വരന് ഡെങ്കിപ്പനി, നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ വിവാഹം
അവിനാഷിന്റെ പനിയാണെങ്കിൽ കുറയാനുള്ള യാതൊരു സാധ്യതയും കണ്ടതുമില്ല. അതോടെ അവിനാഷിന്റെ അച്ഛൻ രാജേഷ് കുമാർ വിവാഹം നീട്ടിവയ്ക്കാം എന്ന തീരുമാനത്തിലെത്തി. എന്നാൽ, അടുത്ത ദിവസം അവിനാഷിന്റെ ഭാവിവധുവായ അനുരാധയും കുടുംബവും അവിനാഷിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തി.
വിവാഹദിവസം അടുക്കുമ്പോൾ ആളുകൾക്ക് പലതരം പേടിയാണ്. അതിനാൽ തന്നെ വധുവും വരനും എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കുകയും ചെയ്യും. പക്ഷേ, അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും വരാമല്ലോ? അതുപോലെ, ഡെങ്കിപ്പനി കാരണം വരൻ ആശുപത്രിയിലായതോടെ വിവാഹം ആശുപത്രിയിൽ വച്ച് നടത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്.
ദില്ലിയിൽ നിന്നുള്ള അവിനാഷ് കുമാർ എന്ന 27 -കാരനാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിവാഹത്തിന് വെറും നാല് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അവിനാഷിന് വയ്യാതെയാവുന്നത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കടുത്ത പനിയെ തുടർന്ന് യുവാവ് അവശനിലയിലായി. നവംബർ 25 -ന് അവിനാഷിന്
ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഇയാളെ മാക്സ് വൈശാലി ആശുപത്രിയിലെ ഹൈ ഡിപ്പൻഡൻസി യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.
അവിനാഷിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വെറും 10,000 ആയി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് 20,000 -ത്തിൽ താഴെയായാൽ രോഗി അപകടാവസ്ഥയിലാണ് എന്നാണർത്ഥം. അവിനാഷിന്റെ പനിയാണെങ്കിൽ കുറയാനുള്ള യാതൊരു സാധ്യതയും കണ്ടതുമില്ല. അതോടെ അവിനാഷിന്റെ അച്ഛൻ രാജേഷ് കുമാർ വിവാഹം നീട്ടിവയ്ക്കാം എന്ന തീരുമാനത്തിലെത്തി. എന്നാൽ, അടുത്ത ദിവസം അവിനാഷിന്റെ ഭാവിവധുവായ അനുരാധയും കുടുംബവും അവിനാഷിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തി. അവിടെ വച്ചാണ് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്ന് തീരുമാനിക്കുന്നത്.
അവസാനം ആശുപത്രി അധികാരികളും ഈ വിവാഹത്തിന് അനുമതി നൽകി. ആശുപത്രിയിലെ മീറ്റിംഗ് ഹാളിൽ എല്ലാ സുരക്ഷയോടും ശ്രദ്ധയോടുമാണ് വിവാഹം നടന്നത് എന്ന് ആശുപത്രി അധികൃതർ പറയുന്നു. വെറും 10 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇവർ വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങളാണ്. ഫരീദാബാദ് ആശുപത്രിയിൽ നഴ്സാണ് അനുരാധ. തന്റെ വിവാഹം ഇങ്ങനെയാവും നടക്കുക എന്ന് താനൊരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല എന്നാണ് അനുരാധ പറഞ്ഞത്. അവിനാഷിന്റെ അവസ്ഥ ഇപ്പോൾ മെച്ചപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു.
വായിക്കാം: ആറുമാസം ദമ്പതികൾ അബദ്ധത്തിൽ കുടിച്ചത് ടോയ്‍ലെറ്റ് പൈപ്പിൽ നിന്നുള്ള വെള്ളം, സംഭവിച്ചത്..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം