ബാർബറുടെ ഫോൺ മോഷ്ടിക്കപ്പെട്ടു, കസ്റ്റമറായ യുവാവ് ചെയ്തത്
'എൻ്റെ ബാർബറുടെ ഫോൺ മോഷ്ടിക്കപ്പെട്ടു, പുതിയൊരെണ്ണം വാങ്ങാൻ അദ്ദേഹത്തെ സഹായിക്കണം. അദ്ദേഹം വളരെ നല്ലവനാണ്, ആരോടും ദേഷ്യപ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്യില്ല.'
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള ബാർബറാണ് സോനു. കഴിഞ്ഞ ദിവസം സോനുവിന്റെ മൊബൈൽ ഫോൺ കളവു പോയി. ആകെ വല്ലാത്ത അവസ്ഥയിൽ പെട്ടുപോയ സോനുവിന്റെ രക്ഷയ്ക്ക് ഒരു യുവാവെത്തി. അവിടുത്തെ സ്ഥിരം കസ്റ്റമറായിരുന്നു ഈ യുവാവ്. സോനുവിന് മൊബൈൽ ഫോൺ വാങ്ങാനുള്ള കാശിന് വേണ്ടി മിലാപിൽ ഒരു ഫണ്ട്റൈസിംഗ് കാമ്പയിൻ തുടങ്ങി യുവാവ്.
ആളുകളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിന് വേണ്ടി തന്റെ ടി -ഷർട്ടിന്റെ പിന്നിൽ ഫണ്ടിന് വേണ്ടിയുള്ള പേജിലേക്കുള്ള ക്യു ആർ കോഡ് പ്രിന്റും ചെയ്തിട്ടുണ്ട്. ഇത് സോനുവിനെ സന്തോഷിപ്പിക്കുകയും ചെയ്തു. യുവാവിനെ സോനു വിശേഷിപ്പിച്ചത് 'തങ്കത്തിന്റെ ഹൃദയമുള്ള മനുഷ്യൻ' എന്നാണ്. ബാർബറായ സോനുവിന്റെയും സഹായിക്കാൻ വേണ്ടി ഫണ്ട് റൈസിംഗ് തുടങ്ങിയ സോനുവിന്റെ കസ്റ്റമറായ യുവാവിന്റെയും കഥ സോഷ്യൽ മീഡിയയിലൂടെയാണ് ആളുകൾ അറിഞ്ഞത്.
ക്യു ആർ കോഡ് പ്രിന്റ് ചെയ്ത ടി ഷർട്ടുമായി നടക്കുന്ന യുവാവിനെ ഒരു എക്സ് യൂസർ കാണുകയായിരുന്നു. അവര്‍, യുവാവിന്റെ പടം പകർത്തുകയും യുവാവിനോട് കാര്യങ്ങൾ തിരക്കുകയും ചെയ്തു. "എൻ്റെ ബാർബറുടെ ഫോൺ മോഷ്ടിക്കപ്പെട്ടു, പുതിയൊരെണ്ണം വാങ്ങാൻ അദ്ദേഹത്തെ സഹായിക്കണം. അദ്ദേഹം വളരെ നല്ലവനാണ്, ആരോടും ദേഷ്യപ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്യില്ല. കുമാർ സാനു മുതൽ ഹണി സിംഗ് വരെ ഉള്ള അദ്ദേഹത്തിന്റെ പ്ലേ ലിസ്റ്റും തനിത്തങ്കമാണ്. അദ്ദേഹത്തിന് ഒരു പുതിയ ഫോൺ വാങ്ങി നൽകണം. അതിലേക്ക് ഈ പാട്ടുകളെല്ലാം ഡൗൺലോഡ് ചെയ്തുകൊടുക്കുകയും വേണം. ഗാസിയാബാദിലെ ആലിം ഹക്കീം എന്നാണ് ആളുകൾ അദ്ദേഹത്തെ വിളിക്കുന്നത്" എന്നാണ് യുവാവ് പറഞ്ഞത്. അവര്‍ ഇത് എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചതോടെയാണ് ഈ കഥ വൈറലായത്.
കഥ വൈറലായതോടെ Nothing Phone സോനുവിന് ഒരു ഫോൺ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. 30,000 രൂപയുടെ ഫോണാണ് കമ്പനി സോനുവിന് സമ്മാനിച്ചത്. എന്തായാലും ബാർബർ സോനുവിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കസ്റ്റമറുടെയും കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.