Bee Lockdown : ഓസ്‌ട്രേലിയയില്‍ തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍!
ലോകമെങ്ങും തേനീച്ചക്കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം. ഇവയെ ഓസ്‌ട്രേലിയയില്‍ വീണ്ടും കണ്ടെത്തിയതോടെ ആശങ്കയിലാണ് തേനീച്ച കര്‍ഷകര്‍.
തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. കര്‍ഷകര്‍ തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവിടെ നിരോധിച്ചത്.
വറോവയെന്ന ചെള്ളുകളെ തുടച്ചുനീക്കിയ ഭൂഖണ്ഡമായിരുന്നു ഓസ്‌ട്രേലിയ. കഴിഞ്ഞയാഴ്ച സിഡ്‌നിക്ക് സമീപം തുറമുഖത്താണ് ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. എന്നാല്‍ നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ വരെ ഇവയെത്തിയെന്ന് വൈകാതെ വ്യക്തമായി. ലോകമെങ്ങും തേനീച്ചക്കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം. ഇവയെ ഓസ്‌ട്രേലിയയില്‍ വീണ്ടും കണ്ടെത്തിയതോടെ ആശങ്കയിലാണ് തേനീച്ച കര്‍ഷകര്‍.
ലക്ഷക്കണക്കിന് തേനീച്ചകളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുറേയേറെയെണ്ണത്തിനെ കൊന്നൊടുക്കേണ്ടിയും വരും. ചെള്ളുകള്‍ തേനീച്ചകള്‍ക്ക് മേല്‍ കയറിക്കൂടുകയും നീരൂറ്റിക്കുടിച്ച് നശിപ്പിക്കുകയുമാണ് ചെയ്യുക. വ്യാപക ആക്രമണമുണ്ടായാല്‍ നേനീച്ചകളുടെ കോളനി തന്നെ ഇല്ലാതാകും. Also Read : തേനീച്ചയ്ക്കുള്ള ഭീഷണികൾ, തേനീച്ച വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തേന്‍ വിപണിയിലും ഭക്ഷ്യോത്പാദന രംഗത്തും വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് വറോവയുടെ വ്യാപനം. വ്യാപനം തുടര്‍ന്നാല്‍ 70 മില്യണ്‍ ഡോളറിന്റെ വരെ നഷ്ടം തേനുല്‍പ്പാദന രംഗത്ത് മാത്രം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. തേനീച്ചകളെ പുറത്തിറക്കാതിരിക്കുമ്പോള്‍ പരാഗണം തടസ്സപ്പെടുന്നത് ഫലങ്ങളുടെ ഉത്പാദനത്തെയും ബാധിക്കും.
ആപ്പിളുകളുടെയും അവക്കാഡോയുടെയും എല്ലാം ഉത്പാദനം ഇത് മൂലം കുറയുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ തേനുല്‍പ്പാദനത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. മുമ്പ് ക്വീന്‍സ്‌ലാന്‍ഡിലും വിക്ടോറിയയിലും വറോവയെ കണ്ടെത്തിയപ്പോള്‍ അവയെ തുടച്ചുനീക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. അതുപോലെ ഇത്തവണയും കൂടുതല്‍ വ്യാപനമുണ്ടാകും മുന്പ് തടയാനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയയിലെ കര്‍ഷകര്‍. Also Read : തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ ശേഖരിക്കണോ? മാര്‍ഗമുണ്ട്