോ പുറത്തിറങ്ങാനോ ഒന്നും സാധിക്കാത്ത തരത്തിലേക്കും കാര്യങ്ങൾ മാറി.
ദിവസേന പുറത്തിറങ്ങേണ്ടി വന്നിരുന്ന ആളുകളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. നഗരത്തിൽ ഗതാഗതം വലിയ ബുദ്ധിമുട്ടായിത്തീരുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്കുകളും പല വഴികളും വെള്ളത്തിനടിയിലായതും എല്ലാം അതിൽ പെടുന്നു.
ഒക്‌ടോബർ 15 -ന് പെയ്ത കനത്ത മഴ ബെംഗളൂരുവിൽ പലയിടങ്ങളിലും നാശം വിതച്ചു. പല വീടുകളും വെള്ളത്തിലായി. വീട്ടിൽ നിന്നും വെള്ളം മാറ്റാനും വെള്ളത്തിനടിയിലായിപ്പോയ വാഹനങ്ങൾ പുറത്തെടുക്കാനുമെല്ലാമായി പ്രദേശവാസികൾക്ക് ഒരുപാട് കഷ്പ്പെടേണ്ടി വന്നു.
അതേസമയം, യെലഹങ്കയിലെ കേന്ദ്രീയ വിഹാർ ഹൗസിംഗ് കോംപ്ലക്സിലെ താമസക്കാർ വലിയ പ്രതിസന്ധിയിലായിരുന്നു. പല കെട്ടിടങ്ങളും വെള്ളത്തിലായി. വൈദ്യുതി മുടങ്ങി. കുട്ടികളും പ്രായമായവരും അടക്കം ഇവിടെയുണ്ടായിരുന്നു. അവസാനം അധികൃതർ അവരെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനായി രണ്ട് ട്രാക്ടറുകൾ അയക്കുകയായിരുന്നു.
എന്തായാലും ഇവിടെ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരാൾ ഇവിടെ നിന്നും മീൻ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. വെള്ളം കയറിയപ്പോൾ ഒഴുകിയെത്തിയ ഒരു മീനുമായി നിൽക്കുന്ന യുവാവാണ് ചിത്രത്തിൽ.
അതേസമയം, ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടെ പലരും തങ്ങളുടെ അപ്പാർട്മെന്റുകൾ വിൽക്കാനിട്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.